മുഖ്യമന്ത്രിക്കെതിരായ പരാതിയുമായി അടൂർ പ്രകാശ് കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുന്നു. പാർട്ടിയിലെ ഏകോപനമില്ലായ്മയും തീരുമാനങ്ങളിലെ അതൃപ്തിയും ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെ അദ്ദേഹം നേരിൽ കാണും. വിഷയത്തിൽ വി.ഡി സതീശനും ദേശീയ നേതൃത്വത്തെ നിലപാട് അറിയിക്കാനിരിക്കെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്.
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ചയുടെ വിവരങ്ങൾ പുറത്ത്. ഗെയിംസിന് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കുകളിൽ ആയിരുന്നു എന്ന് ന്യായീകരണം. ദിവസങ്ങൾ പിന്നിട്ടിട്ടും അപകടത്തിൽ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്, കേസെടുത്തേ തീരുവെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ച്.പത്താം തീയതി വരെ സമയം സർക്കാരിന് നൽകുമെന്നും അതിനുള്ളിൽ സിഐ സതീഷ് കുമാറിനെ സ്റ്റേഷനിൽ നിന്ന് മാറ്റിയില്ലെങ്കിൽ അനിശ്ചിത കാലസമരവുമായി എസ്എഫ്ഐ കന്‍റോണ്‍മെന്‍റ് സ്റ്റേഷന്‍റെ മുന്നിലെത്തും എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി സി തോമസ്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടുവെന്നും ജോസ് കെ മാണിയുടെ അപരന്‍റെ പത്രിക കാരണങ്ങൾ ഇല്ലാതെ തള്ളിയെന്നുമാണ് ആരോപണം.
മുതിർന്ന നേതാവും മുൻ എം എൽ എയുമായ പി നന്ദകുമാറിന്റെ വിവാദമായ മലപ്പുറം വിദ്വേഷ പ്രസംഗത്തെ തള്ളാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തതും അതിശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്നതുമായ പ്രദേശമാണ് മലപ്പുറമെന്ന് പിണറായി ചൂണ്ടിക്കാട്ടി.
നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി സണ്ണി ജോസഫ് രംഗത്ത്. പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതിനെയും അദ്ദേഹം അപലപിച്ചു. പാർട്ടിയിലെ കാര്യങ്ങൾ പരസ്യമാക്കരുതെന്നും അദ്ദേഹം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന സന്ദേശം മുൻ ഡിജിപി ആർ ശ്രീലേഖ പിൻവലിച്ചു. ബിജെപി നേതൃത്വത്തിന്റെ ശക്തമായ അനുനയ നീക്കങ്ങളെ തുടർന്നാണ് തീരുമാനം. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് പാർട്ടി വിശദീകരണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നില്ലെന്ന പരാതികൾ സജീവമായതോടെ വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത സംബന്ധിച്ച് കൃത്യവും യഥാർത്ഥവുമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എൻ സുരേഷ് ബാബുവിനെ മാറ്റി വി. ചെന്താമരാക്ഷനെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്ന് സുരേഷ് ബാബു. സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണ നടപടിയാണ്.
സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് പി കെ ശശി. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ എന്നും ശശി ചോദിച്ചു. സുരേഷ് ബാബുവിനെതിരെയടക്കം വിമർശനം ഉന്നയിച്ചുകൊണ്ട് സി പി എം ബന്ധം അവസാനിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ശശി സംസാരിച്ചത്.
ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രാജി സന്നദ്ധത അറിയിച്ചെന്ന വാ വാർത്തകൾക്കിടെ, ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും. ശ്രീലേഖ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ജനസേവനത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില്‍ അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്ന് പിണറായി കത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം. പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. നിലവില്‍ കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം. പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 4 ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു നീക്കി.
ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുറിച്ച് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നത് ചോദ്യം ചെയ്ത് ബിജെപി വീണ്ടും രംഗത്ത്. ബിജെപി വക്താവ് സുധാൻഷു ത്രിവേദി ആണ് രംഗത്തെത്തിയത്. ഭീകരതയെ അനുകൂലിക്കുന്ന അടവുനയം കോൺഗ്രസ് വോട്ട് ബാങ്കിനായി സ്വീകരിക്കുകയാണെന്ന് സുധാൻഷു ത്രിവേദി പറഞ്ഞു.
ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് യുക്രെയ്ൻ സന്ദർശിക്കുന്നതിനിടയിൽ തലസ്ഥാനമായ കീവിലെ പ്രധാന പാലത്തിന് നേരെ ആക്രമണം നടത്തി റഷ്യ. യുക്രെയ്ന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി മുൻകൂട്ടി അറിയിക്കാതെ നടത്തിയ സന്ദർശനത്തിനായി മെർസ് കിവിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണമുണ്ടായത്.
അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജിവെച്ചു. മരുന്ന് കുത്തിവെക്കുന്നതിലെ പിഴവുമൂലം വധശിക്ഷ പരാജയപ്പെടുകയും അവർ ബോധരഹിതയായി ആശുപത്രിയിൽ വെന്റിലേറ്ററിലാവുകയും ചെയ്തു.
