ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിയുടെ 73-ാം മിനിറ്റില്‍ മാത്രമിറങ്ങിയ മത്സരത്തില്‍ റൊണാള്‍ഡോക്ക് പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസിന്റെ ലോകകപ്പിലെ ആദ്യ ഹാട്രികിന്റെ മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്ലണ്ടിനെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. കളിയുടെ 17-ാം മിനിറ്റില്‍ റാമോസ് തന്റെ ആദ്യ ഗോള്‍ നേടി. 33 -ാം മിനിറ്റില്‍ വെറ്ററന്‍ താരം പെപ്പെയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 51-ാം മിനിറ്റില്‍ റാമോസ് തന്റെ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ 55-ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്റോയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നാലാക്കി ഉയര്‍ത്തി. പോര്‍ച്ചുഗലിന്റെ കുതിപ്പില്‍ നേരത്തെ തന്നെ തോല്‍വി സമ്മതിച്ച സ്വിറ്റസര്‍ലണ്ട് 58-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. മൂന്ന് ഗോളിന്റെ ലീഡ് നേടിയിട്ടും ആക്രമണ വീര്യം കുറക്കാതിരുന്ന റാമോസ് 67-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി തന്റെ ഹാട്രികിലൂടെ ചരിത്രനേട്ടം കുറിച്ചു. ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന റാഫേല്‍ ലിയോയും ഗോളടിച്ചതോടെ പോര്‍ച്ചുഗലിന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ന്നു, ഒപ്പം രാജകീയ ക്വാര്‍ട്ടര്‍ പ്രവേശനവും.
പോർച്ചുഗൽ ‘ ഗോൾ ‘ സാലോ റാമോസ് !
