പോഷകഗുണങ്ങള്‍ ഏറെയുള്ള നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാവര്ക്കും നെല്ലിക്ക നല്ലതല്ല. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചില്‍ ഉണ്ടാക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൂടിയ അളവില്‍ കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനും കാരണമാകും. നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്ലെറ്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും നെല്ലിക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കണം. ഇത് സ്ഥിതി വഷളാക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. നെല്ലിക്ക രക്തസമ്മര്‍ദം കുറയ്ക്കും. ഹൈപ്പോടെന്ഷന് ഉള്ളവരില്‍ ഇത് ദോഷം ചെയ്യും. ഗര്‍ഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.
നെല്ലിക്ക എല്ലാവര്ക്കും അത്ര നല്ലതല്ല!
