ഭൂമിക്കടിയിലെ ഉപ്പുഖനി ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന കത്തീഡ്രലാണ്. കൊളംബിയയിലെ ഈ സാള്‍ട്ട് കത്തീഡ്രലിന് ഇരുന്നൂറു വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. ഭൂമിക്കടിയില്‍ 600 അടി താഴ്ചയിലുണ്ടായിരുന്ന ഉപ്പു ഖനിയാണ് കത്തീഡ്രലായി മാറിയത്. ദശലക്ഷക്കണക്കിന് ടണ്‍ പാറ ഉപ്പ് വേര്‍തിരിച്ചെടുത്തതിനു ശേഷം ഖനിത്തൊഴിലാളികള്‍ ഉപേക്ഷിച്ച ഗുഹകളും തുരങ്കങ്ങളും ചേര്‍ത്താണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. ഉപേക്ഷിക്കപ്പെട്ട ഉപ്പുഖനിയില്‍ നിര്‍മിച്ചൊരുക്കിയ ഈ കത്തീഡ്രല്‍ വാസ്തുവിദ്യാ വിസ്മയമാണ്. ഖനിത്തൊഴിലാളികള്‍ എല്ലാദിവസവും ജോലി തുടങ്ങുന്നതിനു മുന്‍പ് വിഷവാതകങ്ങള്‍, സ്ഫോടനങ്ങള്‍ എന്നിവയില്‍നിന്ന് രക്ഷിക്കണമെന്നു ജപമാല മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ ഒരു ഗുഹയില്‍ ചെറിയൊരു ആരാധനാകേന്ദ്രം തുടങ്ങിയിരുന്നു. തൊഴിലാളികള്‍ ഉപേക്ഷിച്ചുപോയപ്പോള്‍ കത്തോലിക്കാ വിശ്വാസികള്‍ ഖനി ഏറ്റെടുത്ത് കത്തീഡ്രലാക്കി നിര്‍മിക്കുകയായിരുന്നു. 1990 കളില്‍ സര്‍ക്കാര്‍ കത്തീഡ്രല്‍ അടച്ചുപൂട്ടിച്ചു. റിട്ടയേഡ് മൈനിംഗ് എന്‍ജിനീയറായ ജോര്‍ജ് കാസ്റ്റല്‍ബ്ലാങ്കോയും 127 ഖനിത്തൊഴിലാളികളും ഏതാനും ശില്പികളും ചേര്‍ന്ന് ഭൂമിക്കടിയില്‍തന്നെ കത്തീഡ്രലിന്റെ മറ്റൊരു പതിപ്പ് നിര്‍മിച്ചു. അഞ്ചുവര്‍ഷമെടുത്താണ് ചുമരില്‍ ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങള്‍ ചിത്രീകരിച്ചത്. അടച്ചുപൂട്ടിയ പഴയ കത്തീഡ്രലില്‍നിന്നു കൂറ്റന്‍ ഉപ്പു ബലിപീഠത്തെ അതേപടി പുതിയ കത്തീഡ്രലിലേക്ക് മാറ്റി സ്ഥാപിച്ചു. 16 ടണ്‍ ആണ് ഈ ബലിപീഠത്തിന്റെ ഭാരം. പ്രതിവര്‍ഷം ആറു ലക്ഷം സന്ദര്‍ശകരെങ്കിലും ഇവിടെ എത്തുന്നുണ്ടത്രേ.
സാള്‍ട്ട് കത്തീഡ്രല്‍
