Untitled design 20250112 193040 0000 1

 

 

കേന്ദ്രസർക്കാരിന്റെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്‌ മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾക്ക്‌ കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൃഷി വകുപ്പും ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമൊക്കെ കേന്ദ്ര ഫണ്ടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിർക്കേണ്ടതാണെന്നും പിഎം ശ്രീയിൽ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം. എൻ.ഇ.പിയിൽ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും ഇടത് സർക്കാർ ഇതിനെ എതിർക്കുകയാണ് വേണ്ടതെന്നും വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

 

പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും, മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും മന്ത്രി കെ രാജൻ . പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും‌ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്നത് കൊണ്ടാണ് പദ്ധതിയിൽ ഒപ്പിടാത്തതെന്നും ഫണ്ട് തരനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു.

 

സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വൈകി വന്ന വിവേകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകിയ പദ്ധതിയുടെ പ്രയോജനങ്ങൾ ഇത്രയും കാലം തടഞ്ഞു വെച്ച സിപിഎമ്മും പിണറായി വിജയൻ സർക്കാരും മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പ് ലംഘിക്കുന്നത് പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. കേന്ദ്രം നൽകുവാനുള്ള ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപ, യോജിച്ച സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതിന് പകരം, കേന്ദ്ര നയങ്ങൾക്ക് വഴങ്ങുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലു വിളിയാണെന്നും എ ഐ എസ് എഫ് വിശദമാക്കി.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ ധൃതി പിടിച്ചു മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് കേരളത്തിനു വേണ്ടിയല്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പാർട്ടി താൽപര്യമാണെന്നും അതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

 

കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കില്ല. പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന് നോട്ടീസ് പോലും നൽകിയില്ലെന്നുമാണ് വിവരം. വർഷങ്ങൾക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്.

 

സിപിഎമ്മുമായുള്ള ഉടക്ക് തുടർന്ന് ജി സുധാകരൻ. കുട്ടനാട്ടിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ക്ഷണം ഉണ്ടായിട്ടും പങ്കെടുത്തില്ല. എന്നാൽ പരിപാടി നടത്താൻ ആളുകളുണ്ടല്ലോ എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും സഖാക്കൾ പാർട്ടിയിൽ സജീവമാകണമെന്ന് കുട്ടനാട്ടിലെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. ജി സുധാകരനെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ഒളിയമ്പ്.

 

കേരളത്തിൽ ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അല‍ർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അല‍ർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

പേരാമ്പ്ര സംഘർഷത്തിൽ പൊലീസിന്റെ കരങ്ങൾ കെട്ടാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എസ്പി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയെന്നും എ ഐ ഉപയോഗിച്ച് ഷാഫി പറമ്പിൽ എംപിയെ പരിക്കേൽപ്പിച്ചത് ആരാണെന്ന് കണ്ടെത്തുമെന്ന് എസ് പി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും ഭീഷണി പ്രസംഗം നടത്തിയതിനു ഇപി ജയരാജന് എതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി മണ്ഡലത്തിലെ പെരുവല്ലൂർ ഗവ. യുപി സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാതെ തിരിച്ചു പോയെന്ന് വിവരം. സ്കൂൾ ഗേറ്റ് കടന്ന്‌ മന്ത്രിയുടെ വാഹനം അകത്തേക്ക് പ്രവേശിച്ചെങ്കിലും വാഹനം പുറകോട്ടെടുത്ത് അദ്ദേഹം റോഡുദ്ഘാടനവേദിയിലേക്ക് പോകുകയായിരുന്നു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തിരിച്ചുപോയതെന്നും അദ്ദേഹത്തിന്റെ പ്രോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നുമാണ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.

 

ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നൽകുന്ന പ്രതിഭകൾക്ക് വേണ്ടി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് മുൻ മന്ത്രിയായ ജി.സുധാകരനെ തെരഞ്ഞെടുത്തു. ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

 

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് യുഡിഎഫ് എംപി എൻ.കെ. പ്രേമചന്ദ്രൻ. യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രൻ ഇക്കാര്യം ആരോപിച്ചത്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ അളവെടുത്തത് അനുമതിയില്ലാതെയെന്ന് വിവരം. സന്നിധാനത്ത് ആളെയെത്തിച്ച് പീഠത്തിന്റെ അളവെടുക്കാൻ പോറ്റിക്ക് രേഖാമൂലം ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നില്ലെന്ന് എസ്ഐടി കണ്ടെത്തി. 2020ൽ പോറ്റി ഒരു ജീവനക്കാരെയും കൂട്ടി പീഠത്തിൻ്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോൾ സുഹൃത്തിന് കൈമാറി. ഈ പീഠമാണ് പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.

 

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണം മാലിന്യം വലിച്ചെറിയലാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ലെന്നും മാലിന്യം വലിച്ചെറിയൽ തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ കൊച്ചിയിൽ ചേർന്ന സംഘടനകളുടെ യോഗം തീരുമാനിച്ചു.

