ഫോര്‍ച്യൂണറിന്റെ പുതിയ ബദല്‍ ഇന്ധന പതിപ്പുകള്‍ അവതരിപ്പിച്ച് ടൊയോട്ട. 2026 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ കമ്പനി ഫോര്‍ച്യൂണറിന്റെ രണ്ട് പുതിയ മോഡലുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ഒന്ന് 100 ശതമാനം ബയോഎത്തനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡലും മറ്റൊന്ന് ഇ50 ബയോഡീസല്‍ പതിപ്പുമാണ്. ഫ്‌ലെക്‌സ്-ഫ്യുവല്‍ ഫോര്‍ച്യൂണറില്‍ 100 ശതമാനം ബയോഎത്തനോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പുതിയ ഫ്യൂവല്‍ ലൈനുകള്‍, ഹോസ് പൈപ്പുകള്‍, എഞ്ചിന്‍ ഹെഡ് എന്നിവയുള്‍പ്പെടെയുള്ള നിരവധി മെക്കാനിക്കല്‍ ഘടകങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ മോഡലിന് 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് 161 ബിഎച്ച്പി കരുത്തും 243 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ടാമത്തെ മോഡലായ ഇ50 ബയോഡീസല്‍ ഫോര്‍ച്യൂണറില്‍ നിലവിലെ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ്. കൂടാതെ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
