മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ വെച്ച് ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഎമ്മിന്‍റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ല. അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇ.ഡി റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. വിമാനത്താവളത്തിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
തിരുവനന്തപുരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചു പോകുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേമം മേഖല കമ്മിറ്റി പ്രസിഡന്‍റ് ശ്രീജിത്ത് ആണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി.
മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ വിജിലൻസ് പിടികൂടി. അഡ്വാൻസായി 50,000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വിജിലൻസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംഘം ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്. എൽ. എൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്. എൽ. എൽ). ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള ആർത്തവ കപ്പ് നിർമാണ യൂണിറ്റിനെ അത്യാധുനിക രീതിയിൽ നവീകരിച്ച് ഉൽപ്പാദനശേഷി 30 ലക്ഷത്തിലേക്ക് ഉയർത്തി.
ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോയും ജൂൺ മുതൽ ആഗസ്റ്റ് വരെ സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡിഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം.
ദില്ലി മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിന്റെ പശ്ചാത്തലത്തിലുള്ള ഈ കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തെ വികസന പദ്ധതികൾക്കുള്ള കേന്ദ്ര സഹായം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി, പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ് പിണറായി പുതിയ ചിത്രം പോസ്റ്റ് ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
കോണ്‍ഗ്രസ് പിന്തുണയോടെ പിണറായി വിജയനെതിരെ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണ് ഇ.ഡി നടപടി. ഇന്ന് സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ 2 പേര് സി.എം.ആര്‍.എല്ലില്‍ നിന്ന് പണം പറ്റിയെന്ന് ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, അവരും സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല’ എന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വി പി അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം. മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ ഭയക്കുന്നത് എന്തിനാണ് പിണറായി വിജയൻ എന്നും മാന്യതയും അന്തസ്സും ഉണ്ടെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം എന്നും ആവശ്യം.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിൽ ഡിജിപിയോട് വിശദാംശം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിപി ഫോണിലൂടെ വിശദീകരണം നൽകി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.
മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പൊലീസിന്‍റെ പിടിയിൽ. കാവനാട് സ്വദേശി ശശി, പ്രവീൺ എന്നിവരാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി എത്തി ആളുകളെ പിടിച്ചു പറിക്കുന്നതാണ് ഇവരുടെ പ്രധാന രീതി.സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ 19കാരിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും മാനഹാനി ഭയന്നാണ് ഇത് ചെയ്തതെന്നും യുവതി മൊഴി നൽകി. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുഞ്ഞിന്റെയും അമ്മയുടെയും നില തൃപ്തികരമാണ്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ വിജയ് തമിഴ്നാടിൻ്റെ വിവിധ ആശങ്കകൾ പ്രധാനമന്ത്രിയോട് പങ്കുവെച്ചു.വിവിധ വിഷയങ്ങൾ വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ (53) ഭൗതികശരീരം എവറസ്റ്റ് കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു. മലനിരകളോടുള്ള അദ്ദേഹത്തിന്റെ കടുത്ത പ്രണയവും ഹിമാലയത്തെക്കുറിച്ചുള്ള ആത്മീയ വിശ്വാസങ്ങളും മുൻനിർത്തിയാണ് ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം ഈ കഠിനമായ തീരുമാനമെടുത്തത്.
ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എയർ ഇന്ത്യയുടെ ദില്ലി – സാൻ ഫ്രാൻസിസ്കോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലിയിൽ തിരിച്ചിറക്കി. ദില്ലിയിൽനിന്ന് 230 യാത്രക്കാരുമായി പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര ഇഡി സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും പറഞ്ഞു.
ദില്ലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം പ്രതിഷേധം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. എം എ ബേബി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ വധിച്ചതായി ഇസ്രായേൽ. മുൻപ് ഈ പദവിയിലുണ്ടായിരുന്ന ആളെ ഇസ്രായേൽ സൈന്യം വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തലവനെയും വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ വിശദമാക്കുന്നത്.
