ഉമിനീരിലൂടെ വായയിലെ അര്‍ബുദ സാധ്യത കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്‍ഡോര്‍ ഐഐടിയിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്തുനിന്നുള്ള സ്വാബും ഉപയോഗിച്ചാണ് വായയിലെ അര്‍ബുദത്തിന്റെപ്രാരംഘട്ട ലക്ഷണങ്ങള്‍ കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
‘ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സര്‍’ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഐടിയിലെ പ്രൊഫസറായ ഹേം ചന്ദ്ര ജായുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. വായയില്‍ കാന്‍സറുണ്ടെന്ന് സംശയിക്കുന്ന ഭാഗത്തുനിന്ന് ബയോപ്‌സി പരിശോധനയിലൂടെ ചെറിയൊരു ടിഷ്യൂ എടുത്തു പരിശോധിക്കുന്ന രീതിയാണ് നിലവിലുള്ളത്. വേദനാജനകമായ ബയോപ്‌സി, കാന്‍സര്‍ നിര്‍ണയത്തില്‍ പ്രധാനമാണെങ്കിലും വേദനാജനകമല്ലാത്ത പുതിയരീതിയിലൂടെ കാന്‍സറിനെ പ്രാരംഭഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാനാവുമെന്നാണ് ഗവേഷകരുടെ വാദം. ഉമിനീരിലൂടെ വായയുടെ ഉള്ളില്‍ നടക്കുന്ന കെമിക്കല്‍ സിഗ്‌നലുകളും സ്വാബിലൂടെ ടിഷ്യുവില്‍ നിന്ന് നേരിട്ടുള്ള കോശങ്ങളെയും പ്രോട്ടീനുകളെയും ശേഖരിക്കാന്‍ സാധിക്കും. തുടര്‍ന്നാണ് ആരോഗ്യകരമായ ടിഷ്യൂ കാന്‍സറിനു മുന്നെയുള്ള അവസ്ഥയിലേക്കും കാന്‍സറിലേക്കും മാറുന്നതിനേക്കുറിച്ച് പരിശോധിച്ചത്. പല ലക്ഷണങ്ങളും പ്രകടമാകുന്നതിനുമുമ്പുതന്നെ വായയിലെ കാന്‍സറിന്റെ അടയാളങ്ങള്‍ ഉമിനീരിലും വായയുടെ ശ്ലേഷ്മ ഉപരിതലത്തിലും ലഭ്യമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലൂടെ രോഗം മുന്‍കൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
ഉമിനീരിലൂടെ വായയിലെ അര്‍ബുദ സാധ്യത കണ്ടെത്താം
