സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു, കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. കൃത്യമായ കരാറുകളിൽ ഏർപ്പെടണം, ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ തുടങ്ങുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്നും വിഷയത്തിൽ അടിയന്തരമായി കൂടിയാലോചനകൾ നടത്തുമെന്നും സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തി മുഖ്യമന്ത്രി നിലപാട് അറിയിക്കുമെന്നും എനിക്ക് ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന തീരുമാനവുമായി പിഎസ്‍സി അംഗങ്ങൾ. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും.
റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന 213 കോടി രൂപ വായ്പയെന്ന വാദം നിലനിൽക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം. ചിട്ടി സ്ഥാപനം 137.15 കോടി നൽകി. ഇതിൽ റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് പാസാക്കിയതായി കാണിച്ചത് 100 കോടിയുടെ ഇടപാട് മാത്രമാണെന്നും ബാക്കി 37.15 കോടി വന്നത് എങ്ങനെ എന്ന് വ്യക്തതയില്ലെന്നും പറയുന്നു.
ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും പലിശയും നൽകണമെന്ന് കോടതി ഉത്തരവ്. പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റിൻ്റേതാണ് വിധി. തുക ആവശ്യമെങ്കിൽ സബ് ട്രഷറിയിലെ ജൂനിയർ അക്കൗണ്ടൻ്റ് ആയിരുന്ന കെ സന്തോഷിന്റെ സ്വത്ത് വകകളിൽ നിന്ന് ഈടാക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
ബിജെപി – ട്വന്റി ട്വന്റി കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കും. ട്വന്റി ട്വന്റിയുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോൻ രാജിവച്ചതിനെത്തുടർന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിൽ നൽകിയ പരാതിയിൽ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. സമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കൽ പൊലീസിന്റെതാണ് നടപടി.
പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. ചടനാംകുറിശ്ശി ത്രിവേണി നഗറിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി അജ്ഞാതൻ പ്രദേശത്തെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് മോഷ്ടിച്ചു കൊണ്ടുപോവുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് കവർച്ച നടന്നത്
ഇടുക്കിയിൽ സത്രം എന്ന സ്ഥലത്ത് അനുവദിച്ച എൻസിസിയുടെ എയർ സ്ട്രിപ്പിന്‍റെ നിർമാണം പുനരാരംഭിക്കാൻ ധാരണ. എയർ സ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കർ ഭൂമി, സത്രത്തിൽ വിട്ടു നൽകാനുള്ള നടപടികൾ ഉടൻ തുടങ്ങും. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം, മൂന്ന് വർഷത്തിലധികമായി പണികൾ മുടങ്ങി കിടക്കുകയായിരുന്നു.
കരീലക്കുളങ്ങര രാമപുരത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് രാമപുരം ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി-സുധാമണി ദമ്പതികളുടെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്.
ദില്ലിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3:30നാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക.
ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കഴിഞ്ഞ രണ്ട് അല്ലെങ്കിൽ മൂന്ന് ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യക്ക് എന്തെങ്കിലും പ്രത്യക്ഷമായ ലാഭമുണ്ടായോ എന്ന് സംശയമാണെന്നായിരുന്നു പി ചിദംബരത്തിന്‍റെ വിമർശനം.
ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യക്ക് എന്ത് പ്രയോജനമെന്ന പി ചിദംബരത്തിന്‍റെ ചോദ്യത്തിന്പിന്നാലെ, ഭിന്നാഭിപ്രായവുമായി ശശി തരൂർ എംപി. ബ്രിക്സ് കൂട്ടായ്മ ഇന്ത്യയുടെ നയതന്ത്ര ഏകോപന കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം 8 പേർ മരിച്ചു, ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാഗ്പൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്. അതേസമയം നാന്ദേഡിൽ പാസഞ്ചർ വാനും ട്രക്കും കൂട്ടിയിടിച്ച് 6 പേർ മരിച്ചു.
ഒഡീഷയിലെ ബാലാസോറിൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒറാങ് ഊട്ടാനുകളെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അഞ്ച് ഒറാങ് ഊട്ടാൻ കുഞ്ഞുങ്ങളെ കൊൽക്കത്തയിലെത്തിച്ച് ഒഡീഷയിലേക്ക് കടത്തിയതാണെന്നാണ് സംശയം.
ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). ‘നമ്മ ബിഎംടിസി മൊബൈൽ ആപ്പ് 2.0’ എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്.
ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ രണ്ടാമത്തെ ട്രയൽ റൺ പൂർത്തിയായി. വ്യാഴാഴ്ച നടന്ന രണ്ടാമത്തെ ട്രയൽ റണ്ണിൽ ബെംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റുകൊണ്ട് ട്രെയിൻ മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.
പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ വിമതരുടെ പാർട്ടിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.
യുഎഇയുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും വിച്ഛേദിച്ചതായി അറിയിച്ച് അൾജീരിയ. വെള്ളിയാഴ്ച മുതൽ യുഎഇ രജിസ്‌ട്രേഷനിലുള്ള സൈനിക, സിവിലിയൻ വിമാനങ്ങൾക്ക് അൾജീരിയൻ വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് (Grace Period) അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, താത്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും.
ഇന്ത്യയുടെ അന്നു റാണിക്ക് ജാവലിന്‍ ത്രോയില്‍ ഏഷ്യാഡ് യോഗ്യത നേടാനായില്ല. 57.50 മീറ്റര്‍ എറിഞ്ഞാണ് അന്നു റാണി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫൈനല്‍ സീരീസില്‍ ജേതാവായത്. എന്നാല്‍, ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടാന്‍ 57.62 മീറ്റര്‍ ദൂരം കണ്ടെത്തണം. 12 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ഐചി-നഗോയ ഏഷ്യാഡ് യോഗ്യത നഷ്ടമായി.
ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സ്‌ക്വാഡിന് ആവേശമേകി വനിതാ ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക് ദേശീയ റെക്കോര്‍ഡ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സീരീസ് ഫൈനലിലാണ് ഉത്തര്‍പ്രദേശ് താരം 68.35മീറ്റര്‍ എറിഞ്ഞ് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
മദ്ധ്യാഹ്ന വാർത്തകൾ
