ബിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി റെനോ ഡസ്റ്റര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32 പോയിന്റില്‍ 30.49 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 45 പോയിന്റും നേടിയാണ് പുതു ഡസ്റ്റര്‍ സുരക്ഷ ഉറപ്പിച്ചത്. ഡസ്റ്ററിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഈ 5 സ്റ്റാര്‍ സുരക്ഷ ലഭിക്കും. മുന്നിലെ കൂട്ടിയിടി പരീക്ഷണത്തില്‍ സാധ്യമായ 16 പോയിന്റില്‍ 14.49 പോയിന്റാണ് പുതു തലമുറ ഡസ്റ്റര്‍ നേടിയത്. വശങ്ങളിലെ ഇടി പരീക്ഷയില്‍ സാധ്യമായ 16 പോയിന്റും ഡസ്റ്റര്‍ നേടി. സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ ഒകെ റേറ്റിങാണ് ഡസ്റ്റര്‍ നേടിയത്. കുട്ടികളുടെ സുരക്ഷ 18 മാസവും മൂന്നു വയസുമുള്ള കുട്ടികളുടെ ഡമ്മി ഉപയോഗിച്ചാണ് പരീക്ഷിച്ചത്. ഈ രണ്ട് വിഭാഗത്തിലും സാധ്യമായ 24 പോയിന്റും ഡസ്റ്റര്‍ നേടിയെന്നതും ശ്രദ്ധേയമാണ്. 10.49 ലക്ഷം മുതല്‍ 18.49 ലക്ഷം രൂപ വരെയാണ് റെനോ ഡസ്റ്ററിന്റെ വില. ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ക്ക് 20,000 രൂപ അധികം നല്‍കേണ്ടി വരും.
