മലയാള സിനിമയില്‍ സമീപകാലത്തെത്തിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ബാലന്‍’. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം എന്നത് റിലീസിന് മുന്‍പു തന്നെ ബാലന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. ‘മകനേ മകനേ’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ശങ്ക ട്രൈബും നേഹ നായരും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായരും ലിബിന്‍ നോബിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് വേഷങ്ങള്‍ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്തി കയ്യടി നേടി.
