മദ്ധ്യാഹ്ന വാർത്തകൾ 20261007 203533 0000

 

 

ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും ദില്ലി പൊലീസ് വിട്ടയച്ചു. ബാരകമ്പ സ്റ്റേഷന് മുന്നിൽ വലിയ സംഘർഷം ഉണ്ടായിരുന്നു. മുഖ്യമന്ത്രി വിഡി സതീശൻ, രേവന്ത് റെഡ്ഡി, കെ സി വേണു​ഗോപാൽ, ഇടത് എംപിമാർ തുടങ്ങിയവരെ സ്റ്റേഷന് മുന്നിൽ തടഞ്ഞുവെച്ചിരുന്നു. പിന്നീടാണ് സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടത്. സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്ന പ്രവർത്തകരെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് നീക്കിയത്.

 

ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരെയും സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു. രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യ എംപിമാർക്കും പിന്തുണ അർപ്പിക്കാനാണ് ദില്ലിയിൽ എത്തിയതെന്നും അദ്ദേഹം കുറിച്ചു.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടത്താനിരുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ ദില്ലി പൊലീസ് നടപടിക്കെതിരെ കടുത്ത രോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. രാജ്യം മുഴുവൻ ഈ അക്രമം കാണുന്നുണ്ടെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

 

കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ വിവാദ പ്രസ്താവനയുമായി ആർഎസ്എസ് അനുകൂല അധ്യാപക സംഘടന. സമരത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യമെന്ന് സംശയിക്കുന്നതായി അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ആരോപിച്ചു.

 

സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷമായതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താനായില്ല. കെയു ജെനീഷ് കുമാർ എംഎൽഎ സെക്രട്ടറിയേറ്റിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജെനീഷിനെ വെട്ടാൻ മറ്റൊരു പേരുമായി എതിർചേരി ഇറങ്ങുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഒഴിവ് സമ്മേളന ശേഷം നികത്താമെന്ന് നേതൃത്വം തീരുമാനിച്ചു.

 

കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തനമാരംഭിച്ചു.AVGC-XR മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളെ സര്‍ക്കാര്‍ സേവനങ്ങള്‍, വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധിപ്പിക്കുകയാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പ്രധാന ലക്ഷ്യം.

 

ഇഎൻ സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു.

 

ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. തുടർന്ന് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ്റെ ജാമ്യം റദ്ദാക്കി. വിചാരണ നടപടികൾക്കായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് മുട്ടം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി.

 

കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്.

 

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗി പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരാരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനൊള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂവെന്ന് പികെ ശ്രീമതി പറഞ്ഞു.

 

ഹവാല ഇടപാട് ആരോപണത്തില്‍ മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്തായ ഹസൻ വാരിസ് മൊഴി എടുത്തു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് എസ്ഐടി സംഘം മൊഴിയെടുത്തത്

 

ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെടുന്നത്.

 

മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പാർട്ടിയിലെ പുതിയ റോൾ. ഒരാൾക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിച്ചു.

 

സംസ്ഥാനത്തെ കോളജ് ഹോസ്റ്റലുകളിൽ നിയന്ത്രണം ശക്തമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്. അനധികൃത താമസക്കാരെ ഒഴിവാക്കാനായി ഹോസ്റ്റലുകളിൽ പരിശോധനകള്‍ നടത്താനാണ് തീരുമാനം.

 

കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

 

തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിച്ച് ടിവികെ സർക്കാർ. ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ ജി അരുൺരാജ് രംഗത്തെത്തി.

 

 

പശ്ചിമ ബംഗാൾ സംസ്ഥാനത്തിൻ്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നുവെന്ന സൂചന നൽകി ബിജെപി. പശ്ചിമ ബംഗാൾ ‘പശ്ചിം ബംഗാ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ല് സഭാ സമ്മേളനത്തിൻ്റെ തുടക്കത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു.

 

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് 81 സൈനിക വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി സിആർഎസ് റിപ്പോർട്ട്. എഫ്-35 എ, എഫ്-15 ജെറ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിലൂടെ ഏകദേശം 330 കോടി ഡോളറിന്‍റെ സാമ്പത്തിക നഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടായത്.

 

ഇറാഖിൽ നിന്ന് അമേരിക്കൻ, ബ്രിട്ടീഷ് സൈന്യങ്ങൾ പൂർണ്ണമായി പിന്മാറി. ഈ പിന്മാറ്റം ഇറാഖ് സർക്കാരും അമേരിക്കയും ആഘോഷിക്കുമ്പോൾ, യഥാർത്ഥ നേട്ടം ഇറാനും ഷിയാ സായുധ സംഘടനകൾക്കുമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത് പശ്ചിമേഷ്യൻ മേഖലയിൽ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കും.

 

 

സൗദി അറേബ്യയിലെ സാധാരണക്കാർക്കും കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. റിയാദിന് നേരെ വന്ന ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി തകർത്തു. മുൻപ് നടന്ന ആക്രമണങ്ങളിൽ ഒരു പ്രവാസിക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *