എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നുണ്ടാകാം. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ശരീരം മുഴുവന്‍ ഓക്സിജന്‍ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്നുപോകുമ്പോഴാണ് അനീമിയ എന്ന അവസ്ഥയിലെത്തുന്നത്. ഭക്ഷണം കൃത്യമാക്കിയാല്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി ഉന്മേഷം തിരിച്ചുപിടിക്കാനാകും. ഇറച്ചി, മത്സ്യം, പച്ചക്കറികള്‍, ഇലക്കറികള്‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാം. ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പും ഉയര്‍ന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടിലുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് ആയി കുടിക്കുന്നതും നല്ലതാണ്. ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ബീന്‍സ്, നിലക്കടല, മുളപ്പിച്ച പയര്‍ എന്നിവയും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ നല്ലതാണ്. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇരുമ്പ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ പഴങ്ങളാണ്.
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നുണ്ടോ?
