20250930 141121 0000

നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിലുള്ള സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം പ്രാബല്യത്തിൽ വന്നതിന് പുറമെയാണ് സർക്കാർ സർവ്വെ നടപ്പാക്കാൻ ഒരുങ്ങുന്നത്.

 

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കവര്‍ച്ചയില്‍ ഇന്നും നിയമസഭ‍യില്‍ പ്രതിപക്ഷ പ്രതിഷേധം. ദ്വാരപാലക ശിൽപം വിൽപ്പന നടത്തിയെന്ന ഹൈകോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അതിനെ സര്‍ക്കാരും ദേവസ്വം ബോ‍ർഡും സ്വാഗതം ചെയ്തിട്ടുണ്ട്, രാഷ്ട‌ീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് ഇന്നലെയാണെന്ന് മന്ത്രി എംബി രാജേഷും ഓര്‍മ്മിപ്പിച്ചു.

 

ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർ‍ദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക.

 

ശബരിമലയിലെ സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ പ്രതിഷേധം. ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കോൺഗ്രസ്നേതാവ് സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് ശ്രമം പ്രവർത്തകർ പ്രതിരോധിച്ചു.ഉദ്ഘാടന പ്രസംഗം അവസാനിച്ചതോടെ പ്രവർത്തകർ അക്രമാസക്തരാവുകയായിരുന്നു. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പോലീസിനായില്ല.

 

ശബരിമലയിൽ വരുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി സ്പോൺസർഷിപ്പ് അനുവദിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇപ്പോഴത്തെ അനുഭവം ഒരു പാഠമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്പോണ്‍സര്‍മാരില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാൽ, ഓരോരുത്തരുടെയും പശ്ചാത്തലം വിജിലന്‍സ് ഇനിമുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ശബരിമല സ്വർണമോഷണ വിവാദത്തിൽ സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുരുതര കളവും വിൽപ്പനയും നടന്നെന്ന് ഹൈക്കോടതി പറഞ്ഞെന്നും ലക്ഷക്കണക്കിന് ഭക്തരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദ്വാരപാലക ശിൽപം ഏത് കോടീശ്വര‌നാണ് വിറ്റതെന്നും സതീശൻ ചോദിച്ചു. ക്രമക്കേട് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. സർക്കാരിലെ വമ്പൻമാർ പെടും എന്ന് അറിയാവുന്നത് കൊണ്ട് വിവരം മൂടി വച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു കൂട്ടിച്ചേർത്തു. ചെമ്പ് പാളിയിൽ വിശദീകരണം നൽകേണ്ടത് താനല്ലെന്നും പാളികള്‍ കൊണ്ടുപോകുമ്പോള്‍ താൻ അധികാരത്തിലില്ലെന്നും സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും എൻ വാസു പറഞ്ഞു.

 

ശബരിമല സ്വർണ്ണപാളി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റായി എൻ.വാസു വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നതെന്നും ആ കാലത്താണ് കൂടുതൽ വിവാദങ്ങൾ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ് വാസു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം കവരാനാകില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. എല്ലാം തെളിയട്ടെ എന്ന് പറഞ്ഞ പത്മകുമാർ‌ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു. ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെ എന്ന് ആവർത്തിച്ച പത്മകുമാർ വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പ്രകടിപ്പിച്ചാണ് പ്രതികരിച്ചത്.

 

ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയിൽ പങ്കില്ലെന്ന് തിരുവിതാംകൂർ ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞു.

 

ശബരിമലയിലെ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന് വിവരം . അജികുമാറിന്റെ കുടുംബക്ഷേത്രത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേർക്ക് വീട് നിർമിച്ചു നൽകി. കായംകുളം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വച്ച് മെയ് 25 നാണ് താക്കോൽ ദാന ചടങ്ങ് നടന്നതെന്നാണ് വിവരം.

 

കൊല്ലം ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരം പുനസ്ഥാപിക്കണമെന്ന് ആവശ്യം. 12 വര്‍ഷം മുന്‍പാണ് അഴിമതി ആരോപണത്തെ തുടർന്ന് അഞ്ചര കിലോ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച കൊടിമരം മാറ്റിയത്. സ്വർണം നഷ്ടമായെന്ന് നാട്ടുകാർ ആരോപിക്കുമ്പോൾ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം.

 

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും.

 

സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.

 

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. ദുൽഖറിന്റെ വാഹനം ഉൾപ്പെടെ 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങൾ മാത്രമാണ്. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്‍റെ നിഗമനം എന്നാൽ, 39 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.

 

പി.വി ശ്രീനിജിനെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് ട്വന്‍റി ട്വന്‍റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ് രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു. നുണ പരിശോധന നടത്തിയാൽ പല അഴിമതി കഥകളും പുറത്തുവരും. ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

 

അടൂരിൽ വാഹന ഷോറൂമിൽ വന്‍ തീപിടുത്തം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു തീപിടുത്തം. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഷോറൂം പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ഫയർഫോഴ്സ് പ്രതികരിച്ചു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.

 

കൊല്ലം പൊരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അവശനിലയിലായ 35 കാരൻ മരിച്ചു. ഇടവട്ടം സ്വദേശി ഗോകുൽനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഘർഷം ഉണ്ടായത്. ജയന്തി നഗർ സ്വദേശിയായ അരുണും സഹോദരനും ചേർന്ന് ഗോകുൽനാഥിനെ മർദ്ദിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം.

 

ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈമാസം 22ന് ഗോവയിലെത്തും. സൗദി ക്ലബ് അൽ നസ്ർ താരമായാണ് റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽ നസ്ർ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാൾഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റൊണാൾഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നൽകിയെന്നുമാണ് പുതിയ വിവരം.

 

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി. വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ‌ ആവശ്യപ്പെട്ടതായാണ് സൂചന.

 

കരൂരിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചതിന് നടനും മക്കള്‍നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെതിരേ ബിജെപി. കമല്‍ ഡിഎംകെയെ അനുകൂലിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു. ഒരു രാജ്യസഭാ സീറ്റിനുവേണ്ടി കമല്‍ഹാസന്‍ പണ്ടേ തന്റെ ആത്മാവിനെ വിറ്റതാണെന്നും രാജ്യസഭയിലേക്ക് അടുത്തിടെ നാമനിര്‍ദേശംചെയ്യപ്പെട്ടതിനെ സൂചിപ്പിച്ച് അണ്ണാമലൈ പറഞ്ഞു.

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും രാകേഷ് കിഷോർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം.

 

വിറച്ചിരിക്കുന്ന മുഖ്യമന്ത്രിയെയല്ല ബിഹാറിന് വേണ്ടതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പരിഹസിച്ചു. എന്നാൽ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന് ബിജെപിയും,ജെഡിയുവും പ്രതികരിച്ചു. ബിഹാറിലെ വികസനപദ്ധതികള്‍ ഓണ്‍ലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ തൊഴുകൈയോടെ ഏറെ നേരം നിതീഷ് കുമാര്‍ ഇരിക്കുന്ന ഈ ദൃശ്യം പങ്ക് വച്ചാണ് അദ്ദേഹത്തെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ അലട്ടുന്നുവെന്ന ആക്ഷേപം തേജസ്വി യാദവ് ഉയര്‍ത്തുന്നത്.

 

ഐക്യരാഷ്ട്രസഭയിൽ സ്ത്രീ സുരക്ഷയ്ക്ക് മേൽ നടന്ന ചർച്ചയ്ക്കിടെ ഇന്ത്യയെ വിമർശിച്ച പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും തീവ്രവാദം വളർത്തുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യക്ക് ഉപദേശം നൽകേണ്ടതില്ലെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. കശ്മീരി സ്ത്രീകൾ കാലങ്ങളായി ലൈംഗികാതിക്രമം നേരിടുകയാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ വിമർശിക്കുന്നതിന് മുൻപ് സ്വന്തം രാജ്യത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

 

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ പെയ്ത അതിശക്ത മഴയ്ക്ക് പിന്നാലെയുണ്ടായ മണ്ണിടിച്ചിലില്‍ ബാലസൺ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒലിച്ച് പോയി. സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലമാണ് ഒലിച്ച് പോയത് ഇതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.

 

ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ കുപ്പിവെള്ളത്തിൽ മലിനീകരണം കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) അടിയന്തര മുന്നറിയിപ്പ് നൽകി. മാർക്കറ്റിൽ നിന്ന് ഈ ഉൽപ്പന്നം പിൻവലിച്ചു. ഈ ഉൽപ്പന്നത്തിന്‍റെ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കൽ, ലബോറട്ടറി പരിശോധന, ഇറക്കുമതി താൽക്കാലികമായി നിരോധിക്കൽ എന്നിവ ഏർപ്പെടുത്തി.

 

അധികാര പദവിയിൽ മോദിക്ക് ഇന്ന് സിൽവർ ജൂബിലി. ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം അറിയിച്ച് പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഇന്ത്യൻ ജനതക്ക് നന്ദിയെന്ന് മോദി പറഞ്ഞു. രാജ്യപുരോഗതിക്ക് ഇനിയും സംഭാവന നൽകാൻ നിരന്തര ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഖത്തറിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സമുദ്ര ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. മറൈൻ നാവിഗേഷൻ പ്രവർത്തനങ്ങൾ രാവിലത്തെ ഷിഫ്റ്റിൽ മാത്രമായി പുനരാരംഭിക്കുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. അതേസമയം വൈകുന്നേരത്തെ ഷിഫ്റ്റിൽ കപ്പലുകളിലെ വിനോദം, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ മറൈൻ നാവിഗേഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത് തുടരും.

 

സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ നാലരമണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പോലീസ്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടിൽ വ്യവസായിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മുംബൈ പോലീസിന്‍റെ എക്കണോമിക്സ് ഒഫൻസ് വിങ് ചോദ്യം ചെയ്തത്.

 

ജയ്പൂര്‍ രാജകുടുംബത്തിന്‍റെ ഇപ്പോഴത്തെ താഴ്വഴികൾ സമര്‍പ്പിച്ച ഹ‍ർജികളില്‍ നിന്നും മഹാരാജ്, രാജകുമാരി തുടങ്ങിയ പദങ്ങൾ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കേസ് തള്ളിക്കളയുമെന്നും രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ജയ്പൂർ രാജകുടുംബത്തിലെ പരേതരായ ജഗത് സിംഗിന്‍റെയും പൃഥ്വിരാജ് സിംഗിന്‍റെയും നിയമപരമായ അവകാശികൾ സമർപ്പിച്ച 24 വർഷം പഴക്കമുള്ള ഹ‍ർജിയിലാണ് കോടതിയുടെ ഉത്തരവ്.

 

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ കുളത്തിൽ നിന്ന് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഛത്തർപൂർ ജില്ലയിലെ ബിജവർ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ഒരു ബാഗിനുള്ളിൽ നിറയെ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത്. വാർഡ് നമ്പർ 15-ൽ നിന്നുള്ള 400 മുതൽ 500 വരെയുള്ള ആളുകളുടെ യഥാർത്ഥ വോട്ടർ ഐഡി കാർഡുകളാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

 

യു എസിലെ കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. അപകത്തില്‍ പരിക്കേറ്റ മൂന്ന് പേരും ഹെലികോപ്റ്ററിലെ യാത്രക്കാരായിരുന്നെന്നും അഗ്നിശമന വകുപ്പ് അറിയിച്ചു.

 

ഗാസ സമാധാന പദ്ധതി വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ നടന്ന ചർച്ച മണിക്കൂറുകൾ നീണ്ടു. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ചയായതെന്നാണ് സൂചന.

 

ഗാസ സമാധാന പദ്ധതി വിജയത്തിലെത്തുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. താൻ ഇക്കാര്യത്തിൽ ഒരു പരിധി നിശ്ചയിച്ചിരുന്നു ഹമാസ് ചില നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേ‌ർത്തു. ഹമാസിനെ നിരായുധീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച വ്യവസ്ഥകൾ ഉണ്ടായിരുന്നുവെന്നോ എന്ന് ഓവൽ ഓഫീസിലെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

 

വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *