ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന സവിശേഷത നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ പിയര്‍-ടു-പിയര്‍ ധന അഭ്യര്‍ത്ഥനകളും നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്റ്റ് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്കിയാല് മാത്രമാണ് പേയ്മെന്റ് പൂര്‍ത്തിയാകുക. ഇന്ത്യയില്‍ ഏകദേശം 40 കോടി യുപിഐ ഉപയോക്താക്കളുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് യുപിഐ. 25 ലക്ഷം കോടി രൂപയുടെ ഏകദേശം 2,000 കോടി പ്രതിമാസ ഇടപാടുകളാണ് യുപിഐ വഴി കൈകാര്യം ചെയ്യുന്നത്.
പിയര്‍-ടു-പിയര്‍ ധന അഭ്യര്‍ത്ഥനകള്‍ നിര്‍ത്തലാക്കുന്നു
