പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.
മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. റാഗിംഗ് തടയാൻ നിയമം കൊണ്ടുവരുമെന്നും,റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും, പ്ലീഡര്‍ നിയമന പരാതിയിൽ കെഎസ് യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈവിലങ്ങ് അണിയിക്കുമ്പോൾ നിയമത്തെക്കാൾ വിവേചനാധികാരം ഉദ്യോഗസ്ഥൻ പാലിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഒരാളുടെ അന്തസ് കെടുത്താൻ ബോധപൂർവ്വം വിലങ്ങ് ധരിപ്പിക്കരുത്, വാർദ്ധക്യം, രോഗം എന്നിവ പരിശോധിക്കണം, വിലങ്ങ് ധരിപ്പിക്കേണ്ടിവന്ന സാഹചര്യം കോടതിയെ അറിയിക്കുകയും ചെയ്യണമെന്നും സർക്കുലറിലുണ്ട്.
ദേശാഭിമാനി എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് എം സ്വരാജ്. നടക്കുന്നത് തെറ്റായ പ്രചരണമെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്നും, വാരാന്തപ്പതിപ്പ് നൽകാത്തത് സാങ്കേതിക കാരണങ്ങളാലാണെന്നും സ്വരാജ് വ്യക്തമാക്കി.
കേരള ഉത്പന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണികളിൽ എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. സംസ്ഥാന സർക്കാരുമായി ഫ്ലിപ്കാർട്ട് സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.
ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി. തന്ത്രിസ്ഥാനത്ത് രാജീവര് തുടരണമോ എന്നതിൽ നിർണായക തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ എടുക്കും.
മുൻ സർക്കാരിന്‍റെ കാലത്ത് നടന്ന ഡയറ്റ് ലക്ചറർ നിയമനങ്ങളിൽ വൻ ക്രമക്കേടുകൾ നടന്നതായി ആരോപണം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ഇടത് അനുകൂല അധ്യാപകർക്ക് വേണ്ടി പിഎസ്‍സി പരീക്ഷ അട്ടിമറിച്ചെന്നും, പ്രത്യേക അന്വേഷണസംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
നിതിൻ രാജ് ആത്മഹത്യ കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പോലീസിനെയും സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിക്ക് രക്ഷപ്പെടാൻ പോലീസ് ഒത്തുകളിച്ചോ എന്ന് സംശയം പ്രകടിപ്പിച്ച കോടതി, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ സർക്കാരിനോട് വിശദീകരണം തേടി.
തൃശ്ശൂർ ബിജെപി ഓഫീസിൽ കള്ളപ്പണമെത്തിയെന്ന് ആരോപണവുമായി ബിജെപി തൃശ്ശൂർ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്. 17 ചാക്കുകളിൽ പണമെത്തിയെന്നാണ് ആക്ഷേപം.
എറണാകുളം ആർടിഒയുടെ കീഴിലുള്ള കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംസ്ഥാന ഗതാഗത കമ്മീഷണർ നാഗരാജു ചക്കിലം ഔദ്യോഗിക വാഹനം ഒഴിവാക്കി ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ വാഹനങ്ങളുടെ പിന്നിലും പിന്നീട് സമീപത്തെ ചായക്കടയിലുമിരുന്ന് നടപടികൾ നിരീക്ഷിച്ചു.
കൊച്ചിയിലെ ഇൻസ്റ്റമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. പഴകിയ സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. ദില്ലിക്ക് പിന്നാലെ കൊച്ചിയിലും ഇൻസ്റ്റാമാർട്ട് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കെതിരെ പരാതി ഉയര്‍ന്നിരുന്നു
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പെരുമ്പാവൂരിൽ നടക്കും. രാവിലെ 10ന് മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരൂർ, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സുകള്‍ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി വിദ്യാർത്ഥികൾ. ഇന്നലെ രാവിലെ ബസ്സിൽ കയറ്റാത്തതിനാൽ വീട്ടിലേക്ക് തിരിച്ചു പോയെന്നും വിദ്യാർത്ഥികൾ പറയുന്നു.
നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതിഭാഗം അഭിഭാഷകനെ പൊലീസ് ഓഫീസർ അധിക്ഷേപിച്ചതായി പരാതി. അഭിഭാഷകൻ ചാറ്റ് ജിപിടി നോക്കി കേസ് വാദിച്ചെന്ന പരാമർശം അടിസ്ഥാനരഹിതമാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിൽ ദില്ലി പൊലീസ് നിയമപദേശം തേടും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
ദില്ലിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ. രാജ്യതലസ്ഥാനത്തേക്ക് സിആർപിഎഫിൻ്റെ 20 കമ്പനികളെ കൂടി വിന്യസിക്കാൻ സർക്കാർ ഉത്തരവിട്ടു. പശ്ചിമ ബംഗാളിൽ നിന്നാണ് സേനയെ എത്തിക്കുക.
രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണെന്നും പാർലമെന്റ് സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. സമഗ്രമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടും രാഷ്ട്രീയ നാടകത്തിനാണ് കോൺഗ്രസ് മുൻഗണന നൽകിയതെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരം കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് യുവാക്കളെ അണിനിരത്തി സമരം ശക്തമാക്കുമെന്നും, ഇപ്പോൾ നടന്നത് ഒരു ‘ട്രെയിലർ’ മാത്രമാണെന്നും പാർട്ടി വക്താവ് അശുതോഷ് റാങ്ക വ്യക്തമാക്കി
ദില്ലിയിലെ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് ന്യൂയോർക്കിലും ലണ്ടനിലും പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം. ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപവും ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ പുറത്തുമായിരുന്നു പ്രതിഷേധം.
സി ജെ പി സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചെന്ന ആരോപണം ശരിവെക്കുന്ന വിവരങ്ങളുമായി ലേഡി ഹാർഡിങ് ആശുപത്രി. സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രക്ഷോഭകന്‍റെ കണ്ണിൽനിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും തമിഴക വെട്രി കഴകം. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടി വി കെ ആവശ്യപ്പെട്ടു.
നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികം രൂപയുടെ വമ്പൻ സൈബർ തട്ടിപ്പ് നടത്തിയ 18 വയസ്സുകാരൻ രോഹിത് വിരേന്ദ്രസിംഗ് ശാക്യ സൂറത്ത് പൊലീസിന്റെ പിടിയിലായി.
ആദ്യചിത്രമായ ഗോഡ്സില്ല വേഴ്സസ് കോംഗിലൂടെത്തന്നെ പ്രശസ്തയായ അമേരിക്കന്‍ യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു. 18 വയസ് ആയിരുന്നു. ഫ്രെഡറിക്കിലെ മേരിലാന്‍ഡില്‍ ഇന്നലെ ആയിരുന്നു അപകടം. തന്‍റെ ബധിരതയെ അതിജീവിച്ച് സിനിമകളില്‍ നടത്തിയ മികവുറ്റ പ്രകടനമാണ് കെയ്‍ലി ഹാട്ടിലിനെ കൂടുതല്‍ പ്രിയങ്കരി ആക്കിയത്.
വെനസ്വേലയിൽ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ഹന്തവൈറസ് ബാധ പുതിയ ഭീഷണിയാകുന്നു. അൻസോട്ടെഗിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ നാസിയ സൽമ (45) മകൾ ഹഫീസ നേഹ ഷെയ്ഖ് (19) മകൻ ഹഫീസ് ഒമർ (14) എന്നിവർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ, സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി അമേരിക്കയോട് 1,000 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ടു. അപേക്ഷയിൽ, അഞ്ച് വർഷത്തെ കാലാവധിയുള്ള ഉഭയകക്ഷി ധനസഹായ പദ്ധതിയാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടിരിക്കുന്നത്.
പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരു സഭകളും അംഗീകാരം നൽകി. സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം.
ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ വ്യക്തമാക്കി.
