കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് ദിവസം. പരസ്യപ്രചാരണം നാളെ അവസാനിക്കും. ബി ജെ പിയുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. അതേസമയം വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും.
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കവെ പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും ഭരണസേവനങ്ങൾ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ്, പ്രകടന പത്രികയിലെ വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ തിരുത്തി. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്. ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്.
ദില്ലിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പറഞ്ഞിരുന്ന സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകുമെന്ന് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന സി.പി.എം ഇപ്പോൾ പതിമൂന്നാമത്തെ പാർട്ടിയാണ്, ലോക്സഭയിൽ 4 സീറ്റും വോട്ട് 1.76 ശതമാനവും മാത്രമാണെന്നും ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണെന്നും അദ്ദേഹം പറഞ്ഞും ഇന്നത്തെ പത്രം നോക്കിയാൽ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാർജുൻ ഖർഗെയും ആണ് ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നൽകാൻ തയ്യാറാണെന്നും ടിപി പറഞ്ഞു.
നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി എന്നു കാണിച്ച് മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. കിറ്റ് വിവാദം ടി എൻ പ്രതാപന്‍റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ പ്രതികരിച്ചു.
തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം.
ടി.എൻ. പ്രതാപനെതിരെ നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ്. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ടി എൻ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനും തമ്മിലാണ് ഡിലെന്നും ഫിറോസ് ആരോപിച്ചു.
പി .വി. അൻവറിനെ ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു സമ്മാനം കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെറും എംഎൽഎ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നതെന്നും ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കുമെന്നും വി. ഡി സതീശൻ പി വി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയംനടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യും, കാരണം, രണ്ട് മുന്നണികളും അധികാരത്തിലെത്തിയാൽ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.
മലപ്പുറം വേങ്ങരയിൽ ഇന്നലെ രാത്രി കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവ്വം നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
കാസർകോട്ടെ വനിത ലീഗ് നേതാവിന്റെ ‘മുനാഫിഖ്’ പരാമർശത്തിൽ സമസ്തക്കുള്ളിലും എതിർപ്പ്. വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് കുമ്പോൽ സെയ്ദ് അലി തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്നും നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോൽ സെയ്ദ് അലി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക. ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ലെന്നും ഡിസിപി പറഞ്ഞു. അതേസമയം രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് അക്രമികൾ. 57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്കൂളിലാണ് പഠിപ്പിച്ചിരുന്നത്.
ചൈനയിലെ റെസിഡൻഷ്യൽ ഫ്ലാറ്റുകളിൽ ചിതാഭസ്മം സൂക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. ശ്മശാനഭൂമിയുടെ അമിതമായ വിലക്കയറ്റത്തെത്തുടർന്നാണ് പല കുടുംബങ്ങളും ഫ്ലാറ്റുകൾ വാങ്ങി അവിടെ ചിതാഭസ്മം സൂക്ഷിക്കാൻ തുടങ്ങിയത് എന്നാൽ സർക്കാർ ഇത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിന് പാമ്പുകളെയും മുതലകളെയും ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആഭ്യന്തര ചർച്ച നടന്നിട്ടുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങൾ. എന്നാൽ ഈ വിഷയത്തിൽ ബിഎസ്എഫ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ജനവാസ കേന്ദ്രത്തിലെ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല.
