night news hd 16

നാളെ ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. പുതുതായി ചില പാര്‍ട്ടികള്‍കൂടി യോഗത്തിനെത്തുമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തെ എന്‍ഡിഎയുടെ വളര്‍ച്ച നിര്‍ണായകമാണ്. മോദിയുടെ വികസന അജണ്ടകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും താല്പര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇതേസമയം, പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം നാളേയും ബെംഗളൂരുവില്‍ തുടരും.

കെഎസ്ആര്‍ടിസിയില്‍ 1243 ജീവനക്കാര്‍ മുങ്ങി നടക്കുകയാണെന്നും നിശ്ചിത ദിവസത്തിനകം ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നും സിഎംഡി ബിജു പ്രഭാകര്‍. ഡബിള്‍ ഡ്യൂട്ടി എന്നിങ്ങനെ പല പേരുകളിലായി നിയമവിരുദ്ധമായ ഡ്യൂട്ടി പാറ്റേണ്‍ ആണ് കെഎസ്ആര്‍ടിസിയിലുള്ളത്. ചില ജീവനക്കാര്‍ പെന്‍ഷന്‍ പ്രതീക്ഷിച്ചാണ് കെഎസ്ആര്‍ടിസിയില്‍ തുടരുന്നത്. ഫേസ്ബുക്കിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി.

പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ കെ. എം. ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്. വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നോട്ടീസയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം. ഷാജി കൈക്കൂലി ചോദിച്ചതിനോ വാങ്ങിയതിനോ തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് മരിച്ചത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കി ചിത്രീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ശ്രമിക്കുന്നെന്ന് എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ്. ജില്ലയിലെ കേസുകള്‍ പെരുപ്പിച്ചു കാട്ടുകയും മലപ്പുറത്തെ കരിവാരിതേക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എസ്പിക്കു സംഘ പരിവാര്‍ പശ്ചാത്തലമുണ്ടെന്നും പി കെ നവാസ് ആരോപിച്ചു.

വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേര്‍ പിടിയില്‍. നിലമ്പൂര്‍ അകമ്പാടത്താണ് മമ്പാട് സ്വദേശികളായ സക്കീര്‍ ഹുസൈന്‍, മുനീര്‍, ചാലിയാര്‍ സ്വദേശി അജ്മല്‍ എന്നിവരെ വനംവകുപ്പ് പിടി കൂടിയത്. നാടന്‍ തോക്കും പിടിച്ചെടുത്തു.

കണ്ണൂര്‍ പാനൂര്‍ പുത്തൂരില്‍ സ്‌കൂട്ടര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. കൊളവല്ലൂരിലെ ഹാദി ഹംദാന്‍ ആണ് മരിച്ചത്. സ്‌ക്കൂട്ടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് മുക്കത്തിനടുത്ത് മാടാമ്പുറം വളവില്‍ ബസ് റോഡില്‍ തെന്നി നീങ്ങി. ബസ് റോഡിനു വട്ടവച്ചു നിന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണിത്.

അരിക്കൊമ്പന്‍ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ്. രണ്ടു ദിവസം മുമ്പാണ് വനംവകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്. ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

മലപ്പുറം മങ്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. പീഡനത്തിന് ഇരയാക്കിയ സ്വന്തം സഹോദരനും 24 കാരനായ ബന്ധുവും പോലീസിന്റെ കസ്റ്റഡിയിലായി.

തിരുവല്ലയില്‍ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി കുന്നന്താനം സ്വദേശി ജിബിന്‍ ജോണിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷ് (26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി നേരത്തെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ഹര്‍ജി ഭരണഘടന ബെഞ്ചിനു വിട്ടേക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. ഭരണഘടന ബെഞ്ചിന് ഹര്‍ജി വിട്ടാല്‍ വേഗത്തില്‍ തീര്‍പ്പുണ്ടാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാര്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ ശരത് പവാറിനെ സന്ദര്‍ശിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സന്ദര്‍ശനം. അദ്ദേഹം തങ്ങളെ ക്ഷമയോടെ കേട്ടെന്നും മറുപടി തന്നില്ലെന്നും വിമത എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേല്‍ പറഞ്ഞു.

അടുത്ത ഘട്ടവും വിജയകരമായി പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന് മുന്നേറുന്നു. ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നടക്കും.

ഭോപ്പാല്‍ -ഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസില്‍ അഗ്‌നിബാധ. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്‌നിബാധയുണ്ടായത്. ആളപായമില്ല.

ട്വിറ്ററിന്റെ പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. കടബാധ്യതയും വര്‍ധിച്ചു. പരസ്യ വരുമാനം പകുതിയായി കുറഞ്ഞതുമൂലം ട്വിറ്ററിലേക്ക് ഇപ്പോഴും പണം ഒഴുക്കേണ്ടി വരികയാണെന്നും മസ്‌ക് വെളിപെടുത്തി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *