ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിന്‍റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച്. മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചു. പിന്നാലെ ശരണം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിഎസ് പ്രശാന്തിന്റെ കോലം കത്തിച്ചു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും പിഎസ് പ്രശാന്ത് പ്രതികരിച്ചിട്ടുണ്ട്.
ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായതിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതികൂട്ടിലാണെന്നും ഹൈക്കോടതി വിധിയിലൂടെ സര്‍ക്കാരിന്‍റെയും ബോര്‍ഡിന്‍റെയും പങ്ക് വ്യക്തമായെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും സാരമായി ബാധിച്ചു. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്‍മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറണ്ടി റദ്ദാക്കും. വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലും സ്വർണം കാണാതായതായി പരാതി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് കാണാതായത്. ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ്ണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വിൽപന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തിൽ, ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം വിട്ട് നൽകുന്നതിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാൽ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. വിദേശത്ത് നിന്ന് എത്തിച്ച വാഹനത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതായി നിലപാട് അറിയിച്ച കസ്റ്റംസ് ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യാൻ ഓണ്‍ലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു. ബസ് എപ്പോഴെത്തുമെന്നോ എവിടെ എത്തിയെന്നോ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുകയും ഫോൺ എടുക്കാതിരിക്കുകയും ചെയ്ത കണ്ടക്ടറുടെ നടപടിയിൽ യാത്രക്കാര്‍ ബസിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി.
കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കി. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. 06.10.2025ന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേടാനായി.
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ സ്മരണാർത്ഥം കുരുന്നിന് അച്യുത് എന്ന് പേരിട്ടു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞ് ബീച്ചിലെ വനിത ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലാണ്
മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം റീ ഇംപേഴ്സ്മെന്റ് നൽകാത്തതിനെതിരെ തേവര സ്വദേശി പി. എം. ജോർജ് നൽകിയ പരാതിയിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പോളിസി ഹോൾഡർ ആയിരുന്ന പരാതിക്കാരൻ ചികിത്സാ ചെലവായി ആവശ്യപ്പെട്ട 61,228.99 രൂപ, “രോഗനിർണ്ണയത്തിനു മാത്രമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു” എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് കമ്പനി നിഷേധിച്ചിരുന്നു. ഈ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ഇൻഷുറൻസ് പോളിസിയുടെ വ്യവസ്ഥകൾ തെറ്റായി പ്രയോഗിച്ചതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കിയതിന്‍റെ കാരണം വിശദീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം.
തമിഴ്നാട്ടിൽ ഇനി ‘രോഗികൾ’ ഇല്ല. ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നവർ ഇനി ‘മെഡിക്കൽ ഉപഭോക്താക്കൾ’. സ്റ്റാലിൻ സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.തമിഴ്നാട്ടിൽ ഉടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് സർക്കാർ നിർദേശം നൽകി.
പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ നയം നടപ്പാക്കുന്നു. കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് ഇല്ലാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എൻഡിടിവിയോട് പറഞ്ഞു. ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.
ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി. അന്തിമ പട്ടികയിൽ ചേർത്ത വോട്ടർമാർ മുമ്പ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണോ അതോ പൂർണ്ണമായും പുതിയ വോട്ടര്‍മാരാണോ എന്ന് ആശയക്കുഴപ്പമുണ്ടെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
ഹരിയാനയിൽ എഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. എഡിജിപി പുരൻ കുമാറിനെയാണ് വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരൻ കുമാർ.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകൾ മാർച്ച് നടത്തി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റെ നേതൃത്വത്തിൽ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ പ്രതികരിച്ചിരുന്നു. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം.
എയർ ഇന്ത്യാ വിമാനത്തിൽ പക്ഷിയിടിച്ചു. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഗവർണർ ഗുര്‍മിത് സിങ്. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം. ഉത്തരാഖണ്ഡ് സ്കൂൾ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്യുകയും വേണം. സംസ്ഥാനത്ത് ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് പൊതുമേഖല ജോലികളിൽ സംവരണം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാർ വരുത്തിയ കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തി ദില്ലി ഹൈക്കോടതി. പൊതുമേഖലാ ജോലികളിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് സംവരണം നടപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംവരണ നയം നടപ്പാക്കാത്തതിനെ തുടർന്ന് കോടതി ഈ വിഷയം പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാൻ തീരുമാനിച്ചു.
ദേശീയ പാത ശൃംഖലയിലുടനീളം ക്യുആർ കോഡിലുള്ള പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. യാത്ര ചെയ്യുമ്പോൾ അവശ്യ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കുന്നതിനായാണ് പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കുന്നത്. സുതാര്യത വർദ്ധിപ്പിക്കുകയും ഹൈവേ ഉപയോക്താക്കൾക്ക് യാത്രാ സൗകര്യം ഉറപ്പാക്കുകയുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.
2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച 73-ാം ജന്മദിനം ആഘോഷിച്ച പുതിനെ ഫോണില്‍ വിളിച്ചാണ് മോദി ആശംസകള്‍ അറിയിച്ചത്.
സംഭാഷണത്തിനിടെ, ഇരുനേതാക്കളും ഇന്ത്യ- റഷ്യ ഉഭയകക്ഷി അജണ്ടയുടെ പുരോഗതി വിലയിരുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സർക്കാരിനെതിരെ ഈ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയത്.
