തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കണ്ടെത്താനാകാത്തവരുടെ പട്ടികയിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നമുണ്ടെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് രേഖയായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനെയും എതിര്‍ത്തു. ഇതിനിടെ എസ്ഐആറിനായി വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്കുകള്‍ തുടങ്ങാൻ സര്‍ക്കാര്‍ ഉത്തരവിറക്കി
ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ കോൺഗ്രിസിനെതിരെ ചോദ്യങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോൺഗ്രസേ.. ഉരുളലല്ല, വേണ്ടത് മറുപടിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചോദ്യങ്ങൾ ഉയരുമ്പോൾ കോൺഗ്രസ് നേതാക്കൾ കിടന്നുരുളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വ്യക്തമായ ചോദ്യങ്ങൾക്ക് മുന്നിൽ പരിഹാസമല്ല, കൃത്യമായ മറുപടിയാണ് വേണ്ടത്.ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ചിലത് അറിയാനുണ്ടെന്നും അദ്ദേഹം കുറിച്ചു.
ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ഇന്ന് ഉച്ച വരെ എത്തിയത് 30,56,871 പേർ. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തി.
ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേറ്റു. പിന്നാലെ ചേർത്തുപിടിച്ച നാടിനോടുള്ള നന്ദി അനിൽ അക്കര കുറിച്ചു. ‘അയാളെ അയാളുടെ നാട് കൈവിട്ടിരിക്കുന്നു’ എന്ന് അഞ്ച് വർഷം മുൻപ് മുൻ മന്ത്രി എ സി മൊയ്തീൻ നിയമസഭാ സമ്മേളനത്തിൽ പ്രസംഗിച്ചത് കണ്ണീരോടെയാണ് താൻ കേട്ടിരുന്നതെന്ന് അനിൽ അക്കര പറഞ്ഞു. ആ വാക്കുകൾക്ക് ആറ്റംബോംബിനേക്കാൾ പ്രഹര ശേഷിയുണ്ടായിരുന്നു. എന്നാൽ ആ യുദ്ധത്തിൽ മരിച്ച് വീഴാനല്ല തീരുമാനിച്ചതെന്നും അവിടെ നിന്ന് ആദ്യം മുതൽ തുടങ്ങുകയായിരുന്നുവെന്നും അനിൽ അക്കര കുറിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ വലിയ അട്ടിമറികൾ. തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി വൻ അട്ടിമറി നടത്തി. ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. എറണാകുളം പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്‍റി20 യുഡിഎഫിന് വോട്ടു ചെയ്തതായിരുന്നു മധ്യകേരളത്തിലെ മറ്റൊരു അട്ടിമറി.
തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥി രാജിവച്ചു. കോൺഗ്രസിലെ എസ് ഗീതയാണ് രാജി വെച്ചത്. എസ്‍ ഡി പി ഐ പിന്തുണ വേണ്ടെന്ന കെപിസിസി തീരുമാന പ്രകാരമാണ് രാജി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ലീഗ് സ്വതന്ത്രൻ കാലുമാറിയതോടെ പ്രസിഡണ്ടന്‍റ് സ്ഥാനവും പഞ്ചായത്ത് ഭരണവും നഷ്ടപ്പെട്ടതിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത ജാഫർ മാഷുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ജാഫർ മാഷുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും നാടകീയതയും വന്‍ ട്വിസ്റ്റുകളും. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ഇടതുമുന്നണി തിരിച്ചടി നേരിട്ടപ്പോള്‍ നറുക്കെടുപ്പില്‍ മന്ത്രി എംബി രാജേഷിന്‍റെ പഞ്ചായത്ത് എല്‍ഡിഎഫിനെ കൈവിട്ടു. എല്‍ഡിഎഫ് അംഗത്തിന്‍റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചു.
പാലക്കാട് പെരുങ്ങോട്ട് കുറിശ്ശിയില്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി. ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പ് എന്‍ഡിഎയെ തുണച്ചു. മൂന്നു പഞ്ചായത്തുകളില്‍ ക്വാറം തികയാത്തതിനെത്തുടര്‍ന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയിലേക്ക് മാറ്റി.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി 22 വയസുകാരി ദുർഗ കാമിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മികച്ച ചികിത്സ തന്നെ നല്‍കുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ടെന്നും ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി സന്ദർശനത്തിന് ശേഷം അറിയിച്ചു
ചിറ്റൂരിൽ കാണാതായ 6 വയസ്സുകാരനായി വ്യാപക തെരച്ചിൽ. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.
കൊല്ലം ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. എട്ടാം വാർഡിൽ നിന്ന് വിജയിച്ച ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്‍റ്. യുഡിഎഫ് പിന്തുണയോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇവിടെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ് കൃഷ്ണൻ ആണ് പ്രസിഡന്‍റ്. എൻഡിഎ -6, യുഡിഎഫ് -5, എൽഡിഎഫ്-5, സ്വതന്ത്രൻ- 1 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില.
ആലപ്പുഴ ജില്ലയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും. ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം പിടിച്ചത്.
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി വി രാജേഷിന് അഭിനന്ദനങ്ങളറിയിച്ച് സിനിമാ താരം മല്ലികാ സുകുമാരൻ. സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും,വ്യക്തിപരമായ നിലനിൽപ്പിനും വേണ്ടി ആരോപണ അസ്ത്രങ്ങളാക്കി മറ്റുള്ളവരുടെ നേർക്കു പ്രയോഗിക്കുന്നവർക്ക് എന്നും ഒരു മാതൃകയാണ് വി വി രാജേഷ്. ശ്രീ.രാജേഷ് ഈ വിജയം 100% അർത്ഥവത്തായി പ്രവർത്തി മേഖല സമ്പന്നമാക്കട്ടെയെന്നും ഫേസ്ബുക്കിലൂടെ അഭിനന്ദനമർപ്പിച്ചു.
കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. പയ്യാവൂര്‍ മുത്താറി കുളത്താണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളിൽ രണ്ടുപേര്‍ അടിയൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുഷ്‍പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. മജിസ്ട്രേറ്റ് കോടതിയിൽ ഹൈദരാബാദ് പൊലീസ് സമർപ്പിച്ച കുറ്റ പത്രത്തിലാണ് അല്ലു അർജുനെ പ്രതി ചേർത്തിരിക്കുന്നത്. അപകടം നടന്ന സന്ധ്യ തിയേറ്ററിന്‍റെ ഉടമയാണ് ഒന്നാംപ്രതി. അല്ലു അർജുന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കേസില്‍ ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. അടുത്ത മാസം അഞ്ച് മുതല്‍ തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം തുടങ്ങുമെന്ന് ദില്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നേതൃത്വം വ്യക്തമാക്കി. പുതിയ നിയമം മോദിയുടെ മറ്റൊരു വണ്‍മാൻ ഷോയാണെന്നും, മന്ത്രിസഭയെ അറിയിക്കാതെ പ്രധാനമന്ത്രി ഒറ്റക്കെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ബെംഗളൂരുവിലെ ചേരി പൊളിച്ചതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി. പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണെന്നും അദ്ദേഹത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ വസ്തുതകൾ അറിയാതെ വിഷയത്തിൽ ഇടപെടരുതെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പിണറായി വിജയനെതിരെ രംഗത്തെത്തിയത്.
ആകാശയാത്രാ സ്തംഭനത്തിൽ ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിർദേശിച്ചുള്ള റിപ്പോർട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം. ആഭ്യന്തര സർവീസുകൾ മാത്രം താറുമാറായതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. അന്വേഷണം പൂർത്തിയായാൽ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു
ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം താമസക്കാരുടെ വീടുകൾ തകർത്ത സർക്കാർ നടപടിയെ അപലപിച്ച് സിപിഎം കർണാടക സംസ്ഥാന കമ്മിറ്റി. കുടിയിറക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും തകർക്കപ്പെട്ട വീടുകൾ സർക്കാർ പുനർനിർമിച്ച് നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ 25-35 വർഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന ദരിദ്ര കുടുംബങ്ങളെയാണ് സർക്കാർ ഇറക്കിവിട്ടത്. മുൻകൂട്ടി നോട്ടീസ് നൽകാതെ, പുലർച്ചെ നടത്തിയ ഈ നടപടി അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
ആർ എസ് എസിനെ പുകഴ്ത്തി വിവാദത്തിലായി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ്. ആർ എസ് എസിൽ താഴേ തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്ന് ദ്വിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടതാണ് വിവാദമായത്. അദ്വാനിയുടെ കാൽചുവട്ടിലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദം കത്തുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയർത്തിയ വിമർശനത്തിന് പിന്നാലെ ഇടപെട്ട് കോൺഗ്രസ് നേതൃത്വം. കർണാടക കോൺഗ്രസിൽ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെ.സി.വേണുഗോപാലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്. വീടുകൾ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി.
ബംഗ്ലാദേശിലെ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടി റദ്ദാക്കി. പരിപാടിക്ക് നേരെ അക്രമമുണ്ടായ സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. ധാക്കയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഫരീദ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനത്തിൻ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
