എന്‍ആര്‍ഐ എഫ്ഡിയേക്കാള്‍ പ്രവാസികള്‍ക്ക് താത്പര്യം വിദേശ കറന്‍സി നിക്ഷേപം. നിശ്ചിത പലിശ വരുമാനം വിദേശ കറന്‍സിയില്‍ ലഭിക്കുമെന്നതാണ് പദ്ധതി ആകര്‍ഷകമാക്കിയത്. ഇതോടെ ഗള്‍ഫിലെ പ്രവാസികളില്‍നിന്നുള്ള എന്‍ആര്‍ഐ നിക്ഷേപത്തില്‍ 80 ശതമാനം വരെ കുറവുണ്ടായി. പദ്ധതി പ്രകാരം 2,800 കോടി ഡോളറാണ് ബാങ്കുകള്‍ സമാഹരിച്ചത്. വന്‍തോതില്‍ നിക്ഷേപം വഴിമാറിയതോടെ വിദേശ നിക്ഷേപ സമാഹരണ പദ്ധതിയില്‍നിന്ന് ഫണ്ട് മാനേജര്‍മാര്‍ പലരും പിന്‍വാങ്ങി. പലരും ആഭ്യന്തര നിക്ഷേപകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ആര്‍ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി കാലയളവ് സെപ്റ്റംബര്‍ 30-നാണ് അവസാനിക്കുക. കാലാവധി അവസാനിക്കാറായതോടെ പല നിക്ഷേപകരും നിലവിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് വിദേശ കറന്‍സി നിക്ഷേപത്തിലേക്ക് (എഫ്സിഎന്‍ആര്‍-ബി) മാറ്റുകയാണ്. നിലവില്‍ കൂടുതല്‍ പലിശയാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. വിദേശ കറന്‍സിയില്‍ പിന്‍വലിക്കാന്‍ കഴിയുമെന്നതും നികുതി ബാധ്യതയില്ലെന്നതും നേട്ടമാണ്. 5,500 കോടി ഡോളര്‍ നിക്ഷേപമാണ് ഇതിലൂടെ റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
