Untitled design 20250112 193040 0000

 

 

കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചരണത്തിൻ്റെ മണിക്കൂറുകളാണ്. 2.71 കോടി വോട്ടർമാർ മറ്റന്നാൾ കേരളത്തിൻ്റെ അടുത്ത അഞ്ച് വർഷത്തെ ഭരണം ആര് വേണമെന്ന് തീരുമാനിക്കും.മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം നിറഞ്ഞിരുന്നു .

 

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. പിന്നാലെ കൂട്ടത്തല്ല് ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അവസാനിച്ചത്.

 

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിൻ്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു.

 

തെലങ്കാനയിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുവെന്നും അതിനാൽ കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും വിശ്വസിക്കരുതെന്നും കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത.തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. തെലങ്കാനയിൽ അവർ ആറ് വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അതിൽ പകുതി വാഗ്ദാനം പോലും അവർ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് കെ കവിത ചൂണ്ടിക്കാട്ടി.

 

 

മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. അർബുദത്തിന് കാരണമാകുമെന്ന ലേബൽ മദ്യക്കുപ്പികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. അമിത മദ്യപാനം കാൻസറിന് മാത്രമല്ല കരൾ വീക്കം മുതലായ രോഗങ്ങൾക്കും കാരണമാകുമെന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഹാനികരം എന്ന ലേബൽ പതിപ്പിച്ചിട്ടുള്ളതെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.

 

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണ വിജയനുമെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ ഹർജി. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ നൽകിയില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് സമർപ്പിച്ച ഈ ഹർജിയിൽ വസ്തുതകൾ പരിശോധിച്ച് ഈ മാസം 22 നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടു.

 

മഴക്കാല മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് യുഡിഎഫ്. കേരളത്തില്‍ മഴക്കാലം എത്തുമ്പോള്‍ തന്നെ പ്രളയഭീതിയും ആശങ്കയും കൂടി വരുന്നത് പതിവായിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍, സംസ്ഥാനത്തിന്റെ പ്രളയ നിയന്ത്രണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളെ വീണ്ടും മുന്നില്‍ കൊണ്ടുവരുന്നതായി യുഡിഎഫ് കുറ്റപ്പെടുത്തി.

 

ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വർദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി – 39) ആണ് പിടിയിലായത്. തൻ്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ വഴി എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് കേസ്.

 

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേന്ദ്രമന്ത്രി അമിത് ഷായെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നുവെന്നും അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടതെന്നുമടക്കം കെ സി വേണുഗോപാലിന്റെ കത്തിലൂടെ ചോദിക്കുന്നു.

 

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോനേ പ്രയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം പി. നിലവാര തകർച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമായത്. അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളിക്ക് വീട്ടിൽ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

 

പോ മോനേ വിജയാ’ ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറ‍ഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് വിളിക്കുകയും ചെയ്തു.

 

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ്‌ നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി അപമാനിച്ചത് പിണറായി വിജയൻ എന്ന വ്യക്തിയെ മാത്രമല്ല, മറിച്ച് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയും ഈ നാടിന്‍റെ അഭിമാനകരമായ പാരമ്പര്യത്തെയുമാണ് എന്ന് വി ശിവൻകുട്ടി .എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് സംഘപരിവാർ മനസുമായി കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപൂര്‍വം സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.പിണറായി സർക്കാരിന്റെ അഴിമതികളും ഊരാളുങ്കലിന്റെ ഇടപാടുകളും അടുത്ത യുഡിഎഫ് സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.വീണ്ടും 5 കൊല്ലം കൂടി ചോദിക്കുന്ന പിണറായിയുടെ വിശ്വാസ്യത കേരള ജനത ചോദ്യം ചെയ്യുമെന്നും കെ സി പ്രതികരിച്ചു.

 

ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. 10 വർഷമായി ജനങ്ങളെ കുറിച്ച് ചിന്തയില്ലാത്ത സർക്കാരാണ് ഭരിച്ചത്. കേരളം കടത്തിൽ മുങ്ങി. വന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്നും പ്രിയങ്ക ആരോപിച്ചു.

 

വയനാട്ടിലെ കോൺഗ്രസ് നേതാവ് എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്നും നേതാക്കൾക്ക് പങ്കില്ലെന്നും കോൺഗ്രസ്നേതാവ് കെ ഇ വിനയൻ.. ആത്മഹത്യക്കുറിപ്പില്‍ പൊലീസ് ശരിയായ വിധത്തില്‍ അന്വേഷണം നടത്തിയില്ലെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

 

കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ പ്രശ്‌ന പരിഹാരമാകുമോയെന്ന് സ്പെഷ്യൽ എജുക്കേറ്റർമാരോട് നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി. ഇടത് അധ്യാപക സംഘടനായ കെഎസ്ടിഎയുടെ ഭാഗമായ കേരള റിസോർസസ് ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം ചോദിച്ചത്.

 

മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലുള്ള ട്രോംഗ്ലാവോബി അവാങ് ലെയ്‌കായ് ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടായത്.സംഘർഷം നിയന്ത്രിക്കാൻ ബിഷ്ണുപൂരിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഗുജറാത്തിലെ അഹമ്മദാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതെന്ന് ആരോപണം ഉയർന്നതിന് തുടർന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. അഹമ്മദാബാദിലെ ചാന്ദ്‌ഖേഡ സ്വദേശിയായ വിമൽ പ്രജാപതിയുടെ മൂന്ന് മാസം പ്രായമുള്ള മകൾ റാഹയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഏപ്രിൽ നാലിനാണ് കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് കുഞ്ഞിൻ്റെ സഹോദരി മിശ്രിയും മരിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

 

മഹാരാഷ്ട്രയിലെ നാസിക്കിൽ ഇടവഴിയിലൂടെ സഞ്ചരിച്ച കാർ കിണറ്റിൽ വീണ് ആറ് കുട്ടികളടക്കം ഒൻപത് പേർ മരിച്ചു. കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്, റോഡരികിൽ മൂടാതെ കിടന്ന കിണറാണ് ദുരന്തത്തിന് കാരണമായത്.

 

പത്തനംതിട്ട ഏഴംകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകനായ രാധാകൃഷ്ണന് വെട്ടേറ്റു. അയൽവാസിയായ അലക്സാണ് ആക്രമിച്ചതെന്നും ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്നും സിപിഎം ആരോപിക്കുമ്പോൾ, വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

പശ്ചിമേഷ്യയിൽ അമേരിക്കയുടെ അതിശക്തമായ സൈനിക നടപടി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ യുഎസ് സൈന്യം വൻതോതിൽ ബോംബാക്രമണം നടത്തി. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിനെ ലക്ഷ്യം വെച്ച് 50-ലധികം പോയിന്റുകളിലാണ് അമേരിക്കൻ പോർവിമാനങ്ങൾ ആഞ്ഞടിച്ചത്.

 

താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകൾ അദ്ദേഹം കുറിച്ചത്.താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകൾ അദ്ദേഹം കുറിച്ചത്.

 

ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ, ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കുമെന്ന് വാൻസ് ഭീഷണിപ്പെടുത്തി. ഇറാൻ തങ്ങളുടെ രീതി തിരുത്താൻ തയ്യാറാകാത്ത പക്ഷം ഈ ആയുധങ്ങൾ പ്രയോഗിക്കാൻ ട്രംപിന് മടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കങ്ങൾ പ്രതിരോധ സേന തകർത്തു. എണ്ണ നഗരമായ ജുബൈലിൽ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

 

ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പുരാതനമായ ജൂതദേവാലയം പൂര്‍ണ്ണമായി തകര്‍ന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഖൊറാസാന്‍ ജൂതവിഭാഗക്കാര്‍ ഒത്തുകൂടാനും ആഘോഷത്തിനും ഉപയോഗിക്കുന്ന പ്രധാന ദേവാലയമാണ് ഇതെന്ന് ഇറാന്‍ പത്രമായ ഷാര്‍ഗ് റിപ്പോര്‍ട്ട് ചെയ്്തു.

 

അഫ്ഗാനിസ്താനിലെ സൈനിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓസ്‌േടലിയ വാഴ്ത്തിപ്പാടിയ സൈനിക ഉദ്യോഗസ്ഥന്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റില്‍. അഫ്ഗാനിസ്താനില്‍ നിരപരാധികളായ സാധാരണ മനുഷ്യരെ കൊന്നൊടുക്കിയ കേസുകളിലാണ് അറസ്റ്റ്. സംഭവം നടന്ന് രണ്ട് പതിറ്റാണ്ടിനുശേഷമാണ് നടപടി. 2018-ലാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഈ കൊടുംക്രൂരത പുറത്തുകൊണ്ടുവന്നത്.

 

വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ്​ ഫഹദ് കോസ്‌വേയിൽ വാഹന ഗതാഗതം പുനരാരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഗതാഗതം പൂർണമായും നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

 

ഇറാനിലുള്ള ഇന്ത്യാക്കാർക്ക് അതീവ ജാഗ്രതാ നിർദേശം. സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാ അടുത്ത 48 മണിക്കൂർ നേരം വീടിനുള്ളിൽ തന്നെ സുരക്ഷിതമായി ഇരിക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി കർശനമായി നിർദ്ദേശിച്ചു. വരും മണിക്കൂറുകളിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത്യാവശ്യ ഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.

 

യുഎസുമായുള്ള എല്ലാതരത്തിലുമുള്ള ചർച്ചകളും ഉപേക്ഷിച്ച് ഇറാൻ. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് ചർച്ചകൾക്കുള്ള എല്ലാമാർഗങ്ങളും ഇറാൻ ഉപേക്ഷിച്ചത്. നേരിട്ടോ, അല്ലാതെയോ, മധ്യസ്ഥർ മുഖേനെയൊ ഇനി യുഎസുമായി ചർച്ച വേണ്ടെന്നാണ് ഇറാന്റെ നിലപാട്. യുഎസ്സുമായുള്ള എല്ലാ ആശയവിനിമയങ്ങളും അടിയന്തരമായി നിർത്തിവെയ്ക്കാനും ഇറാൻ തീരുമാനമെടുത്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *