പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി . പൊലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. കീഴടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നത്. ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് വിവരം. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചിരുന്നു.നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി തള്ളിയിരുന്നു. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.
പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി
