രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ 31395 ആളുകളാണ് സന്നിധാനത്ത് എത്തിയത്. മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്.

 

ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് കണ്ടെത്തൽ. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. പരിശോധന നടത്തുന്നതിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

 

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഈ വിവരമുള്ളത്.

 

മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്.

 

രാഹുൽ മാങ്കൂട്ടത്തിൽ ‌വിഷയത്തിൽ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.

 

കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെയാണ് കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. ഇയാൾക്ക് മർദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദനമേറ്റ പാടുകളില്ല. കൂടാതെ, ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മരണകാരണം അറിയാനായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

 

പത്തനംതിട്ട തൂമ്പാക്കുളം കരിമാൻതോട് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച് അപകടത്തിൽ പരിക്കേറ്റ രാജി അനിൽ. പാമ്പിനെ കണ്ടപ്പോൾ ഓട്ടോ വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതെന്ന് രാജി പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്നത് എട്ട് പേരാണ്. രാജിയുടെ മകനും ഓട്ടോയിലുണ്ടായിരുന്നു. രാജി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

 

മദ്യലഹരിയിൽ അന്തർസംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കോഴിക്കോട് ബംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. യാത്രക്കാർ ചോദ്യം ചെയ്യുകയും ദൃശ്യം പകർത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി.

 

തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു. സംശയരോഗിയായിരുന്ന ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നു. ആറുമാസമായി ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു.

 

മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

തിരുവനന്തപുരത്തെ അലൻ കൊലക്കേസിൽ കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തി കണ്ടെത്തി. ഒന്നാം പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്. അലൻ കൊലപാതകത്തിൽ ഏറ്റവും നിർണായകമായ തെളിവാണ് ഇപ്പോൾ പൊലീസിന് കിട്ടിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അജിന്റെ സുഹൃത്ത് ശരതിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്.ഫു‍ട്ബോൾ മത്സരത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് അലനെ കുത്തിക്കൊലപ്പെടുത്തിയത്.

 

പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2002 ലെ വോട്ടർ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2006ൽ തയാറാക്കിയ വോട്ടർ പട്ടികയും സംസ്ഥാനത്തെ ഏറ്റവും പുതിയ വോട്ടർ പട്ടിക താരതമ്യം ചെയ്തപ്പോഴാണ് പൊരുത്തക്കേട് പുറത്തുവന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

 

ലഖ്നൗ ന​ഗരത്തിലെ ലുലുമാളിൽ ബോംബ് ഭീഷണി. നവംബർ 24നാണ് സംഭവം. ലഖ്‌നൗവിലെ സ്‌കൂളുകൾ ഉൾപ്പെടെ നഗരത്തിലെ നിരവധി സ്ഥാപനങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ലുലു മാളിലെ വാഷ് റൂമിൽ കത്ത് ലഭിച്ചതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നവംബർ 24 ന് ഉച്ചകഴിഞ്ഞ് മാളിലെ ഒരു ശുചിമുറിയിൽ നിന്ന് കത്ത് കണ്ടെത്തി.

 

അപൂർവ എർത്ത് മേഖലയിലെ ചൈനയുടെ ആധിപത്യം തടയാനുള്ള പ്രധാന നീക്കത്തിൽ, സിന്റേർഡ് അപൂർവ എർത്ത് പെർമനന്റ് മാഗ്നറ്റുകളുടെ (REPM) തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ബുധനാഴ്ച 7,280 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഏഴ് വർഷത്തെ പദ്ധതിക്ക് കീഴിൽ പ്രതിവർഷം 6,000 ടൺ ആർഇഎംപി തദ്ദേശീയമായി നിർമ്മിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി.

 

എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു. ടിവികെ അധ്യക്ഷൻ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയിൽ ചേർന്നത്. പണയൂരിലെ ടിവികെ ഓഫീസിൽ എത്തി പാർട്ടിയിൽ അംഗത്വം എടുത്തു. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയാണ് കെ എ സെങ്കോട്ടയ്യൻ. ജയലളിത, ഇപിഎസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.

 

ഇന്ത്യൻ കരസേനയുടെ സപ്ത ശക്തി എ ഡബ്ല്യു ഡബ്ല്യു എയും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും ചേർന്ന് സ്പെഷ്യൽ അത്‌ലറ്റുകൾക്കായുള്ള സംസ്ഥാന ഗെയിംസ് അത്‌ലറ്റിക്സ് സംഘടിപ്പിച്ചു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ഗെയിംസ് ഉദ്ഘാടനം ചെയ്തു. സപ്ത ശക്തി കമാൻഡ് ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ്, എ ഡബ്ല്യു ഡബ്ല്യു എ റീജിയണൽ പ്രസിഡന്റ് ബരീന്ദർ ജിത് കൗർ എന്നിവർ പരിപാടിയുടെ ഭാഗമായി.

 

ദാദറിലേക്ക് പോകുന്ന അജ്മീർ-ദാദർ എക്സ്പ്രസ് ട്രെയിൻ ബോംബ് സ്ഫോടന ഭീഷണിയെ തുടർന്ന് രണ്ട് മണിക്കൂർ നിർത്തിയിട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ​റെയിൽവേ സ്റ്റേഷനിൽ കനത്ത പൊലീസ് വിന്യാസo ഉണ്ടായിരുന്നു. പരിശോധനയിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

ശ്രീലങ്ക – ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ഡിത്വാ ചുഴലിക്കാറ്റായി മാറും. തമിഴ്നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.

 

അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊടി ഉയർത്തിയതിനെ വിമർശിച്ച പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് എന്ത് ധാർമ്മികതയാണുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മതഭ്രാന്ത്, അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ മോശം പെരുമാറ്റം തുടങ്ങി മോശപ്പെട്ട റെക്കോർഡുള്ള ഒരു രാജ്യമെന്ന നിലയിൽ, മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് ധാർമ്മികതയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

രാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെക്കുറിച്ചുള്ള പാകിസ്താന്‍റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പിന്നാലെ ബിജെപിയും രംഗത്ത്. ഒസാമ ബിന്‍ ലാദന്‍ ലോകസമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പാകിസ്താൻ സംസാരിക്കുന്നതെന്ന് ബിജെപി പരിഹസിച്ചു. കൂടാതെ പാകിസ്താൻ ആത്മപരിശോധന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

 

മൂല്യത്തകർച്ചയിൽ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി ഇന്ത്യൻ രൂപ. 2025 ജനുവരി-ഒക്ടോബർ കാലയളവിൽ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 4.3 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.

 

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

 

ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 M തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി INCOIS അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം ( watch alert ) നൽകിയിട്ടുണ്ട്. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു.

 

ചൈനയിലെ യുനാൻ പ്രവിശ്യയിൽ ട്രെയിൻ അപകടത്തിൽ 11 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്‌മിക് ഇക്വിപ്മെൻ്റിൻ്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്. കുൻമിങ് നഗരത്തിലെ ലൂയാങ് ടൗൺ റെയിൽവെ സ്റ്റേഷനിലാണ് അപകടം നടന്നത്. ഉദ്യോഗസ്ഥ വീഴ്ചയാണോ, സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല.

 

മിയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെളുത്ത വംശജരായ ആഫ്രിക്കക്കാർക്കും ഡച്ച്, ഫ്രഞ്ച്, ജർമ്മൻ കുടിയേറ്റക്കാരുടെ പിൻഗാമികൾക്കുമെതിരായ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും പ്രശ്നം പ്രസിഡന്റ് സിറിൽ റമാഫോസയുടെ സർക്കാർ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വെള്ളക്കാരായ കർഷകരെ കൊല്ലുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു.

 

വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ രൂക്ഷമായി പ്രതികരിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് വെടിവെയ്പ്പിൽ ഗുരുതര പരിക്കേറ്റ ആക്രമണം ഭീകരപ്രവർത്തനമാണെന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമിയെ മൃഗമെന്നും വിശേഷിപ്പിച്ച ട്രംപ്, ഈ ആക്രമണത്തിന് ആ മൃഗം വലിയ വില കൊടുക്കേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു.

 

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു.

 

ഇസ്ലാമാബാദ് ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചെന്ന് സഹോദരി. ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പാർപ്പിച്ച അദിയാല ജയിലിന് മുന്നിൽ സഹോദരി അലീമ ഖാൻ സമരം ആരംഭിച്ചിരുന്നു. സഹോദരനെ കാണാൻ അനുമതി ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് സഹോദരി പറഞ്ഞു.

 

ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നു. രക്ഷാപ്രവർത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് പ്രഖ്യാപിച്ചു.

 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബിസിസിഐ ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് തുടരുകയാണെന്നും ടീമിനെ പുനര്‍നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ .നല്‍കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *