വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് -കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മർദനമേറ്റവരിൽ ഒരാളായ അജയ് ജുവൽ കുര്യാക്കോസ്. ആദ്യ ക്യാബിനറ്റ് യോഗത്തിലെ ഈ തീരുമാനം ഈ നാട്ടിൽ 10 വർഷക്കാലമായി അടികൊണ്ട ചെറുപ്പക്കാർക്കുള്ള നീതിയായിട്ടാണ് കരുതുന്നതെന്ന് അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം പാർട്ടി നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി. പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്നും വലിയ തോൽവിയാണ് ഉണ്ടായതെന്നും കെ കെ ശൈലജയും പ്രതികരിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടി. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആശ വർക്കർമാരുടെ ഓണറേറിയം 9000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തി. ഇതോടൊപ്പം അംഗൻവാടി ജീവനക്കാർ, പ്രീ-പ്രൈമറി ടീച്ചർമാർ, പാചക തൊഴിലാളികൾ എന്നിവർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് ആശമാർ. ഓണറേറിയം വർധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു പ്രതികരിച്ചു. വി ഡി സതീശൻ വാക്ക് പാലിച്ചുവെന്നും ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിന്ദു വ്യക്തമാക്കി.
കേരളത്തിൽ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ അനുവദിച്ചു.
കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിലെത്തിയ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയായ തുളസി എന്ന മുപ്പത്തിമൂന്നുകാരിയാണ് കുത്തേറ്റ് മറിഞ്ഞുവീണ ആനക്കടിയിൽപ്പെട്ട് കൊല്ലപ്പെട്ടത്. ആനകളെ കുളിപ്പിക്കുന്നത് കാണാനെത്തിയപ്പോഴായിരുന്നു അപകടം.
വമ്പൻ വിജയം നൽകിയിട്ടും കോഴിക്കോട് ജില്ലക്ക് ക്യാബിനറ്റ് പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധം തുടർന്ന് യുഡിഎഫ് പ്രവർത്തകർ. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നേതൃത്വത്തിനെതിരെ കരിങ്കൊടിയും പോസ്റ്ററുകളും പതിച്ചായിരുന്നു പ്രതിഷേധം.
വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി പിടിയിൽ. തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശി പി കെ സലീം (48) ആണ് ചെങ്ങന്നൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വർഷം നവംബറിൽ ചെങ്ങന്നൂർ സ്വദേശിയായ സ്ത്രീ നൽകിയ പരാതിയിലാണ് വിദേശത്തുനിന്നെത്തിയ പ്രതിയെ പ്രത്യേക അന്വേഷണസംഘം തന്ത്രപരമായി അറസ്റ്റ് ചെയ്തത്.
വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ പി എ മുഹമ്മദ് റിയാസ് എംഎൽഎ ആശങ്ക പ്രകടിപ്പിച്ചു. ചരിത്രപരമായി വിവാദമായ ഭാഗങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലത്തീൻ സഭയുടെ പിണക്കം മാറ്റി മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദർശനം. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്ക് അകം മുഖ്യമന്ത്രി വി.ഡി.സതീശൻ, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടു. മന്ത്രിസഭയിൽ സഭാ പ്രാതിനിധ്യം ഇല്ലാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത. സത്യപ്രതിജ്ഞ ചടങ്ങും സഭ ബഹിഷ്കരിച്ചു. ഇതിന് പിന്നാലെയാണ് സന്ദർശനം.
മലപ്പുറം മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നൽകിയ സംഭവത്തിൽ ട്വിസ്റ്റ്. മുഹമ്മദ് അൽഫയാദ് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആർക്കെതിരെയും പരാതിയില്ലെന്നാണ് ഫയാദ് പൊലീസിൽ പറഞ്ഞത്. കുടുംബത്തിൻറെ പരാതിയെ തുടർന്ന് ഇന്ന് ഉച്ചവരെ വ്യാപക അന്വേഷണത്തിലായിരുന്നു മഞ്ചേരി പൊലീസ്.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിൽ പിണറായി വിജയനെതിരേയും എംവി ഗോവിന്ദനെതിരേയും കടുത്ത വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു എംവി ഗോവിന്ദനെതിരെയുള്ള വിമർശനം.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാട്. അമ്പലപ്പാറ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വി ഡി സതീശൻ- ഉത്രാടം നാളിൽ കഠിന പായസ വഴിപാട് നടത്തിയത്. കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയാണ് സത്യപ്രതിജ്ഞക്ക് മുൻപ് ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചത്.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. മോദിയെ ഭയന്നാണ് വിജയ് വിട്ടുനിന്നതെന്ന് ഡിഎംകെ അടക്കം പറയുമ്പോൾ, ചടങ്ങിന്റെ ശ്രദ്ധ തന്നിലേക്ക് വരാതിരിക്കാനാണ് ഈ തീരുമാനമെന്ന് ടിവികെ വൃത്തങ്ങൾ വിശദീകരിക്കുന്നു.
എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
കാസർകോട് ബദിയടുക്കയിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. മാർപ്പനടുക്ക സ്വദേശി ബി.കെ സുരേഷ് ആണ് കുത്തേറ്റ് മരിച്ചത്. മാർപ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് യുവാവിനെ കുത്തിക്കൊന്നത്. കൊറഗയുടെ മകൻ ബികെ സുരേഷ് ആണ് മരിച്ചത്. സംഭവത്തിൽ മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. എടത്തിരുത്തി അയ്യമ്പിള്ളി സ്വദേശി അനൂപിനെയാണ് (42) തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സമാധാന ചർച്ചകളുടെ മുന്നോടിയായി വലിയ വിട്ടുവീഴ്ച്ചകൾക്ക് ഇറാനും അമേരിക്കയും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചർച്ചകൾ നടക്കുന്ന സമയം വരെ ഇറാന് മേലുള്ള എണ്ണ ഉപരോധം അമേരിക്ക നീക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇറാന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ കയറ്റുമതിക്കുള്ള തടസ്സങ്ങൾ നീങ്ങും. പുതുക്കിയ പതിനാലിന നിർദേശങ്ങൾ അമേരിക്കയ്ക്ക് ഇറാൻ കൈമാറിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ മദ്രസ വകുപ്പിനും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പിനും കീഴിലുള്ള മതപരമായ ധനസഹായ പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ചു. സുവേന്ദു സർക്കാരിന്റെ രണ്ടാമത് മന്ത്രിസഭാ യോഗത്തിന് ശേഷം നഗരവികസന മന്ത്രി അഗ്നിമിത്ര പോളാണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ സർക്കാർ മതപരമായ ആനുകൂല്യങ്ങൾ നിർത്തലാക്കുകയും സ്ത്രീകൾക്കായി ‘അന്നപൂർണ യോജന’, സൗജന്യ ബസ് യാത്ര തുടങ്ങിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. 2010-നും 2024-നും ഇടയിൽ ചേർത്ത ഒബിസി വിഭാഗങ്ങളെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു.
ദില്ലി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച്. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബഞ്ചാണ് ഉമറിന്‍റെ ജാമ്യപേക്ഷ തള്ളിയ നടപടിയെ വിമർശിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ചരിയ എന്നിവരുടെ ബഞ്ചാണ് ഉമറിന് ജാമ്യം നിഷേധിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് അധികാരത്തിലെത്തിയതെന്ന് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും ദിനംപ്രതിയെന്നോണം കൊലപാതകങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിവികെ സർക്കാരിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാവുന്നില്ലെന്നും സ്റ്റാലിൻ വിമർശിച്ചു.
കേരളത്തിലെ സത്യപ്രതിജ്ഞയിൽ നിന്ന് വിജയ് വിട്ടുനിന്നതിൽ ആരോപണവുമായി ഡിഎംകെ. മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ടി കെ എസ് ഇളങ്കോവൻ ആരോപിച്ചു. വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ ശമ്പള വർധനവ് ആവശ്യപ്പെട്ട് നടത്തിയ മിന്നൽ സമരത്തെ തുടർന്ന് വിമാന സർവീസുകൾ താറുമാറായി. നിരവധി വിമാനങ്ങൾ വൈകുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനകത്തും പുറത്തും കുടുങ്ങുകയും ചെയ്തു. മാനേജ്മെൻ്റ് ചർച്ച നടത്തി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വീണ്ടും വലിയൊരു സാമ്പത്തിക വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും ചേര്‍ന്ന് നടത്തിയ വന്‍തോതിലുള്ള ഓഹരി ഇടപാടുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം മൂവായിരത്തി എഴുന്നൂറിലധികം ഓഹരി ഇടപാടുകളാണ് ഇവര്‍ നടത്തിയത്.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധന പീഡനത്തെത്തുടർന്ന് 24കാരി വീടിന്‍റെ മേൽക്കൂരയിൽ നിന്ന് ചാടി ജീവനൊടുക്കി. ദീപിക എന്ന യുവതിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഹൃതിക് തൻവർ, ഭര്‍തൃ പിതാവ് മനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ജൽപുര ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വീടിന്റെ മൂന്നാം നിലയിലെ മേൽക്കൂരയിൽ നിന്ന് ചാടിയത്.
മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചുകയറി 11 മരണം. ഇന്ന് പുലർച്ചെ നാല് മണിയോടെ പാൽഗർ ജില്ലയിലെ കാസ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ധാനിവരിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടം നടക്കുമ്പോൾ നാൽപ്പതിലധികം ആളുകൾ വാഹനത്തില്‍ ഉണ്ടായിരുന്നു.
ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, വൻ സൈനിക വിന്യാസവുമായി പാകിസ്‌താൻ. 8,000 സൈനികരെയും ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ വിഭാഗത്തിൽപ്പെട്ട 16 യുദ്ധവിമാനങ്ങളും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്താൻ സൗദിക്ക് കൈമാറി. ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നാണ് വിവരം.
അന്താരാഷ്ട്ര ബഹുമതികളുടെ നേട്ടത്തിൽ അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർവേയുടെ പരമോന്നത ബഹുമതിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി മോദിക്ക് ലഭിച്ചത്. നോർവെയുടെ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റിന്റെ ഏറ്റവും ഉയർന്ന പുരസ്കാരമാണ് ഇത്.
