രാജ്യത്തെ ജിഎസ്ടി വരുമാനത്തിലെ വന്‍ കുതിച്ചുചാട്ടത്തിനൊപ്പം കേരളത്തിനും മികച്ച നേട്ടം. 2026 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര ജിഎസ്ടി പിരിവ് 3,152 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധന. കേന്ദ്രത്തില്‍ നിന്നുള്ള ഐജിഎസ്ടി വിഹിതം കൂടി ചേര്‍ത്തുള്ള അന്തിമ സെറ്റില്‍മെന്റിന് ശേഷം ജൂലൈയില്‍ കേരളത്തിന്റെ ഖജനാവിലേക്ക് എത്തിയ തുക 3,161 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ സെറ്റില്‍മെന്റിലൂടെ സംസ്ഥാനത്തിന് ലഭിച്ച ആകെ തുക 12,864 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,516 കോടി രൂപയായിരുന്നു. ജൂലൈയില്‍ രാജ്യത്തെ ആകെ ജിഎസ്ടി വരുമാനം 2,11,205 കോടി രൂപയിലെത്തി (2.11 ലക്ഷം കോടി രൂപ). കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15.4 ശതമാനം വര്‍ധന. ആകെ ജിഎസ്ടി വരുമാനത്തില്‍ 39,835 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 47,881 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. ഇറക്കുമതി നികുതി ഉള്‍പ്പെടെയുള്ള സംയോജിത ജിഎസ്ടി ഇനത്തില്‍ 1,23,490 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു.
