യുഎസ്-ഇറാൻ-ഇസ്രായേൽ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും. പാക് – ചൈന അഞ്ചിന സമാധാന നീക്കം വിദേശകാര്യ മന്ത്രിമാർ സംസാരിച്ചു. നേരത്തെ അഞ്ചിന പദ്ധതി ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകത്തിലെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണെന്നിരിക്കെ ഇപ്പോള്‍ ഹോര്‍മുസിലുണ്ടായിരിക്കുന്ന പ്രതിസന്ധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ആഗോള സമ്പദ്വ്യവസ്ഥയെ അത് ദുര്‍ബലപ്പെടുത്തുന്നുവെന്നുമാണ് അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്കയ്ക്ക് ഒപ്പം ചേരില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ. ഇറാനിലെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പൽ ഗതാഗതവും തടയാനാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് നിർദേശം നൽകിയത്. എന്നാൽ ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ യുഎസിനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ്.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. വേനൽ ചൂട് കനത്തതിനാൽ ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് ആയിരുന്നു വൈദ്യുതി ഉപഭോഗം. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെ രേഖപ്പെടുത്തിയതായിരുന്നു. 112.16ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്.
സംസ്ഥാനത്ത് ചൂടുകൂടുന്നതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. മരുന്നുകൾ സൂക്ഷിച്ച ഗോഡൗണിലാണ് തീ പടർന്നത്. തീപിടുത്തത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ രോഗികളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു.
സഭയോടും ദീപിക പത്രത്തോടുമുള്ള പോര് നീട്ടേണ്ടെന്ന നിലപാടിൽ ബിജെപി നേതൃത്വം. വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് നേതൃത്വം കോർ കമ്മിറ്റിയിൽ വിശദീകരിച്ചു. പി സി ജോർജിന്റെയും ഷോണ്‍ ജോർജിന്‍റെയും സഭാ വിമർശനം യോഗത്തിൽ ചർച്ചയായി.
കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. സഭയ്ക്ക് എതിരെയല്ല, ദീപികയുടെ നിലപാടിനെതിരെയാണ് പറഞ്ഞതെന്ന് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ ഷോൺ ജോർജ് പറഞ്ഞു.
കളമശേരിയില്‍ ബൈ ബൈ പിണറായി ഫ്‌ളക്‌സിനെ ചൊല്ലിയുള്ള കയ്യാങ്കളിയില്‍ ഏഴ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഫ്‌ളക്‌സ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാണ് പരാതി.കളമശേരി കുന്നുകരയില്‍ ഇന്നലെ രാത്രിയായിരുന്നു സംഘര്‍ഷം. ഫ്‌ളക്‌സ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാണ് പരാതി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ ചെയർമാൻ കാച്ചാണി സനിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യക്ക് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്. അധ്യാപികയായ ലതയെ ലോൺ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. പൊലീസിൽ പരാതി നൽകാൻ കോളേജ് അധികൃതർ തീരുമാനിച്ചതും സമ്മർദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.
നിതിൻ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണ്, കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ട്, പുരോഗമന കേരളത്തിന് ഇത്തരം വാർത്തകൾ ഒട്ടും ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിതിൻ രാജിന്‍റെ മരണ കാരണം ലോൺ ആപ്പ് ഭീഷണിയെന്ന് വരുത്താനുള്ള പൊലീസ് നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംബേദ്കറൈറ്റ് ഡേമോക്രാറ്റിക്ക് ഫ്രണ്ട് ജനറൽ കൺവീനർ എം ഗീതാനന്ദൻ ആരോപിച്ചു. ഇതിനു പിന്നാലെ സംസ്ഥാനത്തെ കോളേജുകളിൽ രോഹിത് വെമുല ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ദളിത് സംഘടനകൾ. ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ നിയമ നടപടി വേണമെന്നാണ് ആവശ്യം.
മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിൽ ഏപ്രിൽ 12നായിരുന്നു സംഭവം.
കായംകുളം ലൈംഗിക അതിക്രവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏപ്രില്‍ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തില്‍ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നും യുവതി പരാതി നല്‍കി.
കോഴിക്കോട് ചെലവൂരില്‍ അരുംകൊല. പതിനാറുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയും കൊല്ലപ്പെട്ട നസ്രീനയുടെ ബന്ധുവുമായ അദിനാനെ അതേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
2018 മുതൽ പാകിസ്ഥാനിൽ ഇന്ത്യൻ ഉള്ളടക്കങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിൽ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉൾപ്പെടുത്തിയതിന് പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ‘ജിയോ ന്യൂസി’നെതിരെ നടപടി.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഈ കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി തുടരുമെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്ഐയെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സിറ്റി കമ്മീഷണറാണ് കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തത്.
വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും കുവൈത്തിന്‍റെ സുരക്ഷയ്ക്കുള്ള ബ്രിട്ടന്‍റെ പിന്തുണ ഉറച്ച നിലയിൽ തുടരുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ കുദ്സി റഷീദ് വ്യക്തമാക്കി.
മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു. യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും പോപ്പിനെ പ്രതിരോധിക്കാൻ രംഗത്തെത്തി.
ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെ ചൈന രംഗത്ത്. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തിൽ ഇടപെടരുതെന്നും മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ അമേരിക്കക്ക് മുന്നറിയിപ്പ് നൽകി.
