തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറൈ’യുടെ ആദ്യ ദിനം പിന്നിടുമ്പോള്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കി. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗംഭീര ബുക്കിങ്ങാണ് ഓരോ മണിക്കൂറിലും ചിത്രം നേടുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഒരു സൂപ്പര്‍ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്.
‘മിറൈ’ ആദ്യ ദിനം പിന്നിടുമ്പോള്‍ 12 കോടി കളക്ഷന്‍
