20250930 141121 0000

കേരളത്തിലെ ജയിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

 

രാഹുൽ ഗാന്ധിക്കെതിരെ ചാനൽ ചര്‍ച്ചക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇത്രയും ഗൗരവമായ സംഭവം ഉണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്കരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ. രാഹുൽ ഗാന്ധിയെ ജീവൻ നൽകിയും സംരക്ഷിക്കുമെന്നും കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്‍റു മഹാദേവനെ തിരഞ്ഞ് പൊലീസ്. പ്രിന്‍റുവിനെ തിരഞ്ഞ് ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നതിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.

 

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ വിമർശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്മെന്‍റുകൾ എതിരാണെന്ന പ്രസ്താവന മന്ത്രി പിൻവലിക്കണമെന്നും ഭിന്നശേഷിക്കാരെ നിയമിക്കാൻ തയ്യാറാണെന്നും അവരെ സർക്കാർ കണ്ടെത്തി തരാത്തതാണ് പ്രതിസന്ധിയെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി.

 

തൃശ്ശൂരിലെ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി പരിഹസിച്ചു. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് അത് മാറ്റാൻ കഴിയില്ലെന്നും ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

 

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്‍റെ പ്രതികരണം.

 

മോട്ടോർ വാഹനവകുപ്പിൻെറ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ച ആരോപിച്ച് അസി. മോട്ടോർ വാഹന കമ്മീഷണർ വി.ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലെ പരിപാടി റദ്ദാക്കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വേദി വിട്ടത്. അതേ സമയം മന്ത്രിക്കെതിരെ ഉദ്യോഗസ്ഥരുടെ വാട് ആപ്പ് ഗ്രൂപ്പുകളിൽ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്.

 

അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം പ്രകടിപ്പിച്ചത് . നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പറഞ്ഞു

 

ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വരുന്ന അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളിൽ വിജിലന്‍സ് ക്ലിയറന്‍സ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതെന്നാണ് സിഎടി യുടെ നിര്‍ദേശം. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

 

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കെ എസ് ശബരീനാഥന്‍. തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയില്‍ ഓരോ വോട്ടർക്കും ഓരോ 9 അക്ക നമ്പർ ഏർപ്പെടുത്തിയിരിക്കുന്നെന്നും ഇത്രയും വലിയ ഒരു നയ തീരുമാനത്തിൽ രാഷ്ട്രീയ പാർട്ടികളോട് അഭിപ്രായം തേടിയിട്ടില്ലെന്നും ശബരീനാഥന്‍ പറഞ്ഞു.

 

കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ വിമർശനവുമായി ശശി തരൂർ എംപി. വിഷയത്തിൽ ആശങ്കയറിയിച്ച് എയർ ഇന്ത്യ എംഡി കാമ്പൽ വിൽസണ് കത്തയച്ചു. ഗൾഫ് മേഖലയിലേക്കടക്കം വിമാന സർവീസുകൾ റദ്ദാക്കുന്നത് തൊഴിലാളിൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എം പി കത്തിൽ ചൂണ്ടിക്കാട്ടി.

 

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ അന്വേഷണം ഊർജിതമാക്കാൻ ദേവസ്വം വിജിലൻസ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിന് അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. നാലു കിലോ തൂക്കം ആണ് ശില്പത്തിന് കുറവുണ്ടായത്. സ്വർണ്ണപീഠം കാണാതായതിൽ ഇരുവരെയും പ്രതിയാക്കുന്നതിൽ തീരുമാനം പിന്നീടാകുമെന്നും വിജിലൻസ് വ്യക്തമാക്കി.

 

ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സർക്കാർ നടത്തുന്ന മോഹൻലാൽ സ്വീകരണ ചടങ്ങിന് ‘ലാൽ സലാം, എന്ന പേരു നൽകിയത് ലാലിന് സലാം എന്നാണ് അർത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല എന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

 

ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർക്കെതിരെ വീണ്ടും ഫ്ലക്സ്ബോർഡ്. നെയ്യാറ്റിൻകര താലൂക്കിലെ കോട്ടയ്ക്കൽ എൻ എസ് എസ് കരയോഗം ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കമ്യൂണിസ്റ്റ് സർക്കാരിന് മുന്നിൽ സ്വർത്ഥ ലാഭത്തിന് വേണ്ടി സമുദായത്തെ സുകുമാരൻ നായർ അടിയറവെച്ചുവെന്നാണ് പോസ്റ്ററിൽ പറയുന്നത്.

 

എട്ട് മാസം മാത്രം ശേഷിക്കെ വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരുക്കങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം വിലയിരുത്തി. ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ശ്രമങ്ങൾ മന്ത്രാലയത്തിന് കീഴിൽ തുടരുകയാണ്. തീർഥാടകരുടെ ഗതാഗത അനുഭവത്തിന്റെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘സൗദി ബസുകൾ’ സംരംഭം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളുമായും 50 ലധികം മീറ്റിങുകൾ നടത്തിയതിനു പുറമേ ഹജ്ജ് അഫയേഴ്‌സ് ഓഫീസുകൾ വഴി 60 ലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ഏകോപനം നടത്തിയതായി മന്ത്രാലയം വിശദീകരിച്ചു.

 

തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമയെ തോട്ടിൽ നിന്ന് കണ്ടെത്തി. ഉള്ളൂരിലെ തോട്ടിലാണ് ഗുരുദേവന്‍റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ രംഗത്തെത്തി.

 

നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ടിനെതിരെ നടപടിയെടുത്ത് അധികൃതര്‍. ബേപ്പൂര്‍ മുണ്ടിന്‍കാവ് പറമ്പ് ബിസ്മില്ല ഹൗസില്‍ കെപി റിയാസിന്റെ ഉടമസ്ഥതയിലുള്ള ഷാ അലി എന്ന ബോട്ടാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. നിയമവിരുദ്ധമായി ഇരട്ട വല ഉപയോഗിച്ചാണ് ഈ ബോട്ടിലുണ്ടായിരുന്നവര്‍ മത്സ്യബന്ധനം നടത്തിയത്.

 

മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തു എന്ന പേരില്‍ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം താമസിക്കുന്ന താഴത്ത് വെള്ളൂര്‍ രൂപേഷിനെയാണ് ജീവപര്യന്തം കഠിന തടവിനും പിഴയൊടുക്കാനും വിധിച്ചത്. കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി.

 

കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനർ പി.വി. ജെയിനെ (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യ പിന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പൊലീസ്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

 

കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറിയായ വി.അയ്യപ്പൻ (50) ജീവനൊടുക്കി. ആത്മഹത്യാകുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു.

 

കരൂരിൽ ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധിപ്പേർ മരിച്ചതിന് പിന്നാലെ വിവാദ പോസ്റ്റുമായി ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന. പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങളുമായാണ് ആധവ് അർജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്‌. യുവജന വിപ്ലവത്തിന് സമയം ആയെന്ന് ആധവ് കുറിപ്പിൽ പറയുന്നു. എന്നാൽ ആധവ് അർജുന നടത്തിയത് കലാപാഹ്വാനം എന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചത്.

 

വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കനിമൊഴി എംപി. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന് എന്നും ചോദിച്ചു. കൂടാതെ വിജയ്ക്ക് മനസാക്ഷിയില്ല.സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നു. വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു എന്നും കനിമൊഴി പറഞ്ഞു.

 

കരൂരിലുണ്ടായത് വിജയ് അറിഞ്ഞുകൊണ്ട് വരുത്തിവെച്ച ദുരന്തമായിരുന്നുവെന്ന ആരോപണവുമായി ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ് ഭാരതി. വിജയിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും ആളെക്കൂട്ടാൻ മനപ്പൂർവ്വം ഏഴുമണിക്കൂർ വൈകിയെത്തുകയായിരുന്നുവെന്നും ആർ.എസ് ഭാരതി ആരോപിച്ചു.

 

അഫ്‍ഗാനിൽ സമ്പൂർണ ഇന്‍റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ശരിയ നിയമ പ്രകാരം ഇന്‍റര്‍നെറ്റ് അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ സര്‍ക്കാരിന്‍റെ നടപടി. തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പകരം ആശയ വിനിമയ സംവിധാനം ഏത് രീതിയിലായിരിക്കുമെന്നോ നിരോധനം എത്രനാള്‍ തുടരുമെന്നോ താലിബാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽവേ ലൈനുകൾ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 69 കിലോമീറ്ററും 20 കിലോമീറ്ററും നീളമുള്ള രണ്ട് റെയിൽവേ ലൈനുകൾ അസമിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് ഭൂട്ടാനിലേക്ക് നിർമിക്കുന്നത്. അസമിലെ കൊക്രജാറിൽ നിന്നും ഭൂട്ടാനിലെ ഗെലെഫുവിലേക്കും 69 കിലോമീറ്റർ നീളമുള്ള റെയിൽവെ ലൈനാണ് നിർമിക്കുന്നത്.

 

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ രാജ്യമൊട്ടാകെ വിജയം ആഘോഷിക്കുമ്പോൾ, കോൺഗ്രസ് നേതൃത്വം തുടരുന്ന മൗനം ആർക്കുവേണ്ടിയാണെന്ന ചോദ്യവുമായി ബിജെപി. ഇന്ത്യയുടെ വിജയത്തിൽ ഒരു ആശംസ പോലും അറിയിക്കാൻ കഴിയാത്തത് അശ്രദ്ധയോ കൈപ്പിഴയോ അല്ല, മറിച്ച് ഉറച്ച ബോധ്യത്തോടെയുള്ള നിലപാടാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം യൂട്യൂബ് നിരോധിച്ചത്. ട്രംപിന് 24.5 മില്യൺ ഡോളർ നൽകിക്കൊണ്ടാണ് യൂട്യൂബ് കേസ് അവസാനിപ്പിക്കുന്നത്.

 

ഛത്തീസ്‌ ഗഡ്‌ പശ്ചാത്തലത്തിലൊരുക്കിയ ജാനകി ആൻഡ് രഘുറാം എന്ന ചിത്രത്തിന് സെൻസർ ബോർഡ് എതിർപ്പ് അറിയിച്ചു. ഹർജിയിൽ ഒക്ടോബർ 6നകം മറുപടി നൽകാൻ ഡിവിഷൻ ബെഞ്ച് സിബിഎഫ്‌സിയോട് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ തലക്കെട്ടിൽ ജാനകി എന്ന പേരാണ് എതിർപ്പിന് കാരണമായത്. എന്നാൽ, ബോംബൈ ഹൈക്കോടതിയിൽ നിർമാതാക്കൾ നൽകിയ ഹർജിയിൽ സെൻസർ ബോർഡിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെയാണ് കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായാണ് കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി തീരുമാനത്തേക്കുറിച്ച് പ്രതികരിച്ചത്. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് പൊതുസുരക്ഷാ മന്ത്രി പറഞ്ഞു.

 

ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ആക്രമണത്തെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. 1968 ലാണ് ഫ്രഡ ബ്രില്യൻ്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്.

 

വിദ്യാർത്ഥികളടക്കം നൽകിയ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഫോണിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ആശ്രമത്തിലെ വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള യുവതികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത്. 17 പെൺകുട്ടികൾ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. അതേസമയം ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകളും പൊലീസ് കസ്റ്റഡിയിലായി.

 

മുംബൈ-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. രാവിലെ എട്ട് മണിക്ക് എയർ ഇന്ത്യയുടെ 6 ഇ 762 വിമാനം ദില്ലിയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഉടൻ വിമാനത്തിലെ ക്രൂവിനെ അറിയിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. പൈലറ്റും എയർഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

 

ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ട നാല് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിലായി താമസിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ് പിടിയിലായത്. അക്‌മൽ, സഫീൽ, മൊഹമ്മദ് തൗസീഫ്, കാസിം എന്നിങ്ങനെയാണ് പിടിയിലായ നാല് പേരുടെയും പേരുകൾ. ഇവർ പാക് ഭീകര സംഘടനകളാൽ സ്വാധീനിക്കപ്പെട്ടവരാണെന്ന് ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേന പറയുന്നു.

 

മ്യാന്മറിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം.

 

ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് ഒരാൾ കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 65 പേർക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുന്നു. പന്ത്രണ്ടിലേറെ പേരെ പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. 12 മണിക്കൂറിലേറെയായി കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയവർക്ക് ഓക്സിജൻ അടക്കമുള്ളവ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കിഴക്കൻ ജാവയിലെ സിഡോയാർജോയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടമാണ് തകർന്നത്

 

ഇന്ത്യാ – പാക് അതിർത്തി മേഖലകളിൽ പാക്കിസ്ഥാൻ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായത്തോടെയാണ് പാകിസ്താന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എങ്കിലും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായ എല്ലാ വെല്ലുവിളികളും പരാജയപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *