കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്.
കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് രണ്ടിടങ്ങളിലായി ചെറിയതോതിൽ മണ്ണിടിച്ചിൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ആശങ്ക. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണെന്നാണ് വിവരം.
കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവര്‍ത്തകനുമായ തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കുടുംബം. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന്‍ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യം തഹസില്‍ദാര്‍ അവഗണിച്ചെന്നാണ് ആരോപണം.
രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി കണ്ണൂർ എഡിഎം.
അതിരപ്പള്ളി, കല്ലൽ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ അവിടെ പ്രവേശിക്കാനോ കൃഷി നടത്താനോ സ്വകാര്യ വ്യക്തികൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്. എന്നാൽ അതിൻ്റെ മറവിൽ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എന്നാൽ ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ അല്ല, അടൂരിൽ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ഈടാക്കിയത്.
ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക് കരാർ നൽകിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടമെന്ന് വിജിലൻസ് കണ്ടെത്തൽ.
ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്. ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന പുതിയ കേസെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചിരിക്കുകയാണ് അർജുൻ ആയങ്കി.
ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാളാണ് എന്ന് പൊലീസിന് സംശയം. പൊലീസിനെ വഴിതെറ്റിക്കാനാണ് ഈ നീക്കമെന്നാണ് ഉയരുന്ന സംശയം. ആയങ്കിക്കെതിരെ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചത്തിലും കേസെടുക്കും.
കരവഴിയുളള കയറ്റിറക്കുമതി ഈ മാസം തുടങ്ങാനിരിക്കെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്. തൂത്തുക്കുടിയിലെ സ്ഥാപനമാണ് കരമാർഗം കണ്ടെയ്നർ എത്തിച്ച് കപ്പലിൽ കയറ്റി അയക്കാനുളള ബുക്കിങ് നടത്തിയതെന്നാണ് വിവരം.
വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒമാർക്കാണ് പരിക്കേറ്റത്. പ്രതികൾ വിലങ്ങണിഞ്ഞ കൈകൊണ്ട് അടിച്ചതിനെ തുടർന്ന് സിപിഒ രാകേഷിന്‍റെ മൂക്കിന്‍റെ പാലം തകർന്നു. സംഭവത്തിൽ തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി. കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം. റിസ ജീവനൊടുക്കിയത് ഭർത്താവിന്‍റെ പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
പരമ്പരാഗതമായ വിവാഹ സങ്കൽപ്പത്തിലും നിയമങ്ങളിലും ഇപ്പോൾ മാറ്റം വരുത്തരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അതേസമയം എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്‍റെ പാരമ്പര്യമെന്നും തുല്യാവകാശങ്ങൾ നൽകപ്പെടണമെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസിലെ നിയമനടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഹിന്ദുജ സഹോദരന്മാർക്കും സ്വീഡിഷ് ആയുധ നിർമ്മാതാക്കളായ എബി ബോഫോഴ്‌സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിയ 2005-ലെ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട അവസാന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.
നീറ്റ് ചോദ്യങ്ങൾ, സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരിൽ ഒരാൾ പേപ്പറിൽ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേർ ആകട്ടെ ചോദ്യങ്ങൾ ഓർത്തുവച്ച് കുറിപ്പുകളാക്കിയാണ് ചോർത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ തെരച്ചിൽ ഊർജിതം. ലത്തീഫ് ഭട്ടിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ.
