കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കണമെന്ന നിർബന്ധിത നിബന്ധന ഒഴിവാക്കി കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകി. സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടപ്പാക്കിയ അഞ്ച് ജീവനക്കാരുടെ തസ്തികമാറ്റം കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ ഈ ജീവനക്കാരെ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി പുനർനിയമിച്ചു. എന്നാൽ, ഈ നടപടി കാരണം ദുരിതത്തിലായത് പിഎസ്‌സി വഴി പുതുതായി ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികളാണ്. തരംതാഴ്ത്തപ്പെട്ട ജീവനക്കാരെ പഴയ തസ്തികകളിൽ തിരിച്ചെടുത്തതോടെ, ആ തസ്തികകളിൽ പിഎസ്‌സി വഴി പുതുതായി നിയമനം ലഭിച്ച തുടക്കക്കാരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം
