ഫോര്‍ച്യൂണറിന്റെ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കി ടൊയോട്ട ഇന്ത്യ. 44.72 ലക്ഷം രൂപയാണ് നിയോ ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഹൈബ്രിഡ് മോഡലിന്റെ വില. ലജന്ഡറിന്റെയും നിയോ ഡ്രൈവ് മോഡലിന്റെ വില 50.09 ലക്ഷം രൂപയാണ്. ഹൈറൈഡറിനെപ്പോലെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനത്തിന് നിയോ ഡ്രൈവ് എന്ന പേരാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്. ഹൈബ്രിഡ് മോഡലിന്റെ ബുക്കിങ് ജൂണ്‍ 2 മുതല്‍ ആരംഭിച്ചു. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം വഴി ഫോര്‍ച്യുണര്‍ എംഎച്ച്ഇവിയുടെ പെര്‍ഫോമെന്‍സും ഇന്ധനക്ഷമതയും വര്‍ധിക്കും. പെട്ടെന്ന് വേഗമെടുക്കേണ്ടി വരുമ്പോള്‍ സഹായിക്കുന്ന ഇതേ സംവിധാനം ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സാധാരണ ഡീസല്‍ വാഹനങ്ങളിലെ പ്രശ്നമായ അന്തരീക്ഷ മലിനീകരണമെന്ന പ്രശ്നം കുറക്കാനും ഇതുവഴി ഫോര്‍ച്യൂണറിന് സാധിക്കും. 2.8 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ജിഡി സീരീസ് ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ എംഎച്ച്ഇവിയിലുള്ളത്. ഹൈബ്രിഡിന്റെ വരവോടെ വാഹനത്തിന്റെ കരുത്ത് 201 എച്ച്പിയും ടോര്‍ക്ക് 500എന്‍എമ്മുമായി വര്‍ധിക്കും. ഡീസല്‍ എന്‍ജിനുകളില്‍ മാത്രമായിരിക്കും ഹൈബ്രിഡ് മോഡല്‍ ലഭ്യമാവുക.
ഫോര്‍ച്യൂണറിന്റെ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍
