Untitled design 20250112 193040 0000 2

 

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതിൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നൽകും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡി എ കൂടി എല്ലാവർക്കും അനുവദിച്ചു. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും സതീശൻ ചോദിച്ചു.

 

പിഎംശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ചും പിന്നീട് സിപിഐയുടെ എതിർപ്പ് സംബന്ധിച്ചുമുള്ള ചോദ്യങ്ങൾക്ക്, ഇപ്പോള്‍ പറഞ്ഞതില്‍ക്കൂടുതല്‍ വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവയൊന്നും മറുപടിയില്ലാത്തതുകൊണ്ടല്ലമറിച്ച്, നിലവില്‍ തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണയില്‍നിന്ന് വ്യതിചലിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക.

 

പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനത്തെ ബിജെപി അപലപിക്കുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു.ചരിത്രപരമായ ഒരു മണ്ടത്തരം ആയിട്ട് ഇതിനെ സമൂഹം വിലയിരുത്തും.പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വൈരാഗ്യം മൂലമാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നത്.രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

സര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പിച്ചതാണ്. ജനം യാതൊരു ഗൗരവവും ഇതിന് നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

 

താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌ കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് കസ്റ്റഡിയിൽ. കൂടത്തായി സ്വദേശി അമ്പാടൻ അൻസാർ ആണ് പിടിയിലായത്. കൂടത്തായിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ 351 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

തന്ത്രി കണ്ഠരര് രാജീവരരുടെ കൈവശമുണ്ടായിരുന്ന പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകിയത്. 2017 ൽ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോഴാണ് പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെവാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് കത്ത് നൽകിയിരുന്നു.

 

മോൻതാ’ തീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് 9 വിരലുകള്‍ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്നും നീതുവിന് സിവിൽ കേസ് നൽകാമെന്നുമാണ് ബോർഡിന്‍റെ റിപ്പോർട്ട്. ആശയക്കുഴപ്പമുള്ളതിനാൽ വീണ്ടും വിശദീകരണം ചോദിച്ചിരിക്കുകയാണ് കഴക്കൂട്ടം പൊലീസ്.

 

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യത്തിന് വിട്ടു നൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന് മകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.പെൺമക്കളുടെ ആവശ്യം നേരത്തെ സുപ്രീംകോടതിയും തളളിയിരുന്നു.

 

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണം യാഥാര്‍ത്ഥ്യമാകാൻ പോവുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു.

 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച (30/10/2025) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും. 30 ന് വെകിട്ട് അഞ്ചുമണിക്കാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ നിന്നാണ് ആറാട്ടി ഘോഷയാത്ര ആരംഭിക്കുക.പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

 

മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവർച്ചയിൽ രണ്ടു പേർ പിടിയിൽ. പിടിയിലായത് അങ്കമാലി സ്വദേശികളാണ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. അങ്കമാലി സ്വദേശികളായ നിയാസും ശ്യാമുമാണ് പിടിയിലായത്. അങ്കമാലിയിൽ നിന്നും കറുക്കുറ്റിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കവർച്ചയ്ക്ക് എത്തിയ കാറും കണ്ടെടുത്തിട്ടുണ്ട്. കവർച്ചയുടെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

 

ഗാസയിലെ സമാധാന കരാർ കൂടുതൽ വഷളാകുന്നു. മൃതദേഹങ്ങൾ കൈമാറുന്നതിൽ കൃത്രിമത്വം കാണിച്ചതിലൂടെ ഹമാസ് ഇസ്രയേലിനെയും അമേരിക്കയെയും ലോകത്തെയും ചതിച്ചെന്ന രൂക്ഷമായ പ്രതീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 90 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഇസ്രയേൽ സൈനികനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 

ടിവികെ ജനറൽ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിനാണ് മഹാബലിപുരത്ത് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്‌യുടെ നിർദേശം. യോഗത്തില്‍ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രവർത്തകർക്കുള്ള തുറന്ന കത്തിൽ വിജയ് പറയുന്നുണ്ട്. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്.

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയില്ല. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ 14 സീറ്റുകളില്‍ കോണ്‍ഗ്രസും 11 സീറ്റുകളിൽ മുസ്ലിംലീഗും മത്സരിക്കും. സിഎംപിയും ആര്‍എസ്പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റിലാണ് മത്സരിക്കുക.

 

സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് എന്ന ബസ്സിലെ ജീവനക്കാരന്‍ കോഴിക്കോട് ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 26-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

ആമസോണ്‍ ആഗോള തലത്തിൽ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലിന്‍റെ ഭാഗമായി ആമസോണ്‍ ഇന്ത്യയിലെ 900 മുതൽ 1100 വരെ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ആമസോണ്‍ വെട്ടിച്ചുരുക്കുക 30,000 തസ്തികകളാണ്. 2022ൽ ഏകദേശം 27,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ വെട്ടിച്ചുരുക്കലാണിത്.

 

അഫ്ഗാൻ മണ്ണിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ഒരു “വിദേശ രാജ്യവുമായി” കരാറുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ വെളിപ്പെടുത്തലാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തുർക്കി ചർച്ചകളിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

 

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തൻ്റെ ഭീഷണി കാരണം നിറുത്തിയെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം നിറുത്തില്ലെന്ന് തന്നെ അറിയിച്ച നരേന്ദ്ര മോദി രണ്ട് ദിവസത്തിന് ശേഷം ഇത് സമ്മതിച്ചെന്നും ട്രംപ് പറഞ്ഞു. 250 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യയേയും പാകിസ്ഥാനേയും താൻ അറിയിച്ചെന്നും ട്രംപ് ജപ്പാനിൽ പറഞ്ഞു.

 

ഇന്ത്യ – ചൈന അതിർത്തിയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ കോർ കമാൻഡർ തല ചർച്ചയിൽ ധാരണയായി. ഈ മാസം 25 ന് ചുഷുൽ – മോൾഡോ അതിർത്തി കൂടിക്കാഴ്ചാ പോയിന്റിൽ നടന്ന യോഗത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തിയാണ് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ധാരണയായത്.

 

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ (ജെഇഎം) തലവൻ മസൂദ് അസ്ഹർ, സംഘടനയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ മൊഅ്മിനാത്ത് പ്രഖ്യാപിച്ചു. “ജയ്ഷിന്‍റെ ശത്രുക്കൾ ഹിന്ദു സ്ത്രീകളെ സൈന്യത്തിൽ എത്തിച്ചെന്നും വനിതാ മാധ്യമപ്രവർത്തകരെ തങ്ങൾക്കെതിരെ ഉപയോഗിക്കുന്നു എന്നുമാണ് മസൂദ് അസ്ഹറിന്‍റെ ആരോപണം. ഇതിനെ നേരിടാനാണ് പുതിയ വനിതാ വിഭാഗമെന്നും 21 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഓഡിയോ റെക്കോർഡിംഗിൽ അസ്ഹർ അവകാശപ്പെട്ടു.

 

ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിഹാറിലെ ജനങ്ങളെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബിജെപി. നാടന്‍ ഗുണ്ടയേപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

 

ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു.

 

പാകിസ്താനില്‍ തെഹ്‌രീകെ താലിബാന്റെ (ടിടിപി- പാകിസ്താനി താലിബാന്‍) ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂന്‍ഖ്‌വയിലാണ് ടിടിപി പാകിസ്താന്‍ സൈന്യത്തിന് നേരേ രൂക്ഷമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാക് സൈന്യത്തില്‍ ക്യാപ്റ്റനായ നുമാന്‍ അടക്കം .ഏഴുസൈനികര്‍ കൊല്ലപ്പെട്ടതായും 17 സൈനികര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *