yt cover 41

 

മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രാ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്‍. അടിയന്തര സാഹചര്യത്തിലായിരുന്നു യാത്രയെന്നും സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപപോലും സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുമ്പുംകേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയില്‍ വിമാന യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് കരുതി ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇനിയും ഇത്തരത്തില്‍ വിമാനയാത്ര നടത്തുമെന്നും വിദേശ യാത്രകള്‍ നടത്തുമ്പോള്‍ സാമ്പത്തിക ബാധ്യത ഉണ്ടോ എന്ന് മാത്രമാണ് താന്‍ നോക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെഎം ഷാജിയുടെ ആഢംബര കാര്‍ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. പുതിയ വണ്ടി വാങ്ങേണ്ട എന്നാണ് തീരുമാനമെന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. വിദേശയാത്രക്ക് ഞാനാണ് പോയി വാ എന്ന് പറഞ്ഞത്. യാത്രയില്‍ സര്‍ക്കാരിന് ചെലവില്ല. ഇടത് കാലത്തെ യാത്രാ കണക്ക് വായിക്കാന്‍ തുടങ്ങിയാല്‍ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദ റേഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 2 മന്ത്രിമാര്‍ക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്.

കെ.എം ഷാജിയുടെ ആഡംബര കാര്‍ വിവാദത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപമെന്ന് സലാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമാന യാത്രയിലടക്കം സര്‍ക്കാരിനെ കടന്നാക്രമിച്ച് പി ജയരാജന്‍. കേരളത്തില്‍ നടക്കുന്നത് സ്‌പോണ്‍സര്‍ ഭരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ ജയരാജന്‍ തുറന്നടിച്ചു. മുഖ്യമന്ത്രി പോയ ചാര്‍ട്ടേഡ് വിമാനത്തിന് പണം നല്‍കിയതാര് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

മാസപ്പടി കേസില്‍ സര്‍ക്കാര്‍ യാതൊരുവിധ എടുത്തുചാട്ടവും നടത്തിയിട്ടില്ലെന്നും പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആരെയും വേട്ടയാടാനോ ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പകപോക്കാനോ ഉള്ളതല്ല ഈ സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസപ്പടി കേസില്‍ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. അന്വേഷണം ബിജെപി-യുഡിഎഫ് ഡീല്‍ ആണെന്ന് തോമസ് ഐസക് പറഞ്ഞു. സര്‍വകലാശാലകള്‍ ഗവര്‍ണര്‍മാര്‍ക്ക് വിട്ടു കൊടുക്കുന്നു. പിഎംശ്രീയും അതുപോലെയാണെന്നും തോമസ് ഐസക് പറഞ്ഞു.

പിണറായിക്കും റിയാസിനും വീണക്കുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍. അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തെളിവിന്റെ കണിക പോലും ഇല്ല. പിന്നെന്തിന് ഒളിച്ചോടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു.

മാസപ്പടി കേസില്‍ അന്വേഷണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ കരുതലോടെ പ്രതികരിച്ച് ഇടതുമുന്നണി. ഇ ഡി ഇടപെടലിനെ തള്ളിപ്പറയുമെങ്കിലും സംസ്ഥാന പൊലീസിന്റെ പ്രാഥമിക അന്വേഷണത്തെ ഇപ്പോള്‍ തുറന്ന് എതിര്‍ക്കേണ്ടതില്ലെന്ന പൊതു നിലപാടിലാണ് ഇടതുമുന്നണി ഘടകക്ഷികള്‍.

സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതികളില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കൗണ്‍സില്‍ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയാണ്. ഓപ്പറേഷന്‍ കളിക്കളം എന്ന പേരിലാണ് പരിശോധന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിനൊന്നാമത് ആയുര്‍വേദ ദിനാചരണ പരിപാടിയില്‍ ഉപയോഗിക്കാത്തതില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷിന് അതൃപ്തി.

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാന്‍ റോബോട്ടിക് കാര്‍ പാര്‍ക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

ലോക കേരളസഭ പിരിച്ചുവിട്ട് പ്രവാസികള്‍ക്കായി പുതിയ ബദല്‍ പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ലോക കേരളസഭ. ലോകകേരള സഭ നടത്തിപ്പിലും അംഗങ്ങളെ തെരഞ്ഞെടുപ്പിലും അടക്കം നിരവധി ആക്ഷേപം ഉയര്‍ന്നിരുന്നു.

കെഎസ്ആര്‍ടിസി ടൂറിസം ഡിവിഷന്‍ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസിയുടെ ആഭിമുഖ്യത്തില്‍ ഭാരത് ദര്‍ശന്‍ യാത്രകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

വിവാദ വഖഫ് പ്രസംഗത്തിന്റെ പേരില്‍ ഉമര്‍ ഫൈസി മുക്കത്തെ സമസ്ത മുശാവറയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം. നാസര്‍ ഫൈസി കൂടത്തായി, എംസി മായീന്‍ ഹാജി എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.

സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ആദ്യ ദിവസം മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്‌സൈസ് മന്ത്രി എം ലിജുവാണ് ചര്‍ച്ച നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള നയത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊഴിയൂര്‍ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കടല്‍ഭിത്തി നിര്‍മാണത്തിന് മുഖ്യമന്ത്രി വി ഡി സതീശന്‍ തുടക്കം കുറിച്ചു. 93 കോടി രൂപ ചെലവില്‍ 1700 മീറ്റര്‍ നീളത്തിലാണ് തീരസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. തീരദേശ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തില്‍ ഒന്നാം പ്രതിയായ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ മുന്‍കുര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയില്‍ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം കോടതി ഹര്‍ജിയില്‍ തീരുമാനം എടുക്കും.

ശബരിമലയിയിലെ അരവണ പ്രതിസന്ധി മറികടക്കാന്‍ അരവണ നിര്‍മാണ പ്ലാന്റ് ഭാഗികമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ ഊര്‍ജിതശ്രമം തുടങ്ങി ദേവസ്വം ബോര്‍ഡ്. അരവണ തയ്യാറാക്കുന്ന 12 വാര്‍പ്പുകളുടെയെങ്കിലും നിര്‍മാണം വേഗത്തിലാക്കാന്‍ നീക്കം തുടങ്ങി. ഒക്ടോബര്‍ 7 നു മുന്‍പ് നിര്‍മാണം ഭാഗികമായി തീര്‍ക്കാനാണ് ശ്രമം.

കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി വിദ്യ വി ജി (45) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കിടെയാണ് വിദ്യയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 25-ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടകയിലെ ധാര്‍വാഡില്‍ രാത്രിയുടെ മറവില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി. ധാര്‍വാഡ് സിവില്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജയദേവതൈ ഗേള്‍സ് എയ്ഡഡ് വിദ്യാലയമാണ് ഇരുട്ടി വെളുത്തപ്പോള്‍ ഇല്ലാതായത്. സ്‌കൂള്‍ തകര്‍ത്ത സംഭവത്തില്‍ ബില്‍ഡര്‍ക്കെതിരെ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

എസ്‌ഐആര്‍ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രൂക്ഷ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 മാസത്തില്‍ 14 തവണ കമ്മീഷനിലെ നടപടികള്‍ക്കെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഏകാധിപതിയെ പോലെ പെരുമാറുന്ന ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാന്‍ നടപടി തുടങ്ങണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ദില്ലി ഹൈക്കോടതിയില്‍. നിയമനടപടികളുടെ ദുരുപയോഗമാണ് ഇ.ഡിയുടെ അപ്പീല്‍ എന്നാണ് ഗാന്ധി കുടുംബത്തിന്റെ വാദം. ഇ ഡിയുടെ ഹര്‍ജി തള്ളണമെന്നാണ് ആവശ്യം.

28 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് മെഡല്‍ നേട്ടം. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനുവാണ് ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടി ചരിത്രം കുറിച്ചത്. 1998ല്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയ ശേഷം ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ജയ് മീനയ്ക്ക് ചരിത്ര നേട്ടം. ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തിനൊടുവില്‍ പുരുഷ വിഭാഗം സോഫ്റ്റ് ടെന്നീസില്‍ താരം വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികള്‍ക്കെതിരെ ആരംഭിച്ച നിയമനടപടികള്‍ സെബി അവസാനിപ്പിച്ചു. കമ്പനികളില്‍നിന്ന് സംയുക്തമായി 1.5 കോടി രൂപ ഒത്തുതീര്‍പ്പ് തുകയായി ഈടാക്കിയാണ് നടപടികള്‍ തീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പിലായ പ്രധാന കമ്പനികളും അടച്ച തുകയും ഇപ്രകാരമാണ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്: 76.05 ലക്ഷം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്: 45.50 ലക്ഷം, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്: 9.75 ലക്ഷം, എഡബ്ല്യുഎല്‍ അഗ്രി ബിസിനസ്സ് (പഴയ അദാനി വില്‍മാര്‍): 9.75 ലക്ഷം, അദാനി എനര്‍ജി സൊല്യൂഷന്‍സ് (പഴയ പഴയ അദാനി വില്‍മര്‍): 9.75 ലക്ഷം. 2024 ഫെബ്രുവരിയില്‍ അഞ്ച് കമ്പനികള്‍ക്കും സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ ആദ്യവാരം കമ്പനികള്‍ പണം അടച്ചതായി സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍ അവസാനിപ്പിച്ച് സെബി ഉത്തരവിറക്കിയത്.

ജിപിടി-6 സീരീസ് വികസിപ്പിച്ച് പുതിയ രണ്ട് നിര്‍മിത ബുദ്ധി മോഡലുകള്‍ (ജിപിടി-6 സോള്‍, ജിപിടി-6 ലൂണ) കൂടി പുറത്തിറക്കിയിരിക്കുകയാണ് ഓപ്പണ്‍ എഐ. തങ്ങളുടെ മുന്‍ മോഡലുകളുടെ പ്രൊമോഷണല്‍ നിരക്കിന്റെ പകുതി തുകയിലാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ അസ്ട്രയുടെ ചില പ്രധാന ശേഷികള്‍ ഈ കുറഞ്ഞ ചെലവിലുള്ള മോഡലുകളിലും ഓപ്പണ്‍എഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിപിടി-6 സോളില്‍ ഒരു ദശലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 2 ഡോളറും ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 10 ഡോളറുമാണ് നിരക്ക്. ജിപിടി-6 ലൂണയില്‍ ഒരു ദശലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 0.10 ഡോളറും ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 0.50 ഡോളറുമാണ് ഇതിന്റെ നിരക്ക്. കാഷിങ്, ഇന്‍ഫറന്‍സ് എന്നിവയിലുണ്ടായ സാങ്കേതിക മുന്നേറ്റങ്ങളാണ് കുറഞ്ഞ ചെലവില്‍ ഇവ നല്‍കാന്‍ സഹായിച്ചതെന്നും, ഈ ലാഭം ഉപയോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുകയാണെന്നും ഓപ്പണ്‍എഐ വ്യക്തമാക്കി.

മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനലി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ബിഗ് ബാങ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം ചിത്രത്തിലെ നായകന്‍ ശ്രീനാഥ് ഭാസി തന്നെയാണ് പാടിയിരിക്കുന്നത്. മ്യൂസിക് ഡയറക്ടര്‍ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീതശൈലിയും ശ്രീനാഥ് ഭാസിയുടെ ശബ്ദവും ഒരുമിക്കുന്ന ഗാനം ചിത്രത്തിലെ നായക കഥാപാത്രമായ റിജിന്റെ രസകരമായ ലോകമാണ് അവതരിപ്പിക്കുന്നത്. ‘എ ഡേ ഇന്‍ റിജിന്‍സ് ലൈഫ്’ എന്ന ടൈറ്റിലോടുകൂടിയാണ് വീഡിയോ ഗാനം ആരംഭിക്കുന്നത്. റിജിന്റെ ഒരു ദിവസത്തെ ജീവിതത്തിലൂടെയാണ് ഗാനം കടന്നുപോകുന്നത്. മുത്തുവും ജോ ആന്റണിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസായി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായക വേഷത്തിലെത്തുന്നത്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ ഫെയ്സ് ലിഫ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഥാര്‍ ഒജി എന്ന പേരില്‍ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്റെ പ്രാരംഭ വില 10.32 ലക്ഷം രൂപയാണ്. 150ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് മഹീന്ദ്രയുടെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 117 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 174 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. എഎക്‌സ്ടി, എല്‍എക്‌സ്ടി, ഇസഡ്എക്‌സ്ടി എന്നി മൂന്ന് വേരിയന്റ് ഓപ്ഷനുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എഎക്‌സ്ടി വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുക. മറ്റു രണ്ടു ട്രിമ്മുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളും ലഭിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഎക്‌സ്ടി വേരിയന്റിനാണ് 10.32 ലക്ഷം രൂപ വില. 2.0 ലിറ്റര്‍ പെട്രോള്‍ ഇസഡ്എക്‌സ്ടി 4ഡബ്ല്യൂഡി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഏറ്റവുമധികം വില. 17.75 രൂപയാണ് എക്‌സ്‌ഷോറൂം വില.

മരണത്തെക്കുറിച്ച് എഴുതുമ്പോഴും ജീവിതത്തെ അതിന്റെ പൂര്‍ണ്ണമായ തീവ്രതയില്‍ സ്‌നേഹിച്ച എഴുത്തുകാരനായിരുന്നു അനു. പതിനെട്ടാം വയസ്സില്‍ എഴുതിയ ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍ മുതല്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ എഴുതിയ കല്ലീവല്ലി വരെ, മരണവും ജീവിതവും അനുവിന്റെ എഴുത്തില്‍ പല രൂപങ്ങളില്‍ കടന്നുവരുന്നു. ഓര്‍മ്മകളും കവിതകളും കഥകളും ലേഖനങ്ങളും ഫേസ്ബുക്ക് കുറിപ്പുകളുമൊക്കെയായി ചിതറിക്കിടന്ന അനുവിന്റെ എഴുത്തുകളെ ഒരുമിച്ച് വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ പുസ്തകം. രണ്ടു വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അക്ഷരങ്ങളിലൂടെ അനു ഇന്നും നമ്മോടൊപ്പമുണ്ട്. ‘മരണങ്ങളുടെ പുസ്തകം’. അനു സിനുബാല്‍. മാതൃഭൂമി. വില 314 രൂപ.

വിദഗ്ധ നിര്‍ദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും നിരന്തരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. വിദ്ഗധ നിര്‍ദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും പതിവായി ഉപയോഗിക്കുന്നത് വൃക്കസംബന്ധമായ സങ്കീര്‍ണ്ണതകളിലേക്കും ആന്റിമൈക്രോബയല്‍ പ്രതിരോധത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്റ്റ് & റൂള്‍സ് പ്രകാരം വേദനസംഹാരികളായി ഉപയോഗിക്കുന്ന നോണ്‍-സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകളും ആന്റിബയോട്ടിക്കുകളും കുറിപ്പടിയോടെ മാത്രമേ വില്‍ക്കാനും വിതരണം ചെയ്യാനും പാടുള്ളൂവെന്നും സി.ഡി.എസ്.സി.ഒ വ്യക്തമാക്കി. ഇവയുടെ അശാസ്ത്രീയമായ ഉപയോഗം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും രോഗികള്‍ക്കും നിര്‍ദേശം നല്‍കി. ഡോക്ടറുടെ നിര്‍ദേശമില്ലാതെ എന്‍.എസ്.ഐ.ഡി മരുന്നുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കരുത്. വൃക്കസംബന്ധമായ അസുഖങ്ങളുള്ളവര്‍ ആണെങ്കില്‍ മരുന്നുകഴിക്കുംമുമ്പ് അക്കാര്യം ഡോക്ടറെ അറിയിക്കുകയുംവേണം. രോഗിയുടെ ആരോഗ്യാവസ്ഥ, മറ്റ് രോഗങ്ങള്‍, മറ്റ് മരുന്നുകള്‍, മറ്റ് അപകടസാധ്യതാഘടകങ്ങള്‍ എന്നിവ കണക്കിലെടുത്ത് ആവശ്യമുള്ളപ്പോള്‍ മാത്രമേ ഡോക്ടര്‍മാര്‍ എന്‍.എസ്.ഐ.ഡി മരുന്നുകളും ആന്റിബയോട്ടിക്കുകളും നിര്‍ദേശിക്കാവൂ എന്നും ഡ്രഗ് റെഗുലേറ്റര്‍ വ്യക്തമാക്കുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.76, പൗണ്ട് – 127.31, യൂറോ – 109.27, സ്വിസ് ഫ്രാങ്ക് – 116.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.80, ബഹറിന്‍ ദിനാര്‍ – 253.77, കുവൈത്ത് ദിനാര്‍ -309.89, ഒമാനി റിയാല്‍ – 249.05, സൗദി റിയാല്‍ – 25.50, യു.എ.ഇ ദിര്‍ഹം – 26.04, ഖത്തര്‍ റിയാല്‍ – 26.29, കനേഡിയന്‍ ഡോളര്‍ – 67.96.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *