56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി ആഷ്ലി മെയ്‌ഫെയർ സംവിധാനം ചെയ്ത വിയറ്റ്നാമീസ് ചിത്രം ‘സ്കിൻ ഓഫ് യൂത്ത്’. ‘ഗൊന്ധൽ’ എന്ന ചിത്രത്തിലൂടെ സന്തോഷ്‌ ദാവാഖർ മികച്ച സംവിധായകനായി. എ പൊയറ്റ് ‘ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മർ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ലിറ്റിൽ ട്രബിൾ ഗേൾസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താൻ മികച്ച നടിയായി.

 

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നുണ്ട് .കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്.

 

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു

 

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഹോർത്തൂസ് വേദിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല. രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ല. പാർട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

യുവതിയുടെ ലൈം​ഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് ഷാഫി പറമ്പിൽ എംപി. മുൻ‌കൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണ്. ഈ വിഷയത്തിൽ ഇന്നലെ പ്രതികരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

 

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂര്‍ ജാമ്യഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നിൽ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യയാണെന്നും ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഫെയ്സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചത്. ഈ ബന്ധത്തിനിടയിൽ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാൽ, ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യ ഹര്‍ജിയിൽ പറയുന്നു.

 

ക്രിമിനൽ സംഘത്തെ കോണ്‍ഗ്രസ് പോറ്റി വളര്‍ത്തുകയാണെന്നും രാഹുലിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. രാഹുലിനെതീരെ നിലപാട് എടുത്തവർക്ക് സൈബർ ആക്രമണം തുടങ്ങിയെന്നും വികെ സനോജ് ആരോപിച്ചു.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗ പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ വിമർശിച്ച കോൺഗ്രസിൻ്റെ വനിത നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും എംബി രാജേഷ് പറ‍ഞ്ഞു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ, രാഹുലിനെ പിന്തുണച്ചും ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തിയും സിപിഎം സൈബ‍ർ പോരാളികളെ വിമർശിച്ചും മോഡലും ഡബ്ബിംഗ് ആ‍ർട്ടിസ്റ്റുമായ പ്രിൽന രാജ്. കേസ് കൊടുത്തപ്പോൾ വിവാഹിത ആണെന്ന് ജനങ്ങൾ അറിഞ്ഞു തുടങ്ങി. ‘ഭർത്താവ് ഉണ്ടായിട്ടും കാമുകനോടോപ്പം അയാൾ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗർഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ്‌ ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. അധഃപതിച്ചൊരു പാർട്ടിയാണ് നിങ്ങളുടേത് എന്ന് പറയാൻ തോനുന്നുവെന്ന് പ്രിൽന ഫേസ്ബുക്കിൽ കുറിച്ചു.

 

കോഴിക്കോട് കുന്നമംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പരാതിയില്‍ ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും മുൻ‌കൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്നും ഷാഫി പറഞ്ഞു. പരുപാടിയില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഷാഫി നടത്തിയത്.

 

തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നേവി ഡേ ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. നാവികസേനാ ദിനമായ ഡിസംബർ 3നാണ് ആഘോഷങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് ഗ്രൗണ്ടുകൾ ഉണ്ടാകും. ഈ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് ശംഖുമുഖത്തേക്ക് കെഎസ്ആർടിസി ഷട്ടിൽ സർവീസും ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു

 

ശബരിമല തീർഥാടനം തുടങ്ങിയ ശേഷം ശബരിമല, പമ്പ പരിസരത്ത് നിന്ന് ഇതുവരെ 65 പാമ്പുകളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്ന് വനം വകുപ്പ്. 16 ചേര, 11 അണലി, 8 കാട്ടുപാമ്പ് എന്നിവ ഉൾപ്പെടെയാണ് പിടികൂടിയത്. സന്നിധാന പരിസരത്തുനിന്നു മാത്രം 65 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്നും വനം വകുപ്പ് അറിയിച്ചു.

 

ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ പരോക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. കേരള സൊസൈറ്റി ഓഫ് ഒഫ്‌താൽമിക് സർജൻസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു ജയകുമാറിന്റെ ഒളിയന്പ് പ്രയോഗം.സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത് എന്നതാണ് എന്റെ ജോലി, വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് പലരും ഈ കുഴപ്പങ്ങളിലെല്ലാം ചെന്ന് ചാടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ തന്ത്രിയിലേയ്ക്കും എത്തുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് നേരത്തെ പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാനാണ് ശ്രമിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

ആകാംക്ഷയ്ക്ക് വിരാമമിട്ട് വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു. ഏകദേശം ഒരുമീറ്റര്‍ നീളവും മുക്കാല്‍ മീറ്ററോളം വീതിയുമുള്ള ഇരുമ്പ് അറക്കുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റ ആസ്ഥാന കേന്ദ്രമായിരുന്നു സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം.

 

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചെന്ന ആരോപണവുമായി.ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയിലാണ് ഗവര്‍ണര്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 

ദേശീയപാത 66 ൽ അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ​ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നടപടി. ഒരു മാസത്തേക്കോ സംഭവത്തിൽ വിദ​ഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെയോ കമ്പനിക്ക് എൻഎച്ച്എഐയുടെ കരാറുകളിൽ പങ്കെടുക്കാനാകില്ല.

 

കളമശ്ശേരിയിൽ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി. ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റിയതിനെതുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്. എഞ്ചിൻ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ, ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

 

മലപ്പുറം തേഞ്ഞിപ്പാലം ചേലേമ്പ്രയിൽ മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശി അബ്‌ദുൾ സലാം ആണ് തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി എന്നും അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. ചേലമ്പ്ര സ്വദേശികളായ അനൂപ്, സജിത്ത് തുടങ്ങി 6 ഡിവൈഎഫ്ഐക്കാർ ചേര്‍ന്ന് മർദിച്ചെന്നാണ് പരാതി.

 

ഡൽഹിയിലെ വായു ഗുണനിലവാരം മോശമായി തുടരുന്നതിൽ ആശങ്ക പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ മാസങ്ങളായി ഗുരുതര വിഭാഗത്തിൽ തുടരുന്ന വായു ഗുണനിലവാര സൂചിക, കുട്ടികളെയാണ് ബാധിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. തലസ്ഥാനത്ത് തുടരുന്നത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്നുെം ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിനരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

 

ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. എല്ലാവരെയും താഴെയെത്തിച്ചു. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇതിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ പറയുന്നു.

 

വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വരികയും ഇക്കാര്യങ്ങൾ ശരിവച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീ മൊഴി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ ഉമേഷിനെതിരെ കേസ് എടുത്തേക്കും. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

 

എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം ഉണ്ടായത്. കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

 

പുനലൂർ മുക്കടവ് ആളുകേറാമലയിലെ കൊലപാതകത്തിൽ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിയെ പരിചയമുള്ളവരോ തിരിച്ചറിയുന്നവരോ പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. രണ്ടുമാസം മുൻപാണ് ആളുകേറാമലയിൽ കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

 

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കിടെ ആളുകൾ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേ കുറിച്ച് ഒരു അറിവുമില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്. 17 ബിഎൽഒ മാർ മരിച്ചിട്ടും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നാണ് വിമർശനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന് കൃത്യമായ മറുപടി നൽകാനായില്ലെന്നും ടിഎംസി എംപി ഡെറിക് ഒബ്രിയാൻ പറഞ്ഞു.

 

കൂട്ടബലാത്സംഗ കേസിൽ മൂന്ന് വർഷമായി ഒളിവിൽ പ്രതിയെ തമിഴ്നാട്ടിലെത്തി സാഹസികമായി പിടികൂടി അടൂർ പൊലീസ്. നൂറനാട് പാലമേൽ സ്വദേശി കൊച്ചുതറയിൽ വീട്ടിൽ മനോജാണ് (35) പിടിയിലായത്. കൂട്ടബലാത്സംഗ കേസിൽ രണ്ടാം പ്രതിയായിരുന്നു മനോജ്. പത്തനംതിട്ട എസ്പി ആർ. ആനന്ദും കാരൈക്കുടി എഎസ്പി അനീഷ് പുരിയും സംയുക്തമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് അടൂർ ഡിവൈഎസ്പിയുടെ കീഴിലെ പ്രത്യേക സംഘം തമിഴ്നാട്ടിലെ കാരേക്കുടി ഭാഗത്തുനിന്നും ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം.

 

ലേബർ കോഡ് നടപ്പാക്കുന്നതിൽ കേരള സർക്കാർ കേന്ദ്രത്തിന്‍റെ ഇച്ഛയ്ക്കാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ലേബർ കോഡ് നടപ്പിലാക്കുന്നത് മുന്നിൽ കണ്ട് കേരളത്തിൽ നടപ്പിലാക്കിയ നടപടി അതിന്റെ തെളിവാണ്. ഒന്നിന് പുറകെ ഒന്നായി സിപിഎം ബിജെപിയോട് വിധേയത്വം കാണിക്കുന്നു. തൊഴിലാളി പാർട്ടി എന്ന ലേബൽ സിപിഎം അഴിച്ചുവെച്ചോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

 

 

ലാലാ ലജ്പത് റായ് മെമ്മോറിയൽ (എൽഎൽആർഎം) മെഡിക്കൽ കോളേജിലെ ക്യാമ്പസിൽ തെരുവ് നായ്ക്കൾക്ക് അഭയം നൽകുകയോ ഭക്ഷണം നൽകുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പ്രിൻസിപ്പലിന്റെ കർശന മുന്നറിയിപ്പ്. നിർദേശം ലംഘിക്കുന്നവരുടെ ഹോസ്റ്റൽ സൗകര്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

 

ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ റഷ്യൻ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. എസ് 400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ലോകത്തെ അത്യാധുനികമായ വ്യോമ പ്രതിരോധ സംവിധാനമെന്നാണ് റഷ്യയുടെ എസ് 400നെ വിശേഷിപ്പിക്കാറുള്ളത്. പുതിയ കരാർ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാ​ഗമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

 

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്ക്. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒുരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്.

 

 

മധ്യപ്രദേശിൽ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിക്ക് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സൽമാന് വെടിവെയ്പ്പിൽ കാലിന് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൽമാൻ പൊലീസിന്റെ കയ്യിൽ നിന്നും തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ വെടിവെപ്പിലാണ് സൽമാൻ പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. നവംബർ 21നാണ് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയാകുന്നത്.

 

 

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാക്കി ഹൈക്കമാന്‍ഡിന് മുന്നില്‍ പരസ്പരം കുറ്റപത്രവുമായി സിദ്ധരാമയ്യ, ശിവകുമാര്‍ ക്യാമ്പുകള്‍. ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമാണെന്ന് ആരോപിച്ച് സിദ്ധരാമയ്യ വിഭാഗം ഹൈക്കമാന്‍ഡിന് കത്തയച്ചു. മുഡ അഴിമതി കേസിലെ സിദ്ധരാമയ്യയുടെ പങ്ക് സൂചിപ്പിച്ച് ശിവകുമാര്‍ വിഭാഗവും തിരിച്ചടിച്ചു.

 

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ 66 മരണം. കനത്ത നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് വിവരം. ജനദജീവിതം ദുസ്സഹമാണ്. ലങ്കൻ സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്.

 

ലോകത്തിലെ ഏറ്റവും ജനസംഖ്യയുടെ ന​ഗരമായി ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത. ഐക്യരാഷ്ട്രസഭ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ നഗരമായി ജക്കാർത്ത മാറി. 4.19 കോടിയാണ് ന​ഗരത്തിലെ ജനസംഖ്യ. ബം​ഗ്ലാ​ദേശ് തലസ്ഥാനമായ ധാക്കയാണ് തൊട്ടുപിന്നിൽ.

 

കരുത്ത് തെളിയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കൈവരിച്ചത് 8.2 ശതമാനം വളര്‍ച്ച. കഴിഞ്ഞ ആറുപാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.

 

പുതിയഭാരത’ത്തിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയസുരക്ഷയെ കുറിച്ച് സംസാരിക്കവേ ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, നമ്മുടെ ‘സുദര്‍ശനചക്രം’ ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പറഞ്ഞു. ഇത് ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ കണ്ടതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

നാഷണൽ ഗാർഡ് സേനാംഗങ്ങൾക്ക് നേർക്ക് അഫ്ഗാൻ പൗരൻ നടത്തിയ ആക്രമണത്തെ തുടർന്ന് മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ശാശ്വതമായി നിർത്തിവെക്കുമെന്.പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭാവിയിലെ കുടിയേറ്റം തടയുക മാത്രമല്ല ബൈഡൻ ഭരണകൂടം അനുവദിച്ച ദശലക്ഷക്കണക്കിന് ഇമിഗ്രേഷൻ അനുമതികൾ പുനഃപരിശോധിക്കുമെന്നും ട്രംപിൻ്റെ പ്രഖ്യാപനത്തിൽ പറയുന്നു.

 

വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടത്തി അറസ്റ്റിലായവരില്‍ 9 പേർക്ക് ജാമ്യം ലഭിച്ചു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത 17 പേരിൽ ഒമ്പത് പേർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസവും അറസ്റ്റിലായ ഇരുപതോളം പേരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ആരോപണം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *