തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി. പ്രസിഡന്‍റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി.
ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാർ. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ സ്വർണകൊള്ള ദൗർഭാഗ്യകരമായ സംഭവമാണെന്നും 2025ല്‍ വീണ്ടും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ കോടതിയെ അറിയിക്കാതിരുന്നതാണ് തങ്ങൾക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു. മനസ്സാക്ഷിക്ക് മുന്നിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സത്യസന്ധമായും സുതാര്യമായും ആണ് എല്ലാം ചെയ്തിട്ടുള്ളതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്.
ശശി തരൂർ ബിജെപിയുമായി അടുക്കുന്നു എന്ന അഭിപ്രായമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കോൺഗ്രസിന്റെ കുടുംബാധിപത്യം എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തോട് യോജിക്കുന്നുവെന്നും കഴിവുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജൻ. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായെന്നും അങ്ങനെയെങ്കിലും പാർട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് കരുതിക്കാണും എന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇത് തീർത്തും അപക്വമായിപ്പോയെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി.
കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയെന്ന് ആരോപിച്ചാണ് രാജി. എരഞ്ഞിപ്പാലം വാർഡിൽ കെപിസിസി സ്ഥാനാർഥി നിർണയ മാർഗരേഖ അട്ടിമറിച്ചുവെന്നും വാർഡ് കമ്മിറ്റി നൽകിയ പേരുകൾ പരിഗണിച്ചില്ലെന്നും എൻവി ബാബുരാജ് വാര്‍ത്താസമ്മേളനത്തിൽ അരോപിച്ചു.
തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജിവച്ചു. കോർപ്പറേഷനിലേക്ക് മൽസരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്. എൻസിപിയിൽ ചേരുമെന്നും ഒല്ലൂർ ഡിവിഷനിൽ എൻസിപി ടിക്കറ്റിൽ മൽസരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു.
തൃശൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ജോർജ് ചാണ്ടിയും, കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗൺസിലറുമായ ഷോമി ഫ്രാൻസിസും രാജിവച്ചു. തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി നേരത്തെ രാജി വെച്ചിരുന്നു.
മലപ്പുറം തിരൂരങ്ങാടി നഗരസഭയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ വീട് ഉൾപ്പെടുന്ന 25-ാം ഡിവിഷനിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കാലൊടി സുലൈഖയെ പാര്‍ട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം. വിമതയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, പാര്‍ട്ടി ഭാരവാഹിത്വത്തിൽ നിന്ന് സുലൈഖയെ നീക്കിയിരുന്നു. തിരൂരങ്ങാടി മുൻസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറി, എസ്ടിയു ജില്ലാ ജോയിൻ്റ് സെക്രട്ടിറ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ ഭാരവാഹിത്വത്തിൽ നിന്നാണ് സുലൈഖയെ മാറ്റിയത്.
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഎം പരാതി നൽകിയിരുന്നു. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ഹാൽ സിനിമയുമായി ബന്ധപ്പെട്ട് ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സിനിമ സംവിധായകൻ റഫീഖ് വീര. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം അടക്കം ഒഴിവാക്കാമെന്ന് കക്ഷികളായ ഞങ്ങൾ കോടതിയെ അറിയിച്ചിട്ടില്ലെന്നും ഇത് അഭിഭാഷകന് സംഭവിച്ച പിഴവ് ആണെന്നും സംവിധായകൻ റഫീക് വീര പറഞ്ഞു. ഹൈക്കോടതി വിധിയിൽ പുനഃപരിശോധന ഹര്‍ജി നൽകാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരൻ്റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്.
അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകി. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും.
ആലപ്പുഴ അരൂർ തുറവൂർ ഉയരപ്പാതനിർമ്മാണ മേഖലയിലെ ഗർഡർ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം. എന്‍എച്ച്എഐ നിയോഗിച്ച വിദഗ്ധ സംഘം ഗർഡർ തകർന്ന് വീണ ഇടം സന്ദർശിച്ചു. വിദഗ്ധ സമിതി അംഗങ്ങളായ എ കെ ശ്രീവാസ്തവ, എസ് എച്ച് അശോക് കുമാർ മാത്തൂർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും.
കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശിക്ഷ വിധിക്കും. ശിക്ഷവിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസും സിപിഎമ്മും. മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിജെപിയും വ്യക്തമാക്കിയെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യങ്ങളോട് മുഖംതിരിച്ചു. സമയബന്ധിതമായി എസ്ഐആർ പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്വന്തമാക്കിയ തകർപ്പൻ വിജയം വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിജയത്തെ അദ്ദേഹം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയ അദ്ദേഹം, ഇന്നു മുതൽ ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശം നൽകി.
ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ്. ബംഗാൾ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂൽ എംപി സാഗരിക ഘോഷ് അടക്കം മുതിർന്ന നേതാക്കൾ വ്യക്തമാക്കി.
ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുേ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകൾ നടന്നു.അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു
കർണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ വ്യാജ അപേക്ഷകൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ്. പശ്ചിമ ബംഗാൾ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജമ്മുകശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. തീവ്രവാദ ബന്ധമുള്ള കേസിൽ പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണമെന്നും ആക്സിഡന്റൽ സ്ഫോടനമാണെന്നും ആസൂത്രിതമല്ലെന്നും ആവർത്തിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ജമ്മു കാശ്മീർ സന്ദർശിച്ചേക്കും.
ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സ്ഫോടനത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിൻറെ രണ്ട് വീഡിയോഗ്രാഫർമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.
കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. 23 ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്ന് കൊൽക്കത്ത സെൻട്രൽ ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ഇന്ദിരാ മുഖർജി പ്രതികരിച്ചു.ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു.
ഡൽഹി ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷഹീൻ ഷാഹിദ് ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം. പാസ്‌പോർട്ടിനായി അപേക്ഷിച്ച ഇയാൾ, കൂട്ടാളികൾ പദ്ധതിക്ക് അന്തിമരൂപം നൽകുമ്പോൾ ദുബായിലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നുവെന്നാണ് വിവരം.
ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പത്താൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. ഇയാൾ പലതവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. ഹരിയാനയിൽ നൂഹിലടക്കം വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ട ഡോക്ടർമാരുടെ രജിസ്ട്രേഷൻ നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി.
സർക്കാർ ഉദ്യോഗസ്ഥനെ പൊതുസ്ഥലത്ത് വെച്ച് മർദിച്ച ഡിഎസ്‌പിക്ക് സസ്പെൻഷൻ. ജമ്മു കശ്‌മീരിലെ ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസറായ അസർ ഖാനെ മർദിച്ച ഡിഎസ്‌പി സുനിൽ സിങിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ജമ്മു കശ്മീരിലെ ഗാന്ധിനഗറിൽ ട്രാഫിക് ബ്ലോക്കിൽ വെച്ചാണ് അസർ ഖാനെ സുനിൽ സിങ് മർദിച്ചത്.അസർ ഖാൻ തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന വാഹനം വാനിൽ ഇടിച്ച് ഗാന്ധിനഗറിൽ വൻ ട്രാഫിക് കുരുക്കുണ്ടായി. ഇതേ തുടർന്നായിരുന്നു മർദ്ദനം
ബീഫ്, തക്കാളി, വാഴപ്പഴം തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ തീരുവ പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ പലചരക്ക് സാധനങ്ങളുടെ ഉയർന്ന വിലയെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം.
