കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി.ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന് വൈകാരിക പ്രതികരണവും നടത്തി.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനവ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്കോർട്ടും പൈലറ്റും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു.
വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലായിരിക്കും എന്നാണ് തരൂർ അറിയിച്ചത്.
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കൾ പറഞ്ഞു. ഇങ്ങനെ ആയാൽ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും നേതാക്കൾ യോഗത്തിൽ ചോദിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനം. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുകയെന്നായിരുന്നു കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ ക്ഷണിച്ചു. കർണാടക തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കത്തയച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. വമ്പൻ വിജയത്തെ തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങും വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. വൻപന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുളള ബിജെപി കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. നിയമസഭയിലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി വി മുരളീധരനെത്തിയേക്കുമെന്നാണ് സൂചന. അതേസമയം ജയസാധ്യതയുള്ള സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയതടക്കമുളള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നേക്കും.
രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. ഇന്നലെ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഈ തീരുമാനം. ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച നടത്താന്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ ചുമതലപ്പെടുത്തി. ലീഗിന് 5 മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍ വേണമെന്നാണ് ആവശ്യം.
കാലവർഷത്തിന് മുന്നോടിയായി ദേശീയപാത 66-ലെ വെള്ളക്കെട്ട് പരിഹരിക്കാൻ ദേശീയപാത അതോറിറ്റി 34.8 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിൽ സംയോജിത ഡ്രെയിനേജ് ശൃംഖല നിർമ്മിച്ച് സർവീസ് റോഡുകളിലെയും സമീപപ്രദേശങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. ചെന്നിത്തല കാബിനറ്റ് അംഗമായേക്കും എന്നതിൽ നേതാക്കൾ അന്തിമധാരണയിലേക്കെത്തുകയാണ്.
സംസ്ഥാനത്ത് കാലവർഷം മെയ് 26ഓടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് നീക്കം. കളമശ്ശേരിയിലെ കളമശ്ശേരിയിലെ സിഗ്നേച്ചര്‍ കാര്‍സില്‍ സൂക്ഷിച്ച നിസ്സാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തതെന്നാണ് വിവരം.
മെഡിക്കൽ പഠനപ്രവേശന പരീക്ഷയായ നീറ്റിൻ്റെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ സൂത്രധാരനെന്ന് സംശയിക്കുന്നയാളെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അധ്യാപകനുമായ പി വി കുൽക്കർണി ആണ് അറസ്റ്റിലായത്. പൂനെയിൽ നിന്നാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് കേന്ദ്രം പെട്രോൾ വില വർധിപ്പിച്ചതെന്ന് വിജയ് വിമർശിച്ചു. ഇന്ധനവില വർധനവ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിജയ്, കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
പഞ്ചാബിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാനുള്ള തീരുമാനത്തെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടൽ. സംസ്ഥാനം ഭരിക്കുന്ന എഎപിയും ബിജെപിയും തമ്മിലാണ് പോര് മുറുകുന്നത്. തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പുവരുത്താനാണ് ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതെന്ന് എഎപി വാദിക്കുമ്പോൾ തോൽവി ഭയന്ന് ക്രമക്കേട് നടത്താനാണ് എഎപിയുടെ ശ്രമമെന്നാണ് ബിജെപിയുടെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ സെക്രട്ടറി സാമന്ത് ഗോയൽ. സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ശരിയായി തോന്നുന്നില്ലെന്ന് സാമന്ത് ഗോയൽ പറഞ്ഞു. സുരക്ഷ കുറയ്ക്കുന്നതിനു പകരം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിനിടെ പരീക്ഷാ നടത്തിപ്പിൽ പരിഷ്കരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു.
യുഎഇ സന്ദർശനത്തിനിടെ രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. അബുദാബിയിൽ നിർണായക കൂടിക്കാഴ്ച നടന്നു. യുഎഇയുടെ വിവേകത്തെയും മനോധൈര്യത്തെയും പ്രശംസിച്ച അദ്ദേഹം, പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ധാരണാ പത്രങ്ങൾ കൈമാറുകയും ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ തന്നെ ഞെട്ടിക്കുന്ന നീക്കവുമായി അമേരിക്കയും ക്യൂബയും. അമേരിക്കൻ ചാര സംഘടനയായ സി ഐ എയുടെ തലവൻ ജോണ്‍ റാറ്റ്ക്ലിഫ് ക്യൂബൻ രഹസ്യാന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ക്യൂബയ്ക്ക് മേൽ അമേരിക്ക കൂടുതൽ പിടിമുറുക്കിയേക്കുമെന്നുള്ള സൂചനകൾക്കിടെയാണ് നീക്കം.
