Untitled design 20250112 193040 0000

 

 

 

കേരളത്തിൽ മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുന്നു. വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്.

 

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

 

പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും പ്രളയ സാധ്യത സ്ഥലങ്ങളിൽ ജാ​ഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന ആരോപണം സങ്കടപ്പെടുത്തിയെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

 

സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും ഉരുൾപൊട്ടലും വിതച്ച അതിരൂക്ഷമായ സാഹചര്യങ്ങളിൽ നേരിട്ടിറങ്ങി ഇടപെടാനും ദുരിതബാധിതരെ സഹായിക്കാനും മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണമെന്ന് സി പി എം. കേരളത്തിലെ സ്ഥിതിഗതികൾ ഗൗരവതരമായി തുടരുമ്പോഴും മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഓഫീസിൽ നിന്നുള്ള ബ്രീഫിംഗിലേക്ക് ഒതുങ്ങുന്ന മുഖ്യമന്ത്രിയുടെ നിലപാട് നിസ്സംഗത നിറഞ്ഞതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വിമർശിച്ചു.

 

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27) ക്കും വിട നൽകി നാട്. കുടുംബത്തിൻ്റെ വീടടക്കം സർവവും ഉരുളെടുത്തതോടെ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക്ക് സ്കൂളിലാണ് പൊതുദർശത്തിന് വെച്ചത്.വൈകുന്നേരം പയ്യാനിത്തോട്ടം സെൻ്റ്. അൽഫോൻസ പള്ളിയിൽ സംസ്കാരം നടന്നു.

 

കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചതിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി.രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

 

എം കെ സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ, കവി കെ സച്ചിദാനന്ദനെതിരെ പിണറായിയുടെ പരോക്ഷ വിമർശനം. തുടർ ഭരണം അപകടമാണെന്നോ ഇടതുപക്ഷത്തെ ഇകഴ്ത്തിയോ സാനു മാഷ് സ്വീകാര്യത നേടാൻ ശ്രമിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഇടത് പക്ഷത്തിന് തുടർ ഭരണം വേണ്ടെന്ന സച്ചിദാനന്ദന്റെ പ്രതികരണത്തിന് മറുപടിയെന്ന രീതിയിലായിരുന്നു പിണറായിയുടെ പ്രസംഗം.

 

കണ്ണൂര്‍ പയ്യന്നൂരില്‍ കൊലക്കേസ് പ്രതിയെ ബാലസംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ബി എം എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ടി സി വി നന്ദകുമാറിനാണ് ബാലസംഘത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ നിലവില്‍ ജയിലിലാണ്.

 

സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി കെ പൃഥിരാജിന്‍റെ ആവശ്യം തള്ളി സർക്കാർ. വയനാട്ടിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരെ പൃഥിരാജ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ വയനാട്ടിലേക്കുള്ള സ്ഥലമാറ്റം റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

 

കർണാടകയിലും കനത്ത മഴയിൽ വ്യാപക നാശം. ഷിമോഗയ്ക്ക് സമീപം തീർത്ഥഹള്ളിയിൽ വീടുകൾക്ക് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ഇന്ദിരാ നഗറിൽ പുലർച്ചെ 2.40 ഓടെയായിരുന്നു സംഭവം. സമീപ വീടുകളിൽ താമസിച്ചിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു.

 

പൂനെയിലെ മലയാളി കുടുംബത്തിൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസിൻ്റെ നിഗമനം. പിംപ്രിയിലെ മോർവാഡിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

 

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ലക്ഷ്യം കണ്ടതിന് ശേഷം തുടർ സമര പരിപാടികൾ ആലോചിക്കാൻ കോക്റോച്ച് ജനത പാർട്ടി (സിജെപി) ഒരുങ്ങുന്നു. മുംബൈയിലെ ഛത്രപതി സംബാജി ന​ഗറിലുള്ള സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും. ഓഗസ്റ്റ് അഞ്ചിനാണ് യോഗം നടക്കുക.

 

മധ്യപ്രദേശിലെ ബാലഘട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. സുഗ്നി ബായ് ധ്രുവെ എന്ന മുപ്പത് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് നൽകുന്നുവെന്ന് പ്രഖ്യാപിച്ചിട്ടും സി ജെ പി പ്രതിഷേധത്തിനിടെ വിവാദത്തിലായ 15 വയസുള്ള പെൺകുട്ടിക്കെതിരെ ആക്രമണം തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സി ജെ പി രംഗത്ത്. അധിക്ഷേപ പരാമർശത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പോലും ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് സി ജെ പി വക്താവ് രത്ന സിംഗ് പറഞ്ഞു.

 

പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ആൾക്ക് പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്.പിടിയിലായ ഹമീം മൊണ്ഡലിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് എസ്ടിഎഫ് ഐജി ഗൗരവ് ശർമ്മ പറഞ്ഞു.

 

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടകം.കേന്ദ്ര സ‍ർക്കാരോ സുപ്രീംകോടതിയോ വിഷയത്തിൽ ഇടപെടണം.സർക്കാർ നേരിട്ട് സുപ്രീംകോടതിയിലേക്കില്ല. ഡിഎംകെ നൽകിയിട്ടുള്ള ഹ‍ർജിയിൽ കോടതി ചോദിച്ചാൽ വിശദീകരണം നൽകും എന്നും അറിയിച്ചു.

 

തൻ്റെ മകളോട് ക്ഷമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയറിയിച്ച് ജന്തർ മന്തർ പ്രതിഷേധത്തിനിടെ മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ. ഇത്രയധികം അധിക്ഷേപം നേരിട്ടിട്ടും ക്ഷമിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മഹത്തരമാണെന്നും പ്രധാനമന്ത്രി തൻ്റെ മകൾക്ക് പുതിയ ജീവിതം നൽകിയെന്നും മാതാവ് പറഞ്ഞു.

 

രാജസ്ഥാനിലെ ബിക്കാനേർ അതിർത്തിയിൽ അതിർത്തി രക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും മാരകായുധങ്ങളും പിടികൂടി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാകാമെന്നാണ് സംശയം. ഒരാളെ കസ്റ്റഡിയിലെടുത്തു

 

ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു. ലഷ്കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിന് പിന്നാലെ സുരക്ഷ വിലയിരുത്താൻ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

 

ഇന്തോനേഷ്യയിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തു. തീപിടിത്തം ഉണ്ടായപ്പോൾ 271 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 225 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

 

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടനിൽ സാധാരണക്കാരനായി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഷാങ്ഹായ് മി റെസ്റ്റോറന്റിൽ ലളിതമായ വേഷത്തിൽ എത്തിയ അദ്ദേഹം, ജീവനക്കാരോടും പൊതുജനങ്ങളോടും സൗഹൃദപരമായി ഇടപഴകി.

 

ഡൊണാൾഡ് ട്രംപുമായി സംസാരിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ കിരീടാവകാശി ഊന്നിപ്പറഞ്ഞു.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *