Untitled design 20250112 193040 0000 2

 

എൽഡിഎഫ്, യുഡിഎഫ് എതിര്‍പ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കം. സംസ്ഥാനത്തെ എസ്ഐആർ ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ് ഭവനിലാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം തുടങ്ങിയത്. എല്ലാവരും സഹകരിക്കണമെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ​സമഗ്രവും കൃത്യവും ആയ പട്ടിക വഴി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമാകണമെന്നും ഗവർണർ പറഞ്ഞു.

 

 

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന് മറുപടിയുമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കുടിശിക ഇല്ലെന്ന് ഞാൻ പറഞ്ഞു എന്നതാണ് സതീശന്റെ വാദമെന്നും അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നുവെന്നും തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുകയെന്നും അദ്ദേഹം ചോദിച്ചു.

 

ശബരിമലയിൽ ‘അവതാരങ്ങളെ’ ഒഴിവാക്കാൻ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിക്കുള്ള സഹായികളെ ബോർഡ് നേരിട്ട് നൽകാൻ ആലോചിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി തെരഞ്ഞെടുക്കുമെന്നും സഹായികൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചത് ചില അവതാരങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ നിലവിലെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദൻ. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വർക്കർമാർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവഗണിച്ചവർക്ക് വോട്ടില്ല എന്ന പ്രചാരണം ഉയർത്തി വീടുകൾ കയറും. കേരളപ്പിറവി ദിനത്തിൽ ആശമാർ വിജയദിനം നടത്തുകയും സംസ്ഥാനത്തെ മുഴുവൻ ആശമാരെയും പങ്കെടുപ്പിക്കുമെന്നും വികെ സദാനന്ദൻ പറഞ്ഞു.

 

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മന്ത്രി വി.എന്‍. വാസവന്റെ മറുപടി. ചെന്നിത്തല … പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷം നല്ലതിനെ പിന്തുണയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

 

മെസ്സി വരില്ലെന്നുറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണത്തിൽ മെല്ലെപ്പോക്കെന്ന പരാതിയുമായി സ്റ്റേഡിയത്തിലെ വ്യാപാരികൾ. നവീകരണം നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. സ്റ്റേഡിയം നവീകരണം 30നകം തന്നെ പൂർത്തിയാക്കണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിസിഡിഎ. പൂർത്തിയായതും ബാക്കിയുള്ളതുമായ ജോലികൾ ജിസിഡിഎ വിലയിരുത്തും.

 

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. പിഎം ശ്രീയിൽ സർക്കാരിൻ്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ ഒപ്പ് വെച്ചത് സിപിഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവർത്തിച്ചു.

 

പിഎം ശ്രീ വിവാദത്തിൽ പോസ്റ്റുമോർട്ടത്തിനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പി എം ശ്രീയിൽ ഇത് വരെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പോസ്റ്റുമോർട്ടത്തിനില്ല. എന്തെല്ലാം ശരിയാണ് തെറ്റാണു എന്നതിൽ പ്രസക്തിയില്ല. ഇപ്പോൾ ഒരു ഉപസമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും പിഎം ശ്രീയിൽ ഒപ്പിട്ടത് സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് രംഗത്ത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദമുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ പറഞ്ഞു. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും- എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

 

സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്‍റ് ഉടമകള്‍ക്ക് നിര്‍ദേശം നല്ഡകി.

 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ അന്തിമ ടൈംടേബിൾ പുറത്തിറക്കി. പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയാണ് നടക്കുക. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് അവസാനിക്കും..

 

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എമായ ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കുടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇന്ത്യൻ പീനൽ കോഡിലെ നാനൂറ്റി ഒൻപതാം വകുപ്പ് പ്രകാരമുളള പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്താനാണ് നിർദേശം.

 

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. ശനിയാഴ്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.

 

മലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് പരിക്ക് പറ്റിയത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേൽപ്പിച്ചു. വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം ഡോക്ടറുടെ പിഴവ് മൂലം മുറിച്ചു മാറ്റിയെന്ന് പരാതി. തെറ്റായ റിപ്പോർട്ട് നൽകിയ തൃശൂരിലെ ജീവ ലബോറട്ടറിക്ക് എതിരെയും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ സർജൻ ഡോ ജോജോ വി ജോസഫിനെതിരെയും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജ പ്രഭാകരൻ. എന്നാൽ പാത്തോളജിസ്റ്റിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർജറി നടത്തിയെന്നാണ് ഡോക്ടറുടെ പ്രതികരണം.

 

നവജാത ശിശുവിൻറെ ജഡം ക്വാറിയിൽ തള്ളിയ സംഭവത്തിൽ തൃശൂർ ആറ്റൂരിൽ അമ്മ നീരീക്ഷണത്തിൽ. തുടർച്ചയായ രക്തസ്രാവത്തെത്തുടർന്ന് യുവതി തൃശൂർ മെഡിക്കൽ കോളSജിൽ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ സഹോദരനാണ് കുഞ്ഞിൻറെ ജഡം പാറക്വോറിയിൽ ഉപേക്ഷിച്ചത്. സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.

 

അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിരമിക്കുന്നതോടെയാണ് നിയമനം. 53ാമത് ചീഫ് ജസ്റ്റിസ് ആയിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 2027 ഫെബ്രുവരി 9 വരെയായിരിക്കും കാലാവധി.

 

ജോലി ചെയ്ത പണം കിട്ടാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപെട്ട് 17 കുട്ടികളെ ബന്ധിയാക്കിയ യുവാവ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഭിനയം പഠിക്കാനെത്തിയ കുട്ടികള്‍ ഉച്ചക്ക് പുറത്തുവരാതിരുന്നതും സ്റ്റുഡിയോയിൽ നിന്നും എയര് ഗണ്ണിന്റ വെടി പൊട്ടിയതോടെയുമാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഭീക്ഷണി മുഴക്കിയ യുട്യൂബറെ മുംബൈ പൊലീസെത്തി ഏറ്റുമുട്ടലിലൂടെ പിടികൂടി.

 

മുൻ നടി മംമ്ത കുൽക്കർണി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് നടത്തിയ പ്രസ്താവനയെ തുടർന്ന് വലിയ വിവാദത്തിൽ. ദാവൂദ് ഇബ്രാഹിം ഒരു തീവ്രവാദിയല്ലെന്നും അദ്ദേഹം ഇന്ത്യയിൽ ഒരു ബോംബ് സ്ഫോടനമോ ദേശവിരുദ്ധ പ്രവർത്തനമോ നടത്തിയിട്ടില്ലെന്നുമായിരുന്നു വൈറലായ വീഡിയോ ക്ലിപ്പിൽ മംമ്ത പറഞ്ഞത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ഒരു പരിപാടിയിൽ നിന്നുള്ളതായിരുന്നു വീഡിയോ.

 

കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ നാലെണ്ണം 2025 ലെ ശൈത്യകാല ഷെഡ്യൂളിൽ പ്രവർത്തനം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ബിസിനസ് ലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെ പ്രാബല്യത്തിൽ വരുന്ന 2025 ലെ ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച്, രാജ്യത്തെ 126 വിമാനത്താവളങ്ങളിൽ, ഉത്തർപ്രദേശിലെ അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്.

 

കർണാടകയിൽ ബാങ്കിന്റെ വൈ-ഫൈ നെറ്റ്‌വർക്ക് നെയിം “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് കണ്ടതിനെത്തുട‍ർന്ന് കേസ് ഫയൽ ചെയ്ത് പൊലീസ്. ബെംഗളൂരുവിലെ ജിഗാനി കല്ലുബാലു സഹകരണ ബാങ്കിന്റെ വൈ-ഫൈ കണക്ഷനിലാണ് ഇത്തരത്തിൽ മാറ്റിയ പേര് പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഗോവർദ്ധൻ സിംഗ് എന്നയാളാണ് സംഭവം ആദ്യം കണ്ടത്തിയത്. ഇയാൾ ബാങ്ക് പരിസരത്ത് നിന്ന് വൈഫൈ കണക്ഷനുകൾ നോക്കിയപ്പോൾ ഇത്തരത്തിലൊരു ഐ ഡി കാണുകയായിരുന്നു. ഇതിന് ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു.

 

സുഡാനിൽ കലാപം രൂക്ഷം. വിമത സേനയായ ആർ‌എസ്‌എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) പിടിച്ചടക്കിയ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ആശുപത്രിയിൽ 460 ൽ അധികം ആളുകളെ കൂട്ടക്കൊല ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎൻ ആരോഗ്യ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്.

 

ഉത്തര കൊറിയയിൽ ആത്മഹത്യ നിരക്കിൽ അടുത്ത കാലത്തായി വലിയ വര്‍ദ്ധവ് ഉണ്ടായതിനെ തുടർന്ന് രാജ്യത്ത് ആത്മഹത്യ നിരോധിച്ച് കൊണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചതായി റേഡിയോ ഫ്രീ ഏഷ്യയോട് സംസാരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആത്മഹത്യയെ “സോഷ്യലിസത്തിനെതിരായ ദ്രോഹം” എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ.

 

കത്തോലിക്കാ സഭയ്ക്ക് പുതിയ ഏഴ് വിശുദ്ധന്മാർ കൂടി. ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരിൽ മുൻ സാത്താൻ ആരാധകനായ വൈദികനും. ലിയോ പതിനാലാമൻ മാർപ്പാപ്പ കത്തോലിക്കാ സഭയുടെ നേതൃ പദവിയിലേക്ക് എത്തിയതിന് പിന്നാലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരുടെ എണ്ണം 9ായി. മുൻപ് സാത്താൻ ആരാധനയുടെ വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുകയും ചെയ്ത ഇറ്റാലിയൻ അഭിഭാഷകനായ ബാർത്തലോ ലോംഗോ അടക്കം ഏഴ് പുതിയ വിശ്വാസികളാണ് സഭയ്ക്ക് ലഭിച്ചത്.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ‌ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഏഴ് പേരെ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.

 

 

ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു.

 

 

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 24-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യപ്പെടുത്തി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാ ഗാന്ധി ഒരു സ്ത്രീ ആയിരുന്നു, അവര്‍ക്ക് ഈ പുരുഷനെക്കാള്‍ ധൈര്യമുണ്ടായിരുന്നെന്ന് നരേന്ദ്ര മോദിയെ ഉന്നംവെച്ച് രാഹുല്‍ പറഞ്ഞു. മോദി ഭീരുവാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *