ശരീരത്തിന് ആവശ്യമുള്ള നാരുകള്‍, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പേരയ്ക്ക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാന്‍ കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും ഗ്യാസ്‌ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ലെന്ന് ആയുര്‍വേദം പറയുന്നു. മാത്രമല്ല, പേരയ്ക്ക അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലര്‍ക്ക് പേരയ്ക്ക അലര്‍ജിയുണ്ടാക്കാം. ചൊറിച്ചില്‍, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകള്‍, പ്രമേഹ മരുന്നുകള്‍, രക്തസമ്മര്‍ദ മരുന്നുകള്‍ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവര്‍ത്തിച്ചേക്കാം. പേരയ്ക്കയില്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവര്‍ക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രശ്‌നമുണ്ടാക്കാം. പഞ്ചസാരയുടെയും ആസിഡിന്റെയും അളവ് കൂടുതലായതിനാല്‍ ശരിയായ രീതിയില്‍ വായ വൃത്തിയാക്കിയില്ലെങ്കില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാം. മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ- രണ്ടോ പേരയ്ക്ക കഴിക്കുന്നതില്‍ കുഴപ്പമില്ല. നല്ലതു പോലെ പഴുത്ത പേരയ്ക്ക വേണം തിരഞ്ഞെടുക്കാന്‍. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദന ഉണ്ടാക്കാം.
ഉദരപ്രശ്നങ്ങള്‍ ഉള്ളവര്‍ പേരയ്ക്ക കഴിക്കരുത്!
