നീത അംബാനിയുടെ യാത്രകള്‍ക്ക് പ്രൗഢി പകരാനായി ഗാരിജിലേക്കു പുതിയൊരു വാഹനം കൂടിയെത്തിയിരിക്കുന്നു. റോള്‍സ് റോയ്സ് ഫാന്റം 8 ഇഡബ്ള്യുബി ആണ് മുകേഷ് അംബാനിയുടെ ഭാര്യ സ്വന്തമാക്കിയിരിക്കുന്നത്. റോസ് ക്വാര്‍ട്സ് ഷേഡിലുള്ളതാണ് വാഹനം. ഇന്ത്യന്‍ വിപണിയില്‍ വല്പന നടത്തിയിരിക്കുന്ന റോള്‍സ് റോയ്സുകളില് ഈ നിറത്തിലുള്ള വാഹനം നീത അംബാനിയുടേത് മാത്രമേയുള്ളുവെന്നാണ് കരുതപ്പെടുന്നത്. നീത അംബാനിക്കായി ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് കാറില്‍. വിലയില്‍ മുന്തിയതും അത്യാഡംബര സൗകര്യങ്ങളുമുള്ള 168 ഓളം വാഹനങ്ങള്‍ ജിയോ ഗാരിജിലുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ കൂട്ടത്തിലേക്കു എത്തിയതാണ് 12 കോടിയോളം വില വരുന്ന ഫാന്റം 8 ഇഡബ്ള്യു ബി. ഉടമയുടെ താല്പര്യമനുസരിച്ച് കാറിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും കസ്റ്റമൈസ് ചെയ്യാവുന്നതാണ്. കസ്റ്റമൈസേഷന് അനുസരിച്ചു വാഹനത്തിന്റെ വിലയും വര്‍ധിക്കും. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങളടക്കം പങ്കുവെയ്ക്കപ്പെട്ട കുറിപ്പില്‍ റോസ് ക്വാര്‍ട്സ് എക്സ്റ്റീരിയറും ഓര്‍ക്കിഡ് വെല്‍വെറ്റ് ഇന്റീരിയറുമാണ് വാഹനത്തിനായി നീത അംബാനി തെരഞ്ഞെടുത്തിരിക്കുന്നതെന്നു സൂചിപ്പിച്ചിട്ടുണ്ട്. 6.75 ലീറ്റര്‍ വി 12 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കാറിന്റെ കരുത്ത്. എന്ജിന് ഉല്പാദിപ്പിക്കുന്ന പരമാവധി ബിഎച്ച്പി 571 ആണ്. ടോര്‍ക്ക് 900 എന്‍ എം. റോള്‍സ് റോയ്സിന്റെ ഈ വാഹനം മാത്രമല്ല നീത അംബാനിയുടേതായി ഉള്ളത്, കഴിഞ്ഞ ദീപാവലിയ്ക്കു ഭര്‍ത്താവ് മുകേഷ് അംബാനി ഭാര്യയ്ക്ക് സമ്മാനിച്ചതു റോള്‍സ് റോയ്സ് കള്ളിനാന് ബ്ലാക് ബാഡ്ജ് ആയിരുന്നു.
ഫാന്റം 8 ഇഡബ്ള്യുബി സ്വന്തമാക്കി നീത അംബാനി
