ബ്ലീച്ചിംഗ് പൗഡർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരന് കടുത്ത അതൃപ്തി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് അതൃപ്തി. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ആണ് അന്വേഷണം.
മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകും.
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ് ടി തട്ടിപ്പിൽ എസ് ഐ ടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ജി എസ് ടി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക നിഗമനമെന്നാണ് വിവരം.
മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുക്കുട്ടി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.
പിണറായി വിജയന്റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്. അതിന് ശേഷം വീണ ലെയ്ക്കർ എന്ന സ്ഥാപനം തുടങ്ങി എന്ന് പറഞ്ഞ് വീണ്ടും വാർത്തകൾ വന്നെന്നും വീണ സ്വതന്ത്ര്യമായ വ്യക്തിയാണ്, അവർക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇഡി ശ്രമിച്ചത് എന്നും റിയാസ് പറഞ്ഞു.
സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി ശക്തമായി പ്രതിരോധിക്കും. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താനാണ് ഇഡി ശ്രമം. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.
നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കൾച്ചറൽ കമ്മിറ്റി വിശദീകരിച്ചു. പോസ്റ്റർ തയ്യാറാക്കിയതിൽ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധം ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു.
ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്ക്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ എംഎൽഎ. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നത്. വന്ദേമാതരം വിവാദവുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ നാലരക്കോടി രൂപ തനിക്ക് കിട്ടിയിട്ടില്ല എന്നാണ് എംഎൽഎ പ്രതികരിച്ചത്. അങ്ങനെയൊരു വിവാദം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
പാലാ നഗരസഭയിൽ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫും കോൺഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. ആകെ 26 കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ പങ്കാളികളായി. ഇതിൽ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു.
വിദേശ വിനോദസഞ്ചാരിക്ക് ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗും വിലപിടിപ്പുള്ള സാധനങ്ങളും തിരികെ നൽകി മാതൃകയായി തലശ്ശേരി ട്രാഫിക് പൊലീസും പ്രദേശത്തെ ഓട്ടോ ഡ്രൈവറും.കേരളത്തിലെ ജനങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിച്ച ഈ അനുഭവത്തിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം പൊലീസിന് ഔദ്യോഗികമായി നന്ദിസന്ദേശം അയക്കുകയും ചെയ്തു.
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും ആ പ്രോട്ടോക്കോൾ പാലിക്കാൻ ഉദ്ഘാടന പരിപാടിയിൽ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതിനാലാണ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
ലക്ഷദ്വീപിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പോലീസുകാർക്കായി ഒരാഴ്ചയായി തിരച്ചിൽ തുടരുന്നു. പോലീസ്, മത്സ്യത്തൊഴിലാളികൾ, കോസ്റ്റ്ഗാർഡ് എന്നിവർ സംയുക്തമായി നടത്തുന്ന വിപുലമായ പരിശോധനയിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല.
കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവായ 13 കാരി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ലെന്ന് പൊലീസിനോട് മുഖ്യാസൂത്രകയായ പെൺകുട്ടി പറഞ്ഞു. ചോദ്യം ചെയ്യലിൽ ഉടനീളം ഒരു ഭാവഭേദവും ഇല്ലാതിരുന്ന പെൺകുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്.
സമുദ്രത്തിലേക്ക് പോകുന്നതിന് പകരം കൃത്രിമ വെളിച്ചം കണ്ട് റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയ 55 കടലാമക്കുഞ്ഞുങ്ങൾ ചത്തു. യുഎസിലെ ഫ്ലോറിഡയിലുള്ള ‘അന്ന മരിയ ഐലൻഡ്’ തീരത്താണ് ദാരുണമായ സംഭവം നടന്നത്. വിരിഞ്ഞിറങ്ങിയ ഉടൻ കടലിലെ പ്രകാശ പ്രതിഫലനം നോക്കി സഞ്ചരിക്കേണ്ട ലോഗർഹെഡ് ഇനത്തിൽപ്പെട്ട കടലാമക്കുഞ്ഞുങ്ങളാണ് അപകടത്തിൽപ്പെട്ടത്.
തെഹൽക്ക മാഗസിൻ സ്ഥാപകനും മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി വിധിച്ച 10 വർഷത്തെ കഠിനതടവ് അപര്യപ്തമാണെന്നും ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തേജ്പാലിന് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.
കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് കോക്റോച്ച് ജനത പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേരാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ക്ഷണമാണ് ദിപ്കെ നിരസിച്ചത്. കേന്ദ്രത്തിൽ ബി ജെ പി നയിക്കുന്ന എൻ ഡി എയുടെ ഭാഗമാണ് ആർപിഐ (എ). “വെറും ഒരു മാസം മുമ്പ് വരെ ഞാൻ നിങ്ങൾക്ക് രാജ്യദ്രോഹിയായിരുന്നില്ലേ?” എന്നാണ് സാമൂഹിക മാധ്യമത്തിൽ അഭിജീത് ദിപ്കെയുടെ പ്രതികരണം.
ബിജെപി ദേശീയ വക്താവ് സ്ഥാനത്തുനിന്നും ഷെഹ്സാദ് പൂനവാല രാജിവച്ചത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വെളിപ്പെടുത്തൽ. രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകാത്തതിനാൽ ഉപജീവനത്തിന് ബുദ്ധിമുട്ടാണെന്നും എന്നാൽ പാർട്ടിയുടെ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകും. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ ചെലവിലായിരിക്കും വാഹനം നൽകുന്നത്.
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന. വലിയ മാറ്റങ്ങൾ മന്ത്രിസഭയിൽ വരുത്താൻ നരേന്ദ്ര മോദി ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്. മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നേക്കും. പത്തിനടുത്ത് മന്ത്രിമാർക്ക് രാജിവെക്കാനുള്ള നിർദ്ദേശം നൽകാനും സാധ്യതയുണ്ട്.
വിദേശികൾ ഉൾപ്പെട്ട അന്തർദേശീയ ലഹരിക്കടത്ത് ശൃംഖല എൻസിബി തകർത്തു. ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 14.787 കിലോ ആംഫെറ്റമിൻ, 67.84 കിലോ സ്യൂഡോഎഫെഡ്രിൻ, 318 ഗ്രാം കൊക്കെയ്ൻ, 6 ഗ്രാം ഹെറോയിൻ എന്നിവ പിടികൂടി.
ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടതിനെ തുടർന്ന്, ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും നിർത്തിവെച്ചതായി യുഎഇ പ്രഖ്യാപിച്ചു. ഒരു മിസൈൽ രാജ്യത്തിന് പുറത്തും മറ്റൊന്ന് യുഎഇയുടെ സമുദ്ര അതിർത്തിക്കുള്ളിലും പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോലിൻ ലെവിറ്റ് രാജിവച്ചു. രണ്ട് കുഞ്ഞുങ്ങളെ നോക്കാൻ സമയം കിട്ടുന്നില്ലെന്നാണ് വിശദീകരണം. ട്രംപിന്റെ ഏറ്റവും വിശ്വസ്തയായ വക്താവ് കൂടിയായിരുന്നു ലീവിറ്റ്.
പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ.
യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തി വെച്ച് യുഎഇ. ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രിയാണ് മിസൈൽ ആക്രമണ ഭീഷണി ചെറുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചു.
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കും വിജയത്തിനുമിടയില്‍ വന്മതിലായി സൊണാല്‍ ദിനുഷ. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷ രണ്ടാം ഇന്നിംഗ്സില്‍ 65 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. എട്ട് റണ്‍സുമായി കെഷാര നുവാന്തയാണ് ദിനുഷക്കൊപ്പം ക്രീസില്‍. അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യൻ ടീം മാനേജ്മെന്റ് ഉപയോഗിച്ച രീതിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇന്ത്യൻ ടീം മാനേജ്മെന്റും കുൽദീപിന്റെ കഴിവുകളിൽ കുറച്ചുകൂടി വിശ്വാസമർപ്പിക്കണമെന്ന് പൂജാര ആവശ്യപ്പെട്ടു.
