ജൂലൈ 20-ന് ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷൻ അധ്യക്ഷന് പരാതി സമർപ്പിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുകയാണെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് എതിരായി കേസുകൾ എടുക്കില്ലെന്നാണ് കേന്ദ്രം ഉറപ്പ് നൽകിയതെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സിജെപിയുടെ പരാതി കേന്ദ്ര സർക്കാർ പരിശോധിക്കുമെന്നും നദ്ദ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. വ്യാജ എപികെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി.
സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ‘കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ’ എന്ന സംഘടന ഇല്ലാതായി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമാധാനപരമായി സമരം ചെയ്തവർക്കെതിരെ കേസെടുത്ത കേരള പൊലീസ്, കൊലവിളി നടത്തിയ ടി ജി മോഹൻദാസിനെതിരെ കേസെടുക്കാത്തതിനെ അദ്ദേഹം വിമർശിച്ചു.
നീറ്റ് വിഷയത്തിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കുന്നതിനും ജാമ്യമില്ല വകുപ്പിൽ ജയിലിൽ അടയ്ക്കാനും കേരള പൊലീസും ഗവൺമെൻ്റും കാണിച്ച ശുഷ്കാന്തി ഈ വർഗീയ വിഷത്തെ പിടിച്ച് ജയിലിൽ അടക്കാൻ കാണിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് പറഞ്ഞു.
ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദപരാമർശത്തിൽ നടപടി. സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്.
വരുമാനം വർധിച്ചിട്ടും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിന്റെ ഭാഗമായി ചെലവ് ചുരുക്കാനും സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കാനും ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് കർശന നിർദേശം നൽകി. പുതിയ ബജറ്റിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ സർക്കുലർ.
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും.
വയനാട്ടിൽ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ. സ്വയം തൊഴിൽ തുടങ്ങാൻ മൈക്രോ പ്ലാനിലൂടെ സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ നൽകിയില്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധം ഗൗരവത്തിൽ എടുക്കുന്നുവെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചതായും മന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം. യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് ഫ്ലെക്സാണ് വിവാദമായിട്ടുള്ളത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
തലസ്ഥാനത്തും ലോൺ ആപ്പ് തട്ടിപ്പ് കമ്പനി. സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പൊലീസ് പിടിയിലായി. 50 കംപ്യൂട്ടറുകളും പിടിച്ചെടുത്തു. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്. വിമാനത്താവളത്തിൽ നിന്നാണ് ഒരാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്.
കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോക്ടർ ശിവപ്രസാദിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോ വാസ്കുലാർ സർജനുമായ ഡോക്ടർ ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസ് എടുത്തത്.
മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് (31) കാണാതായത്. ഈ മാസം ആറിനാണ് ദിൽഷാദ് ചേലേമ്പ്രയിൽ നിന്ന് യാത്ര പോയത്. കഴിഞ്ഞ 22ന് മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറഞ്ഞു.
കേരളത്തിൽ ഇന്ന് മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ട പരീക്ഷ ഭേദഗഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച നടക്കും. സ്പീക്കർ ഓം ബിർളയുടെ അനുനയ നീക്കത്തെ തുടർന്നാണ് പ്രതിപക്ഷം ചർച്ചയ്ക്ക് സഹകരിക്കാൻ തീരുമാനിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേട് സമരത്തിൽ പങ്കെടുത്തവരെ പൊലീസ് വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്നും, സമരക്കാർക്ക് നിയമസഹായം നൽകാനായി ‘സാക്ഷി’ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചതായും പാർട്ടി അറിയിച്ചു.വ്യവസ്ഥകൾ ലംഘിച്ചാൽ ഞങ്ങൾ വീണ്ടും പ്രതിഷേധ സമരം നടത്തുമെന്നും സിജെപി പ്രതിനിധികൾ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ് സർക്കാരിന് തിരിച്ചടി. നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ) 31 ജിബി ഡാറ്റ ചോർന്നതായി സംശയം. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബർ ഫോറൻസിക് സ്ഥാപനത്തിൻ്റെ കണ്ടെത്തൽ പ്രകാരം, മിസൈൽ രേഖകൾ അടക്കമുള്ള പ്രതിരോധ രഹസ്യങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ സംഭവം രാജ്യസുരക്ഷയിൽ വലിയ ആശങ്കകൾ ഉയർത്തുന്നു.
ഏറെ പ്രതിഷേധങ്ങൾക്കും സിജെപിയുടെ രാജ്യവ്യാപക സമരത്തിനുമൊടുവിൽ നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ പരിഗണിക്കാനായി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റിവെച്ചു. സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കേണ്ടി വന്നത്.
സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും ഡീപ്ഫേക് ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി മാനനഷ്ടക്കേസ് നൽകും. ഗൂഗിൾ, എക്സ്, മെറ്റ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ സിവില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നിതിൻ ഗഡ്കരിക്ക് ബോംബെ ഹൈക്കോടതി അനുമതി നൽകി.
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26 കാരി നവ്‌നീത് കൗർ വെടിയേറ്റ് മരിച്ചു. വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ ശരൺജിത് സിംഗിനെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
