കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും കൺസ്യൂമർ കേരളത്തെ മാനുഫാക്ചറിങ് കേരളമായി മാറ്റുമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. കേസിൽ റിമാൻഡിലുള്ള പി. എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി.
ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മയക്കുമരുന്ന്, അനധികൃത മദ്യവ്യാപാരം എന്നിവ തടയാൻ എക്സൈസ് വകുപ്പ് ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവ് ശക്തമാക്കുന്നു. സേനയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ നാർക്കോട്ടിക് ഡിറ്റക്ഷൻ കിറ്റുകൾ, വാഹനങ്ങൾ എന്നിവ നൽകാനും ‘വിമുക്തി’ പദ്ധതി വ്യാപിപ്പിക്കാനും തീരുമാനമായി.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാൻ നീക്കം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, തുടർനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.
രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യ കണക്ക് ഒരു അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എംപി. എത്ര വിദ്യാർഥികളുടെ ചോരവീണു ഈ നിയമനിർമ്മാണത്തിലേക്ക് എത്താനെന്നും അദ്ദേഹം ചോദിച്ചു. കുറ്റബോധം കൊണ്ടാണ് മോദിയും അമിത് ഷായും ചർച്ചക്കെത്താത്തതെന്നും കേന്ദ്രം വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ഈ നടപടിയെ ജനാധിപത്യ ധ്വംസനമെന്ന് വിശേഷിപ്പിച്ച പിണറായി വിജയൻ, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. ഭരണകൂട വേട്ടയാടലുകൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ തയാറാക്കിയ ഹിറ്റ്‌ലിസ്റ്റിൽ തന്‍റെ പേരുമുണ്ടെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. ഇതിനെ ഒരു അംഗീകാരവും ബഹുമതിയുമായി കാണുന്നുവെന്നും ഇത്തരം ഭീഷണികൾ കൊണ്ട് സമരരംഗത്ത് നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷന് സ്റ്റേ ഇല്ല. ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിൻ്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
രാജ്യത്തെ വൻ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും രാജ്യം എങ്ങനെയും മാറ്റിയെടുക്കാമെന്നതിന്റെ തെളിവാണ് വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ വിജയമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. . സിയാദിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം, ടിജി മോഹൻദാസിനെതിരെ കേസെടുക്കാത്തതിനെയും വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി എന്നിവയെയും ചോദ്യം ചെയ്തു.
ഓണത്തിന് ബെംഗളൂരുവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ആഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്കും 26, 30 തീയതികളിൽ കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും സർവീസ് നടത്തും.
അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20. അഖിൽ മാരാരുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. തൃക്കാക്കരയിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നുവെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ടു വരുന്നവർക്ക് പറ്റിയ പ്രസ്ഥാനം അല്ല ട്വന്റി 20 എന്നും വിശദീകരണത്തിൽ പറയുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല. നിധിൻ രാജിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് തള്ളിയത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു. ജൂണിലേക്കുള്ള 265.55 കോടിയാണ് അനുവദിച്ചത്. ഇത് മൂന്നാം ഗഡുവാണ് അനുവദിച്ചത്. 21 നാണ് രണ്ടാം ഗഡു അനുവദിച്ച് ഉത്തരവിറക്കിയത്.
ആലുവയിൽ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. ശനിയാഴ്ച രാത്രിയോടെ കാണാതായ പെൺകുട്ടിയെ പൂനെയിൽ നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം പോയ കുട്ടിയെ റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് ട്രെയിനിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് പൊലീസിന്‍റെ ക്രൂരമായ മർദ്ദനം കാരണമെന്ന പരാതി കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്, ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
വാഗമണ്ണിന് അടുത്ത് തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് അസം സ്വദേശിയായ 22കാരിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന ‘ഡൽഹി ലക്ഷ്മി യോജന’ പദ്ധതിക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഖജുരാഹോ വിമാനത്താവളം ഇന്ത്യയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജൂലൈ 1 മുതൽ ഇവിടെ നിന്നുള്ള എല്ലാ കൊമേഴ്ഷ്യല്‍ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 11 കോടി രൂപയുടെ അപകീർത്തി കേസ് ഫയൽ ചെയ്തു. ഈ നയരൂപീകരണത്തിൽ തനിക്ക് പങ്കില്ലെന്നും വ്യാജ ഉള്ളടക്കങ്ങൾ പ്രതിച്ഛായക്ക് ഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഗൂഗിൾ, മെറ്റാ എന്നിവർക്കെതിരെ കേസ് നൽകിയിരിക്കുന്നത്. ബോംബെ ഹൈക്കോടതി കേസ് ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കും.
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. പുതിയ വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി ബിൽകിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള അനുകൂലിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതാണ് ബഹളത്തിന് കാരണം. ഇതിന്റെ രേഖ സഭയിൽ വച്ച ശേഷമേ തുടർ പ്രസംഗം അനുവദിക്കൂവെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പത്രത്തിൽ വന്ന റിപ്പോർട്ടെന്ന് പ്രിയങ്ക മറുപടി നൽകി.
കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കമുള്ള പൊലീസ് നടപടികൾ നേരിടുന്ന സമരക്കാർക്ക് നിയമസഹായം എത്തിക്കുന്നതിനായാണ് സംഭാവന.
ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി. കങ്കണയെ ബിജെപിക്കാർ പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നുമായിരുന്നു മറുപടി. എംപിയുടെ ജോലികൾ പോലും ചെയ്യാൻ കഴിയാത്തവരാണ് സിജെപിയെ വിമർശിക്കുന്നത്. കങ്കണയ്ക്ക് കുറച്ചൊക്കെ രാഷ്ട്രീയ മര്യാദയാകാമെന്നും സിജെപി വക്താവ് സൗരവ് ദാസ് വിമർശിച്ചു.
ഡൽഹി ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി കോളേജ് അധ്യാപകന്റെ പരാതി. ഉത്തർപ്രദേശിലെ ബരേയ്ലി ഗാന്ന ഉത്പഡക് പിജി കോളേജിലെ കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറായ ഡോ. മോഹിത് ഭരദ്വാജ്(32) ആണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ജന്തർ മന്തറിലെ സമരക്കാർക്ക് നേരെയുള്ള നടപടിയിൽ ദില്ലി പൊലീസിനെതിരെ ഇടത് വിദ്യാർഥി സംഘടനയായ ഐസ. ടി.ജി. മോഹൻദാസിൻ്റെ പരാമർശം കേട്ടാണോ പൊലീസ് സ്ത്രീകൾക്ക് എതിരെ അതിക്രമം നടത്തിയതെന്ന് തോന്നുന്നുവെന്ന് ഐസ അധ്യക്ഷ നേഹ ബോറ പറഞ്ഞു.എല്ലാവരെയും വിട്ടയക്കും വരെ സമരം അവസാനിക്കിെന്നും നേഹ ബോറ മുന്നറിയിപ്പ് നൽകി.
കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകുന്നതിനായി ഫണ്ട് പ്രഖ്യാപിച്ച പ്രസ്ഥാനം, നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി.
ഡാർക്ക് വെബിൽ കൂടുതൽ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് അവകാശവാദം. ഡിആര്‍ഡിഒ അടക്കം പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 1.5 ടിബി രേഖകൾ ലഭ്യമെന്നാണ് പരസ്യം. പുറത്തുവന്ന ഡേറ്റ ചോർച്ച റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് ഡിആർഡിഒ വ്യക്തമാക്കി.
കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ റാലിയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിൽ ധർണ്ണ നടത്താൻ ഒരുങ്ങുന്നു. സേവനത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ സമരത്തിനിടെ, പ്രക്ഷോഭങ്ങളിൽ പോലീസിന് പുതിയ പ്രോട്ടോക്കോൾ വേണമെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചു.
പാക് അധീന കശ്മീരിൽ വൻ സംഘർഷം. പ്രതിഷേധക്കാർക്ക് നേരേ പാകിസ്ഥാൻ പൊലീസും സുരക്ഷാസേനയും നടത്തിയ വെടിവെപ്പിൽ 24 മണിക്കൂറിനിടെ 20 പേർ കൊല്ലപ്പെട്ടതായും 50-ലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. പാക് അധീന കശ്മീരിലെ റവാൽക്കോട്ട് മേഖലയിലാണ് പാകിസ്ഥാൻ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്.
ഹോർമൂസ് കടലിടുക്കിലെ തർക്കം പരിഹരിക്കാൻ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി സംയുക്ത നിയന്ത്രണ പദ്ധതി ഒമാൻ ഇറാന് മുന്നിൽ വെച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സമാന്തര പാതയെന്ന മറ്റൊരു നിർദേശം ഇറാൻ തള്ളിയിട്ടുണ്ട്
കനത്ത ആക്രമണത്തിലൂടെയാണ് ഇറാനെ ഇപ്പോഴത്തെ ചർച്ചകളിലേക്കെത്തിച്ചതെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ്. 13 രാത്രികൾ നീണ്ട ആക്രമണം ഇല്ലായിരുന്നുവെങ്കിൽ ഇറാൻ ഇപ്പോൾ ചർച്ചകൾക്ക് സമ്മതിക്കില്ലായിരുന്നു എന്നാണ് ട്രംപ് പറഞ്ഞുവച്ചത്.
ജപ്പാനിൽ അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും എണ്ണകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽനിന്ന് എത്തിയ ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. ഇറാൻ പിന്തുണയുള്ള ഭീകര മിലിഷ്യകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ തടയാൻ ഇറാഖ് സർക്കാർ നടപടിയെടുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
