കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനും മുകുൾ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺഗ്രസ് നേതാവ് വി ഡി സതീശൻ. വണ്ടി നിർത്തുമ്പോൾ ഇറങ്ങുക. പറവൂരിൽ കണ്ടത് കേരളത്തിലെയും എറണാകുളത്തെയും വൻ വിജയത്തിന്റെ സന്തോഷമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയോടുള്ള ചോദ്യത്തിനാണ് വിഡി സതീശൻ്റെ പ്രതികരണം.
എംഎൽഎമാരെ കാണാൻ കേന്ദ്ര നിരീക്ഷകരെത്തും മുൻപ് കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പമുള്ള എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ വിഡി സതീശന്‍ ക്യാമ്പിന്‍റെ നീക്കം. നിരീക്ഷകര്‍ക്കു മുന്നില്‍ ഗ്രൂപ്പ് നേതാവിന്‍റെ പേര് പറഞ്ഞാലും രണ്ടാമത്തെ ചോയ്സായി സതീശന്‍റെ പേരും നിർദ്ദേശിപ്പിക്കാനാണ് ശ്രമം. എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വിളിച്ച വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാജയം അപ്രതീക്ഷിതമെന്നും തിരുത്തലുകൾ വരുത്തി തിരിച്ചുവരുമെന്നും പറഞ്ഞ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ എം വി ഗോവിന്ദൻ ഇറങ്ങിപ്പോവുന്നതാണ് കണ്ടത്.
ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം. കുടുംബസമേതമെത്തിയാണ് ജി സുധാകരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്.
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാവുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബേപ്പൂരിൽ ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പി വി അൻവർ. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ആരോടും ഒരു പരാതിയും ഇല്ല, സിപിഎം ബിജെപി കൂട്ടുകെട്ടാണ് തന്നെ തോൽപ്പിച്ചത്. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞിട്ടുണ്ട്. അത് യുഡിഎഫ് നേതൃത്വം പരിശോധിക്കും. തന്‍റെ പോരാട്ടത്തിനുള്ള അംഗീകാരം ജനം തന്നു. മറ്റൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി.
ഷിബു ബേബി ജോൺ ആർഎസ്പിയുടെ മന്ത്രിയാവും. പാർലമെന്‍ററി പാർട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു. നേരത്തെ നൽകിയിരുന്ന തൊഴിൽ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം.
ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത് പുതിയ മുഖ്യമന്ത്രിയുടെ യാത്രയെന്ന അഭ്യർത്ഥനയുമായി തുറന്ന കത്ത്. ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി പോകുന്ന വഴികളിൽ ട്രാഫിക് ലൈറ്റുകൾ ഓഫാക്കുന്ന പതിവ് അവസാനിപ്പിക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ടാകരുത് മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ വേണ്ടെന്ന നിലപാടുമായി സിപിഐ. സിപിഐ നേതൃയോഗത്തിലാണ് നേതാക്കൾ അഭിപ്രായം അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആൾ വരണമെന്നും പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയർത്തുന്ന വിമർശനം.
പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതിയെ പിരിച്ചുവിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെ സമിതിയെ പിരിച്ചുവിട്ടതിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
കോഴിക്കോട് നോർത്തിലെ പരാജയത്തിന് കാരണം ബിജെപിയുടെ മുന്നേറ്റമാണെന്ന് സിപിഎം സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ടുകൾ ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചെന്നും, ഈ പോക്ക് തുടർന്നാൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ സ്വാധീനം നേടുമെന്നും അദ്ദേഹം വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ ഏഴുവയസുകാരിയുടെ മരണം പേവിഷബാധമൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും അടക്കം 16 പേര്‍ക്ക് ആരോഗ്യവകുപ്പ് പേവിഷബാധകുത്തിവെപ്പ് നടത്തി. താഴപ്ര കോടന്‍ കുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ സന്‍ഹാ മഹ്‌റിന്‍ ( 7 ) ആണ് മരിച്ചത്.
തമിഴ്‌നാട്ടിൽ സഖ്യ സർക്കാർ രൂപീകരിക്കാനുള്ള ടിവികെയുടെ ക്ഷണം സിപിഎം നിരസിച്ചേക്കുമെന്ന് സൂചന. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാൽ വിജയ്‌യുടെ സർക്കാർ രൂപീകരണ ശ്രമങ്ങൾ പ്രതിസന്ധിയിലാണ്, കോൺഗ്രസ് മാത്രമാണ് നിലവിൽ പിന്തുണക്കുന്നത്.
പശ്ചിമ ബംഗാളിൽ ലെനിൻ പ്രതിമ തകർത്ത നിലയിൽ. മൂർഷിദാബാദിലെ ജിയാഗഞ്ച് മേഖലയിൽ സ്ഥിതിചെയ്തിരുന്ന പ്രതിമ ആണ് തകർക്കപ്പെട്ടത്. സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തി.
പഞ്ചാബിലെ ഇരട്ട സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു.
സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്ന വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ സഖ്യം വിട്ട കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് മുന്നിൽ വെല്ലുവിളിയുമായി ഗവർണർ. കേവല ഭൂരിപക്ഷമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുമതി നൽകു എന്ന് ഗവർണർ നിലപാടെടുത്തതോടെ വിജയ് വെട്ടിലായി. ഇതോടെ 5 എംഎൽഎമാരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയും ടിവികെ പാർട്ടിയും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം വൻ മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് പുതിയ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായി രാജിവെച്ചത്.
പശ്ചിമ ബംഗാളിൽ ബിജെപി വിജയിച്ചതിന് പിന്നാലെ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്താൻ അഖിലേഷ് യാദവ്. ഇതിനായി വ്യാഴാഴ്ച അഖിലേഷ് ബംഗാളിൽ എത്തും. പ്രതിപക്ഷ നേതാക്കളെ ഒറ്റക്കെട്ടായി നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അഖിലേഷ് ബംഗാളിൽ എത്തുന്നത്.
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് കോൺഗ്രസ് നേതാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത അമൃത്സർ സ്വദേശി ഗൗരവ് കുമാറിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പദവികൾ വാഗ്ദാനം ചെയ്താണ് ഇയാൾ രാജ്യത്തുടനീളമുള്ള നേതാക്കളെ കബളിപ്പിച്ചത്. ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് ഭാവന പാണ്ഡെയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്.
തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെ വിജയ്‍യുടെ ടിവികെയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. ഒരു സാഹചര്യത്തിലും ടിവികെയ്ക്ക് പിന്തുണ നൽകില്ലെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമി അറിയിച്ചു. ടിവികെയ്ക്ക് പിന്തുണ നൽകേണ്ടതില്ലെന്ന നിലപാടിൽ ഇപിഎസ് ഉറച്ചുനിൽക്കുകയായിരുന്നു.
കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ടതിന് പിന്നാലെ പ്രതികരണവുമായി എംകെ സ്റ്റാലിൻ. സഖ്യകക്ഷി നേതാക്കളോട് പോകണമെങ്കിൽ പോയ്‌ക്കോളൂ എന്നായിരുന്നു പ്രതികരണം. ഉചിതമെന്ന് തോന്നുന്ന തീരുമാനം എടുക്കാം എന്നും പാർട്ടികൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പരാമർശം.
ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് (axios) റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്. പിന്നീട് ചർച്ച നടക്കും. ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശിലെ രാഷ്ട്രീയ നേതാക്കൾ. ദീർഘകാലം അധികാരത്തിലിരുന്ന ടിഎംസി വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിൽ ഞെട്ടിപ്പോയെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് അസീസുൾ ബാരി ഹെലേൽ പറഞ്ഞു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു.
സിറിയയിൽനിന്ന് മാതൃരാജ്യത്തേക്ക് മടങ്ങാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരുടെ കുടുംബാംഗങ്ങൾ ഒരുങ്ങുന്നു. സിറിയയിലെ ഐഎസ് ക്യാമ്പിൽ വർഷങ്ങളോളം കഴിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായി ഓസ്ട്രേലിയൻ ഭരണകൂടം. നാല് സ്ത്രീകളും ഒൻപത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് മാതൃരാജ്യത്തേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.