വഖഫ് ഭൂമി വഖഫ് ആയി നില നിർത്തി താമസക്കാരുടെ പുനരധിവാസത്തിനു സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് സംഘടനകളുടെ യോഗത്തിൽ ഉയർന്ന ആവശ്യം. കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് വിവിധ മുസ്ലിം സംഘടനകൾ യോഗം ചേർന്നത്.

 

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം. വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയിൽ സ്കൂള്‍ നൽകിയ ഹര്‍ജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.

 

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളും കൂടി പഠനം നിര്‍ത്തി വെറെ സ്കൂളിലേക്ക് മാറുന്നുവെന്ന് വിവരം. വെറെ സ്കൂളിലേക്ക് മാറുന്നതിനായി സെന്‍റ് റീത്താസ് സ്കൂളിൽ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനായി രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് സ്കൂളിലേക്കാണ് കുട്ടികളെ ചേര്‍ക്കുന്നത്. ഹിജാബ് വിവാദത്തിനിരയായ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം.

 

കൊല്ലം കടയ്ക്കലിൽ സിപിഐയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പേർ പാർട്ടി വിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി . 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്. 700 ൽ അധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കൾ അവകാശപ്പെട്ടു. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും വ്യക്തമാക്കി.

 

സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിയ ‘ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ’ പദ്ധതിക്ക് നീതി ആയോഗിന്റെ ദേശീയ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ പുരസ്കാരം നേടുന്ന കേരളത്തിലെ ഏക നഗരസഭയായി മാറി സുൽത്താൻ ബത്തേരി. കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളിലെത്താത്ത കുട്ടികളെ തിരികെ കൊണ്ടുവരാനും സ്കൂളിനെ കുട്ടികളുടെ ഇഷ്ടയിടമാക്കി മാറ്റാനുമാണ് കഴിഞ്ഞ നാല് വർഷമായി പദ്ധതി നടപ്പിലാക്കുന്നത്.

 

സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയതിൽ വിഷമമില്ലെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്. പല ഘട്ടങ്ങളിലും സിപിഎം തന്നെ തഴഞ്ഞതാണ്. 20 വർഷമായി സിപിഎമ്മിൽ സത്യസന്ധമായാണ് താൻ പ്രവർത്തിച്ചതെന്നും കോൺഗ്രസിന്റെ ഉന്നതരായ നേതാക്കളുമായി തനിക്ക് പതിറ്റാണ്ടുകളായി സൗഹൃദമുണ്ട്, പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ വിഷമമില്ല. തുടർന്നും സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ്‌ ചെയ്ത് കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

 

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ചർച്ച മില്ലുടമകളിൽ നിന്നും ഉണ്ടായത് അനുഭാവ പൂർണമായ പ്രതികരണമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന് തന്നെ മറ്റ് അംഗങ്ങളുമായി ആലോചിച്ച് ഭാരവാഹികൾ മറുപടി അറിയിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു.

 

അതിരപ്പിള്ളിയിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയായ 9-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദനമേറ്റിട്ടും ഹോസ്റ്റൽ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കൾ ആരോപിച്ചു. ഹോസ്റ്റൽ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു.

 

മലപ്പുറം ചേലേമ്പ്രയിൽ ഫീസടക്കാതിരുന്നതിനെ തുടർന്ന് കുഞ്ഞിനെ സ്കൂൾ ബസിൽ കയറ്റാതിരുന്ന സംഭവത്തിൽ എ.എൽ.പി സ്കൂൾ അധികൃതരോട് വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. എന്നാൽ ഫീസ് കുടിശിക ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നും സ്കൂൾ അധികൃതർ മറുപടി നൽകി. കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവർ സ്വമേധയാ പിൻമാറുകയായിരുന്നുവെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.

 

കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മ നിര്‍ത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആൾ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പൊലീസ് എത്തി എല്ലാവരോടും പുറത്തിറങ്ങാൻ പറയുകയായിരുന്നു. എന്നാൽ കയ്യില്‍ ഉണ്ടായത് ലൈസന്‍സ് ഉള്ള തോക്കാണെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറസ്റ്റിലായ ആൾ പറഞ്ഞു

 

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറാണ് പിടിയിലായ പ്രതി. സംഭവത്തിനുശേഷം പ്രതി മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നു.

 

പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം.

 

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമെന്ന് റിപ്പോർട്. നഗരത്തിൽ വായുഗുണനിലവാര സൂചിക ശരാശരി 270 രേഖപ്പെടുത്തി. ദീപാവലിക്ക് മുൻപെ സ്ഥിതി ഗുരുതരമാകുന്നതിൽ ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും. നഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. അക്ഷർധാമിൽ 426ഉം ആനന്ദ് വിഹാറിൽ 416ഉം ആണ് രേഖപ്പെടുത്തിയത്. 9 ഇടങ്ങളിൽ മലിനീകരണതോത് മുന്നൂറ് കടന്നു.

 

മാതാപിതാക്കള്‍ പെണ്‍മക്കളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതിൽ നിന്ന് വിലക്കണമെന്നും, ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പെൺകുട്ടികളുടെ കാല് തല്ലി ഒടിക്കണമെന്നും ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ വിദ്വേഷ പരാമ‍‍ർശം നടത്തിയത്. മാതാപിതാക്കളുടെ നിർദ്ദേശം പാലിക്കാത്ത പെൺകുട്ടികളുടെ കാലുകൾ തല്ലിയൊടിക്കണമെന്നായിരുന്നു പ്രജ്ഞയുടെ പരാമ‍ർശം.

 

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കു കിഴക്ക് അറേബ്യന്‍ ഗൾഫ് കടലില്‍ ഭൂചലനം രേഖപ്പെടുത്തി. ഖഫ്ജിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സൗദി ജിയോളജിക്കൽ സർവേയുടെ നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തിയത്.

 

മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ ഔറംഗബാദ് നഗരത്തെ ഛത്രപതി സംഭാജിനഗർ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്.

 

കശ്മീരി പണ്ഡിറ്റുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി നേതൃത്വം ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാൻസൈബ് സിർവാൾ. കശ്മീരി പണ്ഡിറ്റുകൾ ഏറെക്കാലമായി നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉൾപ്പെടെ ബിജെപി നേതാക്കൾ കശ്‌മീരി പണ്ഡിറ്റുകളുടെ ക്യാംപുകൾ ഇതുവരെ സന്ദർശിച്ചില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കവർച്ചയിൽ നിലപാട് കടുപ്പിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി. കാണിക്കയായി ലഭിച്ച പണത്തിൽ നിന്ന് 100 കോടി രൂപ ജീവനക്കാരൻ കടത്തിയ കേസ് ഒത്തുതീർപ്പാക്കിയ സംഭവത്തിൽ തിരുപ്പതി തിരുമല ദേവസ്ഥാനം ഓഫീസറോട് നേരിട്ട് ഹാജരാകാൻ കോടതി നി‍ർദേശിച്ചു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

 

കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്നും ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണെന്നും കർണാടക പൊലീസ് അറിയിച്ചു.

 

മയക്കുമരുന്നുമായി അമേരിക്കയിലേക്ക് പുറപ്പെട്ട അന്തർവാഹിനി കപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ച് നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പിടികൂടിയ രണ്ട് പേരെ അവരുടെ മാതൃരാജ്യങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുകയാണെന്നും ട്രംപ് അറിയിച്ചു. സൈനിക നടപടിയുടെ വീഡിയോ വൈറ്റ് ഹൗസ് പുറത്തിറക്കി.

 

പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് മോഷണം നടത്തിയത്. മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രി അറിയിച്ചു. മോഷണം പോയത് നെപ്പോളിയന്‍റെ ആഭരണമെന്ന് സൂചന. മ്യൂസിയം അടച്ചെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മൊണാലിസ ചിത്രമടക്കം ഈ മ്യൂസിയത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് ലൂവ്ര്.

 

അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരങ്ങളെ നിശ്ചലമാക്കി നോ കിങ്സ് മാർച്ച് എന്ന പേരിൽ പ്രതിഷേധ റാലികൾ നടന്നു. ഇമിഗ്രേഷൻ റെയ്ഡുകൾ, നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ച നടപടികൾ, സർക്കാർ പദ്ധതികളുടെ വെട്ടിച്ചുരുക്കൽ, രാഷ്ട്രീയ എതിരാളികൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയവയാണ് പ്രതിഷേധത്തിന്‍റെ കാരണങ്ങൾ. അതേസമയം മാർച്ചിനെ വൈറ്റ് ഹൌസ് അപലപിച്ചു.

 

അതിർത്തിയിൽ ദിവസങ്ങളോളം നീണ്ടുനിന്ന രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് ശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു. ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. വെടിനിർത്തലിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി വരും ദിവസങ്ങളിൽ തുടർ യോഗങ്ങൾ നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

 

ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്ന് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്നും കാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി കണക്കാക്കും. ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടും എന്നും അറിയിപ്പിലുണ്ട്. ഇസ്രായേൽ പിൻവാങ്ങിയ ഇടങ്ങളിൽ ഗാസയിൽ വിവിധ ഗാങ്ങുകളും ഹമാസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

 

ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. വീട് പൂർണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതശരീരങ്ങൾ മാറ്റി.

 

കരീബിയന്‍ കടലില്‍ അമേരിക്കന്‍ നാവികസേന വെനസ്വേലന്‍ ബോട്ടുകളെ ആക്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളാണ് നടക്കുന്നത്. വെനസ്വേലന്‍ സര്‍ക്കാറിനെതിരായ നീക്കത്തിന്‌ സിഐഎയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുമതി നല്‍കിയിട്ടുണ്ട്.

 

ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട്. നാലോ അഞ്ചോ പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നാലും അമേരിക്കൻ പ്രസിഡന്റിന്റെ പക്കൽനിന്ന് സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന പദവി അദ്ദേഹം ഏറ്റെടുക്കുമെന്നും ടോണി ആബട്ട് പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *