ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാംനഗറിൽ നിന്ന് ഉദംപൂരിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു. മേഖലയിൽ തെരച്ചിൽ നടപടികൾ തുടരുകയാണ്.

 

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്.

 

കേരളത്തിൽ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷ തുടരുന്നതിനിടയിൽ കോൺഗ്രസ് പാളയത്തിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തുടരുന്നു. കെ.സി പക്ഷവും വി.ഡി സതീശൻ അനുകൂലികളും ചെന്നിത്തലയുടെ പക്ഷവുമെല്ലാം വെവ്വേറെ തട്ടുകളിലായി അണിനിരന്നു കഴിഞ്ഞു. ശക്തി തെളിയിക്കാൻ കൂടുതൽ എം.പിമാരെ ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനാണ് കെ.സി വേണുഗോപാൽ പക്ഷത്തിന്റെ നീക്കം. ഇതിനായി കെ.സുധാകരൻ വഴി സമ്മര്‍ദ്ദ ശ്രമം ശക്തമായിട്ടുണ്ട്.

 

വയനാട് ടൗൺഷിപ്പിലെ രണ്ടു വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തിയെന്നും അതു മാർക്ക് ചെയ്തതാണെന്ന് ഉറപ്പിക്കാനാണ് കയറി നോക്കിയതെന്നും മന്ത്രി കെ രാജൻ. കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ കാണുന്നുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിള്ളൽ വിവാദത്തിൽ വിമർശനം ശക്തമാക്കുന്നതിനിടെയാണ് വിശദീകരണവുമായി സർക്കാർ വീണ്ടും രംഗത്ത് എത്തുന്നത്.

 

വാഹന കള്ളക്കടത്ത് കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖൂറിന്‍റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്‍ണായക യോഗം മൂന്നാറിൽ ഇന്ന് ആരംഭിക്കും. ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം യോഗം ചേരും. ഇരു രാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും.

 

തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് പി.വി. അൻവർ. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേയ്സ്ബുക്കിൽ കൂടിയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്.

 

ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ. കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ‌അറേബ്യൻ മജ്‌ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരം കോട്ടക്കൽ പൊലീസ് കേസ് എടുത്തു. മലപ്പുറം സ്വദേശിയാണ് പരാതി നൽകിയത്.

 

വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌. ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ ഇറങ്ങിയതും അപകടത്തിനു കാരണമായിട്ടുണ്ടാവാം. വളവിൽ വേണ്ട ജാഗ്രത പുലർത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്‍റെ വശങ്ങളിൽ എല്ലായിടത്തും സുരക്ഷ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

 

സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്. കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

 

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്.

 

കോടാലിയിൽ പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ആൽജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. സഹോദരൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

 

കോഴിക്കോട് വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘ‍ർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉണ്ടായ സംഘർഷം.

 

പാലക്കാട് വടകരപ്പതിയിൽ അനന്തിരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. കൗണ്ടന്നൂരിൽ ശെന്തിൽ കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി.

 

എറണാകുളം പച്ചാളത്ത് യുവാവിനെ ഫ്രൈയിംങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാലം സ്വദേശി 40 വയസുള്ള ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിനോഷിന്‍റെ വീട്ടിൽ ഇന്നലെ രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടായപ്പോൾ ഫ്രൈയിങ് പാൻ എടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

 

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു.

 

 

ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

 

 

തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്.

 

ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള ഫ്ലൈ91 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നാല് മണിക്കൂറോളം ആകാശത്ത് വട്ടംചുറ്റി. ലാൻഡിംഗ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ഇറക്കുകയും ചെയ്തു. സംഭവത്തിൽ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായിരുന്നു.

 

വിരുദുനഗർ ദുരന്തവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. പടക്കനിർമാണശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ ആയത്. ഫാക്ടറി ഉടമ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

 

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭക്ഷ്യവിഷബാധയാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

 

ടിവികെ നേതാവും നടനുമായ വിജയ് പള്ളിയിൽ പ്രാർത്ഥിച്ചതിനെതിരെ വിമർശനവുമായി ഡിഎംകെ. യൂദാസിന്റെ ചുംബനത്തിന് സമാനമെന്ന് പി.വിൽസൻ എംപി വിമർശിച്ചു. വിജയിയുടേതും വഞ്ചനയുടെ ചുംബനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്സിആർഎ ചർച്ചയായപ്പോൾ വിജയ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ച അദ്ദേഹം പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ലെന്നും വ്യക്തമാക്കി.

 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ആറ് ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതും സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

 

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സെയിൽസ്, മാർക്കറ്റിങ് തസ്തികകളിൽ സ്വദേശിവത്കരണം 60 ശതമാനമായി ഉയർത്തി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ബാധകമായ ഈ നിയമപ്രകാരം, സ്വദേശി ജീവനക്കാർക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം നൽകണം.മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച ഈ പുതിയ പരിഷ്കാരങ്ങൾ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.

 

 

ദക്ഷിണ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രായേൽ സൈനികൻ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്ത ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. സംഭവം സ്ഥിരീകരിച്ച ഇസ്രായേൽ പ്രതിരോധ സേന, സൈനികന്‍റെ നടപടി തങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. കുറ്റക്കാരനെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *