പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി.
ഇന്നലെ ലഭിച്ച പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.
ബലാത്സംഗ കേസിൽ ഉള്‍പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നൽകി. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ കേരളത്തിന്‍റെ ചുമതലയുളള ദീപ ദാസ് മുൻഷിയിൽ നിന്നാണ് ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയത്.
രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണമെന്നും അത് പാർട്ടിയല്ല തീരുമാനിക്കേണ്ടതെന്നും പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻകൂർ ജാമ്യപേക്ഷയിൽ വിധി വന്ന ശേഷം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ കൂടുതൽ മെന്ന് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് നേതാക്കൾ കൂടിയാലോചന നടത്തും. കെപിസിസി നേതൃത്വം നടപടി എടുക്കും. പരാതി വരും മുമ്പ് തന്നെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതാണ്. ഇങ്ങനെ ഒരു നടപടി മറ്റേത് പാർട്ടി സ്വീകരിക്കുമെന്നും ചെന്നിത്തല ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിയുടെ തീരുമാനമാണ് തൻ്റെയും തീരുമാനമെന്നും കൂടുതൽ നടപടിയുടെ കാര്യം പാർട്ടി പ്രസിഡൻ്റ് പറയുമെന്നും ഷാഫി പറമ്പില്‍ എം പി. എൻ്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകും. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ അതും പാർട്ടി ചെയ്യുമെന്നും ശബരിമല അഴിമതിയിൽ സിപിഎം നടപടി എടുത്തില്ല എന്നാൽ കോൺഗ്രസിൻ്റെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്ന് ഷാനിമോൾ ഉസ്മാൻ, കുറ്റക്കാരൻ ആരായാലും പുറത്താക്കണമെന്ന് ദീപ്തി മേരി വർഗീസും പറഞ്ഞു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്. രാഹുൽ എം എൽ എ സ്ഥാനമടക്കം രാജിവയ്ക്കണമെന്ന് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് ജെബി മേത്തറും പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ നല്കിയ ലൈംഗിക പീഡന പരാതി വ്യാജമെന്ന് ആവര്‍ത്തിച്ച് രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ. പൊലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും ഫെനി വ്യക്തമാക്കി. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. പാലക്കാട് കുത്തന്നൂരിൽ ആണ് സംഭവം. ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കൂ എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവർത്തകർ ചെന്നിത്തലയെ വളഞ്ഞത്. ഇടപെടരുത്, താൻ മറുപടി പറയുകയാണ് എന്നു ചെന്നിത്തല പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ പിന്മാറിയില്ല.
രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകുമെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേടാണെന്നും രാഷ്ട്രീയം മറന്ന് കോൺഗ്രസ് രാഹുലിനെതിരെ നടപടി എടുക്കണമെന്നും അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നു എന്ന് കരുതുന്നില്ല. ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ബലാത്സംഗ പരാതിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിലും വിമർശനം ശക്തമാകുന്നു. എം എൽ എ സ്ഥാനമടക്കം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി പി ദുൽഖിഫിൽ രംഗത്തുവന്നു. ജനങ്ങളെ അതിവൈകാരികത കാണിച്ച് രാഹുൽ വഞ്ചിച്ചു. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ ഉപേക്ഷിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും.
ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട് ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ അതിന് ജനങ്ങൾ തീരുമാനിക്കണം അപ്പോൾ അവിടെ മോഷണം പോയിട്ട് ഒന്ന് തൊട്ടുനോക്കാൻ പോലും കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. 2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ വരും കേരളവും അതിന് സജ്ജമാകണം.കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെയും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൻ്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല സ്വര്‍ണകൊള്ള കേസിൽ ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെ അന്വേഷണത്തിനായി ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. പ്രായവും ആരോഗ്യപ്രശ്നവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇതൊന്നും തന്നെ കോടതിയിൽ നിലനിന്നില്ല. കട്ടിളപ്പാളി കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്.
നാവിക സേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തും. രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. നാലരയോടെ പടക്കപ്പലുകളുംഅന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടക്കും.
ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗിൽ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ട്യൂഷന് പോയപ്പോള്‍ അവിടത്തെ സമീപത്തെ പറമ്പിൽ നിന്നാണ് വെടിയുണ്ടകള്‍ കിട്ടിയതെന്നാണ് വിദ്യാര്‍ത്ഥി നൽകിയ മൊഴി.
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഹിന്ദു ദൈവങ്ങൾക്കെതിരായി നടത്തിയ പരാമർശം വിവാദത്തിൽ. മുഖ്യമന്ത്രി മതവികാരം വ്രണപ്പെടുത്തിയെന്നാണ് വ്യാപകമാവുന്ന വിമർശനം. പാർട്ടി യോഗത്തിനിടെ ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ട്? മുന്ന് കോടിയോ? അതിന് കാരണമെന്തെണെന്നറിയോ? വിവാഹം കഴിക്കാത്തവർക്ക് ഒരു ഭഗവാൻ, രണ്ട് തവണ വിവാഹിതരായവർക്ക് മറ്റൊരു ദൈവം, മദ്യപാനികള്‍ക്ക് മറ്റൊരു ദൈവം, കോഴിയെ ബലി കൊടുക്കാൻ, പരിപ്പും ചോറും കൊടുക്കാൻ ഒരു ദൈവം. അങ്ങനെ ഓരോ വിഭാഗത്തിനും ഓരോ ദൈവം’ എന്നാണ് തെലങ്കാന മുഖ്യമന്ത്രി സരസ സംഭാഷണം നടത്തിയത്.
സഞ്ചാർ സാഥി ആപ്പ് സംബന്ധിച്ചുള്ള വിവാദത്തിനിടെ കേന്ദ്ര സർക്കാരിനെ കൂട്ടായി കാണാൻ മൊബൈൽ ഫോൺ നിർമാണ കമ്പനികളുടെ ആലോചന. ആപ്പിൾ, ഗൂഗിൾ കമ്പനികൾ സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ പ്രീ-ഇൻസ്റ്റാൾ ചെയ്യില്ല എന്നാണ് വിവരം. ലോകത്ത് ഒരിടത്തുമില്ലാത്ത സര്‍ക്കാര്‍ നിര്‍ദേശമാണിതെന്നും ആപ്പിള്‍ ഇക്കോ സിസ്റ്റത്തെ തന്നെ നടപടി പ്രതികൂലമായി ബാധിക്കുമെന്നും ആപ്പിള്‍ വിലയിരുത്തുന്നു.എന്നാൽ മൊബൈല്‍ ഫോണ്‍ കമ്പനികൾ പാർലമെന്‍റ് സമ്മേളന സമയത്ത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് സർക്കാർ വിലയിരുത്തൽ.
കുടുംബത്തിലെ പതിമൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവിനുള്ള വധശിക്ഷ നടപ്പിലാക്കാൻ താലിബാൻ കരുവാക്കിയത് 13കാരനെ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ എൺപതിനായിരത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷ നടപ്പിലാക്കിയത് ബന്ധുക്കൾ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണെന്ന് റിപ്പോർട്ട്. മംഗൽ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാൻ സ്ഥിരീകരിക്കുന്നത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തിൽ അപലപിക്കുമ്പോൾ അത് തുടരുകയാണ് താലിബാൻ ചെയ്യുന്നത്.
മിനസോട്ടയിലെ സൊമാലിയക്കാർക്കെതിരെ രൂക്ഷ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരെ ചവറ് എന്നാണ് ഡൊണാൾഡ് ട്രംപ് വിളിച്ചത്. സൊമാലിയക്കാർക്കെതിരെ ഭരണകൂടം കുടിയേറ്റ നടപടികൾ വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നുമാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്.
യൂറോപ്യൻ ശക്തികൾ യുദ്ധത്തിൻ്റെ പക്ഷത്തെന്ന് വിമർശിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ. എന്നാൽ യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ യുദ്ധം ചെയ്യാൻ റഷ്യയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഒരു സംശയത്തിൻ്റെയും ആവശ്യമില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്എൽ പ്രതിസന്ധി തീർക്കാൻ കേന്ദ്രകായിക മന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികളെല്ലാം ഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കും. ഐഎസ്എൽ ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾ നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി.
