20251128 141206 0000

മൂന്നാം എൽഡിഎഫ് സർക്കാരെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന. കാസർകോ‍ട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു.

 

എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.

 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 372 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 80 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. 63 ഇടത്ത് എൽഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന നിലയിലാണ്. കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ മിക്കയിടത്തും ഇത്തവണ യുഡിഎഫ് തിരിച്ചുവന്നു.

 

 

 

 

ബിജെപിക്കും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത നേട്ടമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്താണ് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 45 വാര്‍ഡുകളിലും മുന്നേറുകയാണ്. 45 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. കേവല ഭൂരിപക്ഷത്തിലേക്ക് ഏതാനും സീറ്റുകള്‍ കൂടിയാണ് ബിജെപിക്ക് വേണ്ടത്. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു.

 

പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ഭരണം പിടിച്ച് എൻഡിഎ. ചരിത്രത്തിൽ ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യു.ഡി.എഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. 21 സീറ്റുകള്‍ എൻഡിഎ നേടിയപ്പോള്‍ 20 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ നേടിയത്. അതേസമയം പാലക്കാട് നഗരസഭയിലും ബിജെപി ഭരണം നിലനിര്‍ത്തി. എൻഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയിൽ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

 

വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ വിവാദ പരാമർശം. തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം. വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചുവെന്നും എംഎം മണി വിമര്‍ശിച്ചു.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

 

തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശബരീനാഥൻ വിജയിച്ചു. ബിജെപി ശക്തമായ എതിരാളിയായി ഉള്ള വാർഡാണ് കവടിയാർ. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. 74 വോട്ടിനാണ് ശബരീനാഥ് ജയിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ എൽഡിഎഫിന് വോട്ട് കുറച്ചുകൂടി ലഭിച്ചെങ്കിലും ശബരീനാഥ് വിജയിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ മധുസൂദനൻ രണ്ടാം സ്ഥാനത്തേക്ക് പോയി.

 

തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ മേയര്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിൽ നിന്ന് വിജയിച്ചു കയറിയപ്പോൾ, അപ്രതീക്ഷിത ഭൂരിപക്ഷവുമായി കൊടുങ്ങാനൂരിൽ വിവി രാജേഷിന് വിജയം നേടാനായി. അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിക്ഷത്തിലാണ് വിവി രാജേഷിന്റെ വിജയം.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും സണ്ണി ജോസഫ് പറ‍ഞ്ഞു. കോൺഗ്രസ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണി കക്ഷികളും കൂട്ടായ പരിശ്രമമാണ് നടത്തിയത്. സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. കോൺഗ്രസിനെ ജനങ്ങൾ മനസ്സിലാക്കി. ഇത് സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

 

യുഡിഎഫിൻ്റേത് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. വളരെ വലിയ വിജയം ആണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്ത് വൻ ഭൂരിപക്ഷത്തിൽ ആണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സർക്കാരിനോട് ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

 

തിരുവനന്തപുരം കോർപ്പറേഷനിൽ കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു. 362 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം. പാറ്റൂർ രാധാകൃഷ്ണൻ 1215 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥിക്ക് 853 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 779 വോട്ടും ലഭിച്ചു.

 

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയ്ക്ക് അട്ടിമറി വിജയം. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ് ജനങ്ങൾ നൽകിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ പറഞ്ഞതും സത്യം വിജയിക്കുമെന്നാണ്.പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകി. വളരെയധികം സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 363 വോട്ട് നേടിയാണ് വൈഷ്ണ വിജയിച്ചത്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദം ശക്തമായ പ്രചരണ വിഷയമായിട്ടും പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി പിന്തള്ളപ്പെട്ടു. എൽഡിഎഫും യു.ഡി.എഫിനും നഗരസഭയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 14 സീറ്റിൽ വിജയിച്ച എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യു.ഡി.എഫ് മുഖ്യപ്രതിപക്ഷമായി. ഒൻപത് സീറ്റ് മാത്രം നേടിയ ബി.ജെ.പിയും പ്രതിപക്ഷത്തിരിക്കും.

 

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം. നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്‍റി20യാണ് ലീഡ് ചെയ്യുന്നത്. കുന്നത്തുനാടിൽ ഏഴു സീറ്റുകളിലേക്ക് ട്വിന്‍റി 20 ഒതുങ്ങി. കുന്നത്തുനാടിൽ 17 ഇടങ്ങളിൽ യുഡിഫ് ആണ് ലീഡ് ചെയ്യുന്നത്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യുമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുൽ പ്രതികരണം നടത്തിയത്.

 

രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ കോൺഗ്രസിന് ജയം. കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് ചെയ്തത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ തോറ്റു. അടൂർ നഗരസഭ എട്ടാം വാർഡിലാണ് ഫെന്നി മത്സരിച്ചിരുന്നത്. അവിടെ ബിജെപി സീറ്റ് നിലനിർത്തി.

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മുൻ എംഎല്‍എ അനില്‍ അക്കര വിജയിച്ചു. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിൽ നിന്ന് ജനവിധി തേടിയ അദ്ദേഹം 300-ലധികംവോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചുകയറി. സിപിഎമ്മിന്റെ കെ.ബി. തിലകനേയും ബിജെപിയുടെ ഹരീഷ്‌ വി.ജിയേയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

 

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് തരംഗം. കഴിഞ്ഞതവണ നഷ്ടപ്പെട്ട കോർപ്പറേഷൻ യുഡിഎഫ് തിരിച്ചുപിടിച്ചു. വിമതരെ കൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയിൽ എല്ലാ പ്രതിസന്ധികളും മറികടന്നാണ് കോൺഗ്രസിന്റെ വമ്പൻ വിജയം.76 വാർഡുകളിൽ 45 വാർഡുകളിലാണ് യുഡിഎഫ് മുന്നേറ്റം. എൽഡിഎഫ് 24 ഇടത്തും അഞ്ചിടത്ത് എൻഡിഎയുമാണ് മുന്നിട്ടുനിൽക്കുന്നത്.

 

വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിൻ വിജയിച്ചു. സിപിഎം സ്ഥാനാർ‌ഥി റോക്കി ബിനോയിയെ 31 വോട്ടുകൾക്കാണ് കുഞ്ഞിമോൻ പരാജയപ്പെടുത്തിയത്.കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന 500-ൽ അധികം വരുന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ ഒരു വർഷം നീണ്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഫലം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം. പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവരം.

 

കോട്ടയം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതികാ സുഭാഷിന് വമ്പൻ തോൽവി. 48-ാം വാർഡായ തിരുനക്കരയിൽ ലതികാ സുഭാഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ലതിക. യു‍ഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വിജയിച്ചത്.

 

തൃക്കാക്കര നഗരസഭയില്‍ ദമ്പതികള്‍ക്ക് വിജയം. സിപിഎം സ്ഥാനാര്‍ഥികളായി മത്സരിച്ച സി.എ നിഷാദും ഭാര്യ റസിയ നിഷാദുമാണ് ഒരു വീട്ടിലേക്ക് വിജയം കൊണ്ടുവന്നത്. നിലവിലെ കൗണ്‍സിലറായ റസിയ നിഷാദ് കൊല്ലംകുടിമുകളില്‍ നിന്നാണ് മത്സരിച്ചത്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സി.എ. നിഷാദ് കരുണാല.കരുണാലയം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്.

 

നിലമ്പൂരില്‍ എല്‍ഡിഎഫില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാര്‍ഡുകളില്‍ യുഡിഎഫ് 28 വാര്‍ഡുകളിലും എല്‍ഡിഎഫ് 7 ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. ഇടതുമായി തെറ്റിയ പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും യുഡിഎഫ് അത് പരിഗണിച്ചിരുന്നില്ല.

 

കട്ടിപ്പാറയില്‍ വിവാദമായ ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റ് സമരത്തില്‍ പ്രതിയായി ഒളിവില്‍ പോയി ഒടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനുല്‍ആബിദീന് വിജയം. ഒറ്റ ദിവസം പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താതെയും വോട്ടുചെയ്യുക പോലും ചെയ്യാത്ത സ്ഥാനാര്‍ഥിയാണ് സൈനുല്‍ അബിദീന്‍ എന്ന ബാബു കുടുക്കില്‍. 225 വോട്ടുകള്‍ക്കായിരുന്നു ബാബുകുടുക്കിലിന്റെ വിജയം.

 

സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. കുടുംബത്തോടൊപ്പം സന്നിധാനത്ത് ദർശനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാ ദിവസവും 80,000ത്തിനു മുകളിൽ ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85000ത്തിലധികം ഭക്തരാണ് എത്തുന്നത്.സ്പോട്ട് ബുക്കിംഗ് എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായും ഹൈക്കോടതിയുമായും ആശയവിനിമയം നടത്തിയതിനു ശേഷം തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു

 

ബാങ്കുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കാനും ഉപഭോക്താക്കള്‍ക്ക് അധികഭാരമാകുന്ന ഫീസുകള്‍ ഒഴിവാക്കാനും റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ബാങ്കിങ് രംഗത്തെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആര്‍.ബി.ഐ.യുടെ ഈ നിര്‍ണായക നീക്കം. നിലവില്‍, ഓരോ ബാങ്കുകളും ഓരോ രീതിയിലാണ് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനായി ബാങ്കുകളുമായി ആര്‍.ബി.ഐ. കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു.

 

ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നത്. പ്ലാന്റ് ഓപ്പറേറ്റർമാരെ സംരക്ഷിക്കുന്നതിനും ഉപകരണ വിതരണക്കാരുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുമായി സിവിൽ ബാധ്യതാ നിയമം ഭേദഗതി ചെയ്യും. ഇന്ത്യൻ ന്യൂക്ലിയർ ഇൻഷുറൻസ് പൂളിനു കീഴിൽ ഓപ്പറേറ്റർ ഇൻഷുറൻസ് ഓരോ സംഭവത്തിനും 1,500 കോടി രൂപയായി മാറ്റാനും സസ്റ്റൈനബിള്‍ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബിൽ നിർദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

 

സൗദി അറേബ്യയിലെ വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സ്‌നാപ്ചാറ്റ് താരമാണ് അബൂ മുർദാഅ് എന്നറിയപ്പെടുന്ന അബ്ദു‌ല്ല ബിൻ മുർദാഅ് ആൽ ആതിഫ് അൽ ഖഹ്‌താനി. ഒപ്പമുണ്ടായിരുന്ന മറ്റൊരു സോഷ്യൽ മീഡിയ താരം അബു ഹിസ്സയും അബു മുർദാഅിെൻറ പിതൃസഹോദര പുത്രനായ ദുബൈലിനും ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ച ജീപ്പ് ബുൾഡോസറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

 

നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ 60 പെൺകുട്ടികളടക്കം 82 കുട്ടികളെ കാണാതായെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുംബൈ നഗരത്തിൽ കനത്ത ജാഗ്രത. ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചതും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കടക്കം പലവിധത്തിലുള്ള സന്ദേശങ്ങളും ജാഗ്രതാ നിർദേശങ്ങളും പ്രചരിക്കുന്നുണ്ട്. കാണാതായവരിൽ 41 പെൺകുട്ടികളും 13 ആൺകുട്ടികളും 18 ന് അടുത്ത് പ്രായമുള്ളവരാണ്.

 

ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, 600 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5000 കോടി രൂപ) ധനസഹായം അനുവദിച്ച് ലോകബാങ്ക്. 27 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അയല്‍സംസ്ഥാനങ്ങളിലേക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും സംസ്ഥാനങ്ങളെ നിക്ഷേപ സൗഹൃദമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

 

സമാധാന നൊബേൽ ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നര്‍ഗീസ് മുഹമ്മദിയെ ഇറാൻ വീണ്ടും അറസ്റ്റ് ചെയ്തു. നടപടിയെ അപലപിച്ച സമാധാന നൊബേൽ സമിതി ഉപാധികളില്ലാതെ നര്‍ഗീസ് മുഹമ്മദിയെ വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഖോസ്‌റോ അലികൊര്‍ദി എന്ന അഭിഭാഷകന്റെ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അലി കൊര്‍ദിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണെന്നും അനുസ്മരണത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അലികൊര്‍ദി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ഇറാൻ വിശദമാക്കുന്നത്.

 

കൊല്‍ക്കത്തയില്‍ സാള്‍ട്ട് സ്‌റ്റേഡിയത്തിലിറങ്ങി കാണികളെ അഭിവാദ്യം ചെയ്ത് ലയണല്‍ മെസ്സി മടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍. മെസ്സിയെ ശരിയായ.ശരിയായി കാണാന്‍ കഴിയാത്തതില്‍ ആരാധകര്‍ രോഷം പ്രകടിപ്പിച്ചു. സീറ്റുകള്‍ തല്ലിത്തകര്‍ത്തും ഗ്രൗണ്ടിലേക്ക് കുപ്പികളും മാലിന്യങ്ങളും എറിഞ്ഞുമാണ് ആരാധകര്‍ പ്രതിഷേധിച്ചത്. സംഘാടകര്‍ ആരാധകരുടെ വികാരം മുതലെടുക്കുകയായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *