വോയ്സ്, എസ്എംഎസ് സൗകര്യം മാത്രമുള്ള സ്പെഷ്യല്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം. ഡാറ്റാ സേവനം ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വോയ്സ്, എസ്എംഎസ് സൗകര്യം ലഭിക്കാന്‍ സഹായിക്കുന്ന വിധം പ്ലാനുകള്‍ അവതരിപ്പിക്കാനാണ് ട്രായി നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തില്‍ ട്രായി ഭേദഗതി വരുത്തി. പുതിയ വ്യവസ്ഥ അനുസരിച്ച് 30 ദിവസവും അതില്‍ കുറവുമുള്ള വാലിഡിറ്റി കാലയളവുകളിലേക്ക് ഈ പ്ലാനുകള്‍ നിര്‍ബന്ധമാണ്. കൂടാതെ എല്ലാ മാസവും ഒരേ തീയതിയില്‍ വൗച്ചര്‍ പുതുക്കാനുള്ള ഓപ്ഷനും ടെലികോം കമ്പനികള്‍ നല്‍കേണ്ടതുണ്ട്. ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 20 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.
