ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസികളിലൊന്നായ രാജസ്ഥാന്‍ റോയല്‍സിന് ഇനി പുതിയ ഉടമകള്‍. പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലും അദ്ദേഹത്തിന്റെ മകന്‍ ആദിത്യ മിത്തലും ചേര്‍ന്ന് അദാര്‍ പൂനവാലയുമായി കൈകോര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുക്കാന്‍ അന്തിമ കരാറിലെത്തി. 1.65 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 15,650 കോടി രൂപ) മനോജ് ബദാലെയും കൂട്ടാളികളും ടീമിനെ കൈമാറുന്നത്. ടീമിന്റെ 75 ശതമാനം ഓഹരികള്‍ മിത്തല്‍ കുടുംബം കൈവശം വെക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആയ അദാര്‍ പൂനവാല 18 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ബാക്കി വരുന്ന 7 ശതമാനം ഓഹരികള്‍ മനോജ് ബദാലെ ഉള്‍പ്പെടെയുള്ള നിലവിലെ നിക്ഷേപകര്‍ക്ക് ലഭിക്കും. ലക്ഷ്മി മിത്തല്‍, ആദിത്യ മിത്തല്‍, വാനിഷ മിത്തല്‍ ഭാട്ടിയ, അദാര്‍ പൂനവാല, മനോജ് ബദാലെ എന്നിവരടങ്ങുന്നതായിരിക്കും ടീമിന്റെ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്.
